- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് ക്രൈംബ്രാഞ്ച്; എകെജി സെന്റർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി സൂചനയെന്ന് മീഡിയാ വൺ റിപ്പോർട്ട്; ബോംബ് എറിഞ്ഞ പ്രതി വിദേശത്ത് കടന്നെന്ന് റിപ്പോർട്ട്; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലെ യാത്രികൻ ഗൂഢാലോചനക്കാരൻ; എകെജി സെന്ററിൽ വെളിച്ചം വീണോ?
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി സൂചനയെന്ന് റിപ്പോർട്ട്. പ്രതി വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. മീഡിയാ വണ്ണാണ് ഈ വാർത്ത പുറത്തു വിട്ടത്. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നുവെന്ന് മീഡിയാ വൺ വിശദീകരിക്കുന്നു.
ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനം ഉയർന്നിരുന്നു. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഇനി കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത് എന്ന്ി മീഡിയാ വൺ വിശദീകരിക്കുന്നു.
ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. എന്നാൽ ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.
കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വാഹനം നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് സ്ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു. ദുരൂഹമായി തുടരുന്ന എ.കെ.ജി സെന്റർ ആക്രമണക്കേസിൽ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലും സംശയനിഴലിലായിരുന്ന ഇയാൾക്കെതിരെ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇയാൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചത്.
ഇക്കഴിഞ്ഞ ജൂൺ 30നായിരുന്നു പൊലീസ് കാവലുണ്ടായിരുന്ന എ.കെ.ജി സെന്ററിന് നേരെ സ്‌കൂട്ടറിൽ ഹെൽമറ്റും മാസ്‌കും ധരിച്ചെത്തിയ അക്രമി പടക്കമെറിഞ്ഞത്. സംഭവത്തിൽ ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയിലേക്ക് എത്താത്തത് രാഷ്ട്രീയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.ആക്രമണത്തിന് പിന്നിൽ സിപിഎം ആയതിനാലാണ് പ്രതികളെ പിടികൂടാത്തതെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ സമയത്ത് അതുവഴി സ്‌കൂട്ടറിൽ സഞ്ചരിച്ച തട്ടുകടക്കാരനും സിപിഎം പ്രാദേശിക നേതാവുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം.
രാജാജി നഗർ സ്വദേശിയായ തട്ടുകടക്കാരനെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നഗരസഭാ കൗൺസിലറായിരുന്ന സിപിഎം യുവനേതാവ് ഇടപെട്ടാണ് ഇയാളെ വിട്ടയച്ചതെന്ന ആരോപണങ്ങളും പ്രതിപക്ഷം ഉയർത്തി.തട്ടുകടയിലേക്ക് വെള്ളം എടുക്കാൻ എത്തിയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും പ്രതിയല്ലെന്ന് കണ്ടെത്തിയതോടെ കേസ് വീണ്ടും വഴിത്തിരിവിലായി. ഇപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച് പറയുകയാണ്.
മറുനാടന് മലയാളി ബ്യൂറോ