തിരുവനന്തപുരം:ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവനന്തപുരം നഗരമധ്യത്തില്‍ പതിനെട്ടുകാരന്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയതെനന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രദേശത്തേക്ക് ഗുണ്ടകളെ കൊണ്ടുവന്നത് 16 കാരന്റെ ഇടപെടലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം അരിസ്റ്റോ ജങ്ഷനില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെട്ട അലന്റെ മരണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. സ്‌കൂള്‍ കുട്ടികളുടെ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവര്‍ എത്തിയതാണ് കൊലയില്‍ കലാശിച്ചത്. ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് രാജാജി നഗറിലെ കൗമാരക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ഥിരമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വിഷയത്തിലേക്ക് വീടിനടുത്തുള്ള സംഘത്തെ 16-കാരനാണ് എത്തിച്ചത്.

തര്‍ക്ക പരിഹാരം എന്ന നിലയില്‍ വിളിച്ചത് പ്രകാരമാണ് അലന്‍ തൈക്കാട് എത്തിയത്. തുടര്‍ന്ന് വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. അലനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയശേഷമാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അലന്‍ മരണമടയുകയും ചെയ്തു. ആയുധം വാരിയെല്ലുകള്‍ക്കിടയിലൂടെ ഹൃദയത്തിലേക്കു തറച്ചിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ജഗതി സ്വദേശി ജോബി(20)യാണ് അലനെ ആക്രമിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സംഭവത്തിന് ശേഷം ഒളിവില്‍പ്പോയിരിക്കുയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിലെ ആറും ഏഴും പ്രതികളായ ജഗതി സ്വദേശി സന്ദീപ് (27), കുന്നുകുഴി തേക്കുംമൂട് തോട്ടുവരമ്പുവീട്ടില്‍ അഖിലേഷ് (20) എന്നിവരെ റിമാന്‍ഡ് ചെയ്തു. കേസില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ബുധനാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമായ അജിനും ജഗതി സ്വദേശികളായ നന്ദു, അഭിജിത്ത് എന്നിവരുമടക്കം 4 പേരാണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്. ഒരു മാസം മുന്‍പ് 2 പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോള്‍ മത്സരത്തിലുണ്ടായ തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. തൈക്കാട് മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു രാജാജി നഗര്‍, ജഗതി ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം. തര്‍ക്കത്തെത്തുടര്‍ന്ന് പല ദിവസങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു.