- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐടിയു ഓഫീസ് തട്ടിപ്പിൽ കേസെടുത്തത് കഴിഞ്ഞ വർഷം; അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി; നിയമനത്തട്ടിപ്പ് വിവാദം വന്നതിന് പിന്നാലെ ജോലി തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തു; അഖിൽ സജീവിനെ പത്തനംതിട്ട പൊലീസ് പിടികൂടിയത് ഔദാര്യമല്ല
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഓഫീസിനെ കോഴ ആരോപണത്തിന്റെ നിഴലിൽ നിർത്തി നിയമന വിവാദത്തിന് കളമൊരുക്കിയ വള്ളിക്കോട്ടുകാരൻ അഖിൽ സജീവിനെ പൊലീസ് ഒടുവിൽ അറസ്റ്റ് ചെയ്തത് ഗത്യന്തരമില്ലാതെ.
സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ അവിടെ നടത്തിയ രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് നൽകിയ പരാതിയിൽ കഴിഞ്ഞ വർഷം 986/2022 നമ്പരായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഇയാളെ പിടികൂടാൻ പൊലീസ് ചെറുവിരൽ അനക്കിയില്ല. ആരോഗ്യമന്ത്രിയുടെ ഓഫീസിനെ കോഴ വിവാദത്തിലേക്ക് വലിച്ചിഴച്ച് കഴിഞ്ഞപ്പോൾ കേസിന് ജീവൻ വച്ചു. തൊട്ടുപിന്നാലെ മറ്റൊരു കേസ് കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തു. സ്പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷം പറ്റിച്ചുവെന്ന ഓമല്ലൂർ സ്വദേശിയുടെ പരാതിയിലാണ് തിരക്കിട്ട് കേസ് രജിസ്റ്റർ ചെയ്തത്.
സിഐടിയു ഓഫീസിൽ നിന്ന് 3.60 ലക്ഷം രൂപ കള്ളയൊപ്പിട്ട് തട്ടിയെന്നായിരുന്നു അഖിലിനെതിരായ കേസ്. കഴിഞ്ഞ ഏപ്രിലിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ സെക്രട്ടറി, ഖജാൻജി എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സിഐടിയു. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ അജയകുമാറാണ് പൊലീസിൽ പരാതി നൽകിയത്.
സെക്രട്ടറി പി.ജെ അജയകുമാർ, ഖജാൻജി ആർ. സനൽകുമാർ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖിൽ പിൻവലിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ എൽപ്പിച്ച 1,40,000 രൂപയും അഖിൽ തട്ടിയെടുത്തിരുന്നു. പണമിടപാട് നടത്തിയിരുന്ന ചിലർക്ക് പ്രതി അക്കൗണ്ടിന്റെ ചെക്ക് വ്യാജ ഒപ്പിട്ട് നൽകി. ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങിയതോടെ ആളുകൾ പരാതിയുമായി എത്തി. വിവരമറിഞ്ഞ നേതാക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാതിരുന്നത് സിപിഎം നേതാക്കളുടെ ഇടപെടൽ മൂലമായിരുന്നുവെന്ന് പറയുന്നു. പരാതിക്കാർ പാർട്ടിക്കാർ തന്നെ ആയതിനാൽ അവരുടെ താൽപര്യത്തിന് വിരുദ്ധമായി അറസ്റ്റ് ചെയ്യാൻ പൊലീസും മെനക്കെട്ടില്ല. പ്രതി ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അതേ സമയം അഖിൽ നാട്ടിലിറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇയാൾ എവിടെയാണെന്നും പൊലീസിന് അറിയാമായിരുന്നു. പാർട്ടിയുടെ നിർദ്ദേശം കിട്ടാതിരുന്നതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ അവരും മെനക്കെട്ടില്ല. ആരോഗ്യമന്ത്രിയും ഓഫീസും ചെയ്യാത്ത തെറ്റിന് പ്രതിക്കൂട്ടിലായപ്പോഴാണ് പൊലീസ് ഉണർന്നത്.
ഡിവൈ.എസ്‌പി എസ്. നന്ദകുമാറും സംഘവും നേരിട്ടാണ് അഖിലിനെ പിടിക്കാൻ ഇറങ്ങിയത്. തേനിക്ക് സമീപമുള്ള ഒളിസങ്കേതത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. കൈവശമുള്ള രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ഇന്റർനെറ്റ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സജീവമായതാണ് ഇയാളെ കുറിച്ച് എളുപ്പം സൂചന കിട്ടുന്നതിന് സഹായിച്ചത്. നിലവിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി വി. അജിത്ത് നേരിട്ട് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
കോടതി റിമാൻഡ് ചെയ്താൽ മറ്റ് കേസുകളിൽ പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കി അഖിൽ സജീവിനെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിൽ വാങ്ങുന്നതിനുമാണ് നീക്കം നടക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്