- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് 21 മാസം; കർണാടകയിലും തമിഴ്നാട്ടിലും തിരച്ചിൽ നടത്തുമ്പോൾ സെസി സേവ്യർ തങ്ങിയത് ഇൻഡോറിലും ഡൽഹിയിലുമായി; നേപ്പാളിലും ഒളിവിൽ കഴിഞ്ഞു? 'പിടികിട്ടാപ്പുള്ളിയായ' വ്യാജ അഭിഭാഷക ഒടുവിൽ കീഴടങ്ങിയതും നാടകീയമായി
ആലപ്പുഴ: ഒന്നര വർഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ വ്യാജ അഭിഭാഷക സെസി സേവ്യർ ഏറെ നാടകീയമായാണ് ആലപ്പുഴ കോടതിയിലെത്തി കീഴടങ്ങിയത്. ഹൈക്കോടതി കീഴടങ്ങാൻ നിർദേശിച്ചിട്ടും ഇതിന് തയ്യാറാകാതെ ഒളിവിൽപോയ സെസി സേവ്യറിനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കി. എന്നാൽ കഴിഞ്ഞ 21 മാസമായി പൊലീസിന് പിടികൊടുക്കാതിരുന്ന കുട്ടനാട് രാമങ്കരി നീണ്ടിശ്ശേരി വീട്ടിൽ സെസി സേവ്യർ(29) ചൊവ്വാഴ്ച ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.
സെസി സേവ്യർ നേപ്പാളിൽ അടക്കം ഒളിവിൽകഴിഞ്ഞിരുന്നുവെന്നാണ് ലഭ്യമായ വിവരം. 21 മാസമാണ് സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് ഒരാഴ്ച മുമ്പാണ്. സെസിയെ പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇവർ കീഴടങ്ങിയത്. അഭിഭാഷകക്കായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. നേരത്തെ ഇൻഡോറിലെയും ഡൽഹിയിലേയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്താണ് ഇവർ ഒളിവിൽ കഴിഞ്ഞത്. ഇവരുടെ ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു.
പൊലീസിനെ വെട്ടിച്ച് വ്യാജ അഭിഭാഷക ഒളിവിൽ കഴിഞ്ഞത് നേപ്പാളിലാണെന്ന് രീതിയിൽ വിവരം പുറത്തുവന്നിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഹൈക്കോടതി കീഴടങ്ങാൻ നിർദേശിച്ചിട്ടും ഇതിന് തയ്യാറാകാതെ ഒളിവിൽപോയ സെസി സേവ്യറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം നടത്തി നീതിന്യായ വ്യവസ്ഥയെ വഞ്ചിച്ചതിന് 2021 ജുലായ് 15-നാണ് സെസി സേവ്യർക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യോഗ്യതയില്ലാതെ രണ്ടര വർഷത്തോളമാണ് ഇവർ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത്. ഇതിന് മറ്റൊരു അഭിഭാഷകയുടെ ബാർ കൗൺസിൽ റോൾ നമ്പരും നൽകി.
ആലപ്പുഴ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് അസോസിയേഷൻ ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ഇവരുടെ യോഗ്യത സംബന്ധിച്ച സംശയം ഉയർന്നത്. സെസിക്ക് മതിയായ യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാർ അസോസിയേഷന് ഒരു കത്ത് ലഭിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് നിയമബിരുദമില്ലെന്ന് കണ്ടെത്തിയത്.
ഇതിനിടെ യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാനും അസോസിയേഷൻ സെസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യോഗ്യത സംബന്ധിച്ച രേഖകളൊന്നും സമർപ്പിക്കാതിരുന്നതോടെ ബാർ അസോസിയേഷൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സെസി ഒളിവിൽ പോയി. പിന്നീട് ആലപ്പുഴ സിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മുങ്ങുകയായിരുന്നു.
പരീക്ഷ ജയിക്കാതെയും എന്റോൾ ചെയ്യാതെയും കോടതിയെയും സഹ അഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വർഷമായി സെസി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി.
2011-ലെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയെ തുടർന്നാണ് ആലപ്പുഴ നോർത്ത് പൊലീസ് വഞ്ചനാകേസ് രജിസ്റ്റർ ചെയ്തത്. സെസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാനും കോടതി നിർദേശിച്ചു.
എന്നാൽ സെസി ഒളിവിൽ പോവുകയായിരുന്നു. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. ചൊവ്വാഴ്ച കായംകുളത്തെ അഭിഭാഷകൻ മുഖേനെയാണ് സെസി ആലപ്പുഴ സി.ജെ.എം കോടതിയിൽ ഹാജരായത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ആലപ്പുഴ ബാർ അസോസിയേഷൻ സെക്രട്ടറി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരേയും പ്രതിയായ സെസിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.
കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് സെസിയെ പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിക്കുന്നത്. തെളിവെടുപ്പിനായി കോടതി മുഖാന്തിരം കസ്റ്റഡിയിൽ വാങ്ങിയാൽ മാത്രമേ പ്രതിയിൽനിന്ന് പൊലീസിന് കൂടുതൽവിവരങ്ങൾ അറിയാനാകൂ.