- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്നപ്പോൾ നേതാക്കളുടെ കള്ളയൊപ്പിട്ട് തട്ടിയത് 3.60 ലക്ഷം! കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല; സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ചതും നിരവധി പരാതികൾ; മന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തിയ അഖിൽ സജീവ് ചെറിയ മീനല്ല
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വള്ളിക്കോട്ടുകാരൻ അഖിൽ സജീവ് ചില്ലറക്കാരനല്ല. സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ അവിടെ നിന്ന് നേതാക്കളുടെ കള്ളയൊപ്പിട്ട് ലക്ഷങ്ങൾ തട്ടി. മറ്റ് നിരവധി സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇയാളെ കുറിച്ച് നിരവധി പരാതികൾ ചെന്നിരുന്നു.
സിഐടിയു. ജില്ലാ കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന വള്ളിക്കോട് സ്വദേശി അഖിൽ സജീവിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കേസ് എടുത്തതെങ്കിലും അറസ്റ്റുണ്ടായില്ല. ഇയാൾ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ്
പൊലീസ് പറയുന്നു.
ജില്ലാ സെക്രട്ടറി, ഖജാൻജി എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സിഐടിയു. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ അജയകുമാറാണ് പൊലീസിൽ പരാതി നൽകിയത്. സെക്രട്ടറി പി.ജെ അജയകുമാർ, ഖജാൻജി ആർ. സനൽകുമാർ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖിൽ പിൻവലിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ എൽപ്പിച്ച 1,40,000 രൂപയും അഖിൽ തട്ടിയെടുത്തിരുന്നു.
പണമിടപാട് നടത്തിയിരുന്ന ചിലർക്ക് പ്രതി അക്കൗണ്ടിന്റെ ചെക്ക് വ്യാജ ഒപ്പിട്ട് നൽകി. ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങിയതോടെ ആളുകൾ പരാതിയുമായി എത്തി. വിവരമറിഞ്ഞ നേതാക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഇയാളുടെ തട്ടിപ്പിൽ ചില സിപിഎം, സിപിഐ, ബിജെപി നേതാക്കൾക്കും പങ്കുണ്ടെന്നാണ് വിവരം. ഇക്കാര്യം ഇയാൾ തന്നെ പലരോടും പറഞ്ഞിട്ടുണ്ട്. മന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന വാർത്ത പുറത്തു വന്നതോടെ ഇവരിൽ ചിലർക്ക് അങ്കലാപ്പായിട്ടുണ്ട്.
അതേസമയം മന്ത്രിയുടെ ഓഫീസിനെ മറയാക്കി തട്ടിപ്പു നടത്തിയെന്ന പരാതി പുറത്തുവന്നതോടെ രണ്ടുവർഷം മുൻപ് സിഐടിയുവിൽ നിന്ന് പുറത്താക്കിയതാണെന്നും ജില്ലാ സെക്രട്ടറി പിബി ഹർഷകുമാർ പറഞ്ഞു. ടൈറ്റാനിയത്തിലും ടൂറിസം വകുപ്പിലും ജോലിവാങ്ങി നൽകാമെന്ന് പറഞ്ഞ് അഖിൽ തട്ടിപ്പ് നടത്തിയതായും അദ്ദേഹം പറഞ്ഞു. ഡോക്ടർ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായും ഒന്നേമൂക്കാൽ ലക്ഷം രൂപ നൽകിയതായും പരാതി ഉയർന്നിരുന്നു. ഇതിന്റെ ഇടനിലക്കാരൻ അഖിൽ സജീവാണെന്ന വാർത്ത വന്നതിന് പിന്നാലെയാണ് സിഐടിയു നേതാവിന്റെ പ്രതികരണം
രണ്ടരവർഷം മുൻപ് സിഐടിയുവിന്റെ എല്ലാ ചുമതലയിൽ നിന്നും അദ്ദേഹത്തെ മാറ്റിയതാണ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ വ്യാജ സീലും ഒപ്പും ഉണ്ടാക്കി തൊഴിലാളികളുടെ ലെവി തട്ടിപ്പ് നടത്തിയതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു. അന്ന് തൊഴിലാളികളുടെ ബോണസ് വിഹിതം ഉൾപ്പടെ മൂന്ന് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിന്നീട് അതിൽ നിന്ന് ഏറെ തുക അയാളിൽ നിന്ന് തിരിച്ചുപിടിച്ചു.
ടൂറിസം ഡിപ്പാർ്ട്ടുമെന്റിലും ട്രാവൻകൂർ ടൈറ്റാനിയത്തിലും ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അതിൽ അടിസ്ഥാനമില്ലെന്നായിരുന്നു അയാളുടെ മറുപടി. പിന്നീട് അയാൾക്കെതിരെ പരാതി രേഖാമൂലം കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ പണം വാങ്ങിയതായി കണ്ടെത്തി. ഇയാളുടെ സാമ്പത്തികതട്ടിപ്പിനെതിരെ പാർട്ടി ക്രിമിനൽ കേസ് കൊടുത്തിട്ടുണ്ട്. അഖിൽ മാത്യുവിനെ കുറിച്ച് അത്തരമൊരു ആക്ഷേപം ഇതുവരെ കേട്ടിട്ടില്ല. അങ്ങനെ കേൾക്കാൻ സാധ്യതയുള്ള ആളുമല്ലെന്നാണ് തങ്ങളുടെ വിശ്വാസം. ആരോപണം പരിശോധിക്കുമെന്നും ഹർഷകുമാർ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യുവിനെയും ആരോപണ നിഴലിൽ നിർത്തുന്നതാണ് ഇപ്പോഴത്തെ വിവാദങ്ങൾ. എൻഎച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേ മൂക്കാൽ ലക്ഷം രൂപ നൽകിയതായും പരാതിക്കാരൻ പറഞ്ഞു. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്.
ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും ഇയാൾ സിഐടിയു മുൻ ഓഫീസ് സെക്രട്ടറിയാണെന്നും പരാതിയിൽ പറയുന്നു. അതേസമയം, അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ ഓഫിസ് നൽകിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. കന്റോൺമെന്റ് പൊലീസ് അന്വേഷണം നടത്തും.
സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നുള്ളതുൾപ്പടെ അന്വേഷിക്കുമെന്ന് വീണാ ജോർജ് പറഞ്ഞു. 'ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാൽ ഒരാൾ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോൾ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പഴ്സനൽ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു. തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ അയാൾ വിശദീകരിക്കുകയുണ്ടായി.തുടർന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പൊലീസിനു കൈമാറി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്