കണ്ണൂർ: സൈബർ പോരാളിയും സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചു വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എടയന്നൂർ ഷുഹൈബ് വധ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കാനാണ് മട്ടന്നൂർ പൊലീസ് തലശേരി സി.ജെ.എം കോടതിയിൽ പബ്‌ളിക് പ്രൊസിക്യൂട്ടർ അഡ്വ.കെ.അജിത്ത് കുമാർ മുഖേന ഹർജി നൽകിയത് '. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.

സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ആകാശ് തില്ലങ്കേരിയെ നിയമപരമായി പൂട്ടാനുള്ള അണിയറ നീക്കങ്ങളാണ് സിപിഎം നടത്തുന്നത്. നേരത്തെ കാപ്പ ചുമത്തുന്നതിനും നീക്കം നടത്തിയിരുന്നു. മട്ടന്നൂർ, മുഴക്കുന്ന് പൊലിസ് സ്റ്റേഷനുകളിൽ ആകാശ് തില്ലങ്കേരിക്കെതിരെ രണ്ടു കേസുകൾ സോഷ്യൽ മീഡിയയിലുടെ അപമാനിച്ചതിന് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ നൽകിയിരുന്നു. ഇതിൽ ഒരു കേസിൽ ജാമ്യം നേടിയിട്ടുണ്ട്.

കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധ കേസിൽ മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി . ഈ കേസിൽ ആകെ 17 പ്രതികളാണുള്ളത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ രണ്ടുപേരെ സിപിഎം നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് കഴിഞ്ഞ ദിവസം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

അതേസമയം, കണ്ണൂർ സിപിഎമ്മിനെ ശരിക്കും വെള്ളം കുടിപ്പിക്കുകയാണ് ആകാശ് തില്ലങ്കേരിയും കൂട്ടരും. പാർട്ടിക്ക് വേണ്ടി നടത്തിയ രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലാണ് ആകാശ് തില്ലങ്കേരി പാർട്ടിയെ ശരിക്കും ഇപ്പോൾ വരുതിയിൽ നിർത്തുന്നത്. മാപ്പുസാക്ഷിയാകാൻ ആകാശ് തുനിഞ്ഞിറങ്ങിയാൽ സംസ്ഥാന രാഷ്ട്രീയത്തിലെ പലരും വെട്ടിലാകും. ഇത് മുന്നിൽ കണ്ടാണ് ആകാശ് വിലപേശൽ തുടരുന്നതും.

അതേസമയം പാർട്ടിയിൽ നിന്നു തന്നെ തങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമം ഉണ്ടാകുമോ എന്ന ഭയവും ആകാശിനും കൂട്ടർക്കുമുണ്ട്. ഇതേക്കുറിച്ചാണ് ഇന്നലെ ജിജോ തില്ലങ്കേരി ഫേസ്‌ബുക്കിൽ എഴുതിയതും. തങ്ങളിൽ ആരെയെങ്കിലും വധിച്ച് അത് ആർഎസ്എസിന് മേൽ കെട്ടിവെക്കുമോ എന്ന ഭയം തങ്ങളിൽ ഉണ്ടെന്ന് സൂചിപ്പിക്കുന്ന വിധത്തിലായിരുന്നു ഇന്നലെ ഇട്ട ശേഷം പിൻവലിച്ച ഫേസ്‌ബുക്ക് പോസ്റ്റ്. ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ പറയുന്നത്. 20 മിനിറ്റിനുശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പിന്നീട് വീണ്ടും കുറിപ്പ് ഇടുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ തുടരുന്ന വെല്ലുവിളി വീണ്ടും തുടരുകയാണ് ആകാശ് തില്ലങ്കേരിയും കൂട്ടരുമെന്നാണ് ഇതു നൽകുന്ന സൂചന. ദ്വയാർഥത്തോടെയാണ് ജിജോ തില്ലങ്കേരി ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്