- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന ഡിയോ സ്‌കൂട്ടർ രാത്രി ഗൗരീശപട്ടത്ത് ജിതിന് എത്തിച്ചുനൽകിയതും തിരികെ കൊണ്ടുപോയതും നവ്യ; സ്‌കൂട്ടർ ഉടമ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ഡ്രൈവറും; തെളിവായി സിസി ടിവി ദൃശ്യങ്ങൾ; എ കെ ജി സെന്റർ ആക്രമണക്കേസിൽ നവ്യയും സുഹൈലും പ്രതികൾ; ഇരുവരും ഒളിവിൽ
തിരുവനന്തപുരം: എകെജി സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞ കേസിൽ, രണ്ടുപേരെ കൂടി പൊലീസ് പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ടി നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. ഗൂഢാലോചനക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുപേരും ഒളിവിലാണ്. കേസിൽ, മുഖ്യപ്രതി ജിതിനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
സംഭവ ദിവസം ചുവന്ന ഡിയോ സ്‌കൂട്ടർ രാത്രി പത്തരയോടെ ഗൗരീശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവുമായ നവ്യയാണ്. സുഹൃത്തായ നവ്യ എത്തിച്ച സ്‌കൂട്ടറോടിച്ച് എകെജി സെന്ററിൽ സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിൻ ഗൗരീശപട്ടത്ത് മടങ്ങിയെത്തി. തുടർന്ന് നവ്യക്ക് സ്‌കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറിലാണ് ജിതിൻ പിന്നീട് യാത്ര ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഡിയോ സ്‌കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവർ സുധീഷിന്റെ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
രാത്രിയിൽ ജിതിന്റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്‌കൂട്ടറും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിൽ പ്രധാന തുമ്പായിരുന്നു. ചോദ്യം ചെയ്യലിൽ ജിതിന് സ്‌കൂട്ടറെത്തിച്ച കാര്യം നവ്യ സമ്മതിക്കുകയും ചെയ്തിരുന്നു. ജിതിനെ കസ്റ്റഡിലെടുത്തിന് പിന്നാലെ സുഹൈൽ ഷാജഹാനും നവ്യയും ഒളിവിൽ പോവുകയായിരുന്നു. ഇവർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. കഴക്കൂട്ടത്ത് നിന്നാണ് ക്രൈംബ്രാഞ്ച് സ്‌കൂട്ടർ കണ്ടെത്തിയത്. സുഹൈൽ ഷാജഹാൻ വിദേശത്തേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. സ്‌കൂട്ടർ ഉടമ സുധീഷ് വിദേശത്തേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു.
മുഖ്യപ്രതിയായ ജിതിൻ സ്ഫോടക വസ്തു എറിയാനെത്തിയ സ്‌കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടേതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒളിവിലായ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.സംഭവ സമയം ജിതിൻ ധരിച്ചിരുന്ന ഷൂസും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടീ ഷർട്ട് ജിതിൻ നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിൻ. ഏറെ വിവാദമായ കേസിൽ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത്.ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പൊലീസ് പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച് ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും കേസിൽ യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ചുവന്ന ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു ആകെ കിട്ടിയത്. തുടർന്നാണ് സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ