- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ 19-കാരൻ പിടിയിൽ
പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവത്തിൽ 19-കാരൻ പിടിയിൽ. ഞാങ്ങാട്ടിരി സ്വദേശിയായ അലനാണ്(19) അറസ്റ്റിലയാത്. പട്ടാമ്പിയിൽ നിന്നായിരുന്നു ഇയാൾ പിടിയിലായത്. ഇയാളുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അച്ഛനെ കസ്റ്റഡിയിലെടുത്ത പൊലീസ് മകന് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു.
തൃത്താല എസ്‌ഐ. ശശികുമാറിനെയാണ് അലൻ കാറിടിപ്പിച്ച് കൊല്ലാൻശ്രമിച്ചത്. പരിക്കേറ്റ എസ്‌ഐ. ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെ മംഗലം ഭാഗത്തായിരുന്നു സംഭവം. പുഴയുടെ സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് പട്രോളിങ് സംഘം പരിശോധനയ്ക്ക് എത്തിയത്.
കാറിലുണ്ടായിരുന്ന യുവാക്കളോട് കാര്യങ്ങൾ തിരക്കാൻ പോകുന്നതിനിടെ കാർ പെട്ടെന്ന് പിറകിലേക്കെടുത്തു. ഇതോടെ പൊലീസുകാർ ഒഴിഞ്ഞുമാറി. കാർ തടയുന്നതിനായി ശശികുമാറും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കാറിന്റെ മുന്നിലേക്ക് നിന്നു. ഈ സമയത്താണ് 19-കാരൻ എസ്‌ഐ.യെ ഇടിച്ചുവീഴ്‌ത്തി കാറുമായി അതിവേഗം പാഞ്ഞത്. നിലത്തുവീണ എസ്‌ഐ. കാറിനടിയിൽപ്പെട്ടു. കാറോടിച്ച 19-കാരൻ വാഹനം നിർത്താതെ ശരീരത്തിലൂടെ കയറ്റിയിറക്കി കടന്നുകളഞ്ഞെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ അലൻ ഒളിവിൽപോയിരുന്നു. അതിനിടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ മുതൽ അലന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തുടർന്ന് ഉച്ചയോടെയാണ് ഇയാളെ പട്ടാമ്പിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ എസ് ഐയെ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം തിരിച്ചറിഞ്ഞു. ഇതാണ് നിർണ്ണായകമായത്. പ്രതികൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയെന്നും പൊലീസ് അറിയിച്ചു. കാർ നമ്പർ പരിശോധിച്ചപ്പോഴാണ് വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലനാണ് വാഹനം ഓടിച്ചതെന്ന് സ്ഥിരീകരിച്ചത്. അന്വേഷണസംഘം അഭിലാഷിന്റെ വീട്ടിൽ എത്തിയപ്പോൾ അലൻ അവിടെ ഇല്ലായിരുന്നു. വാഹനം വീട്ടിൽ പാർക്ക് ചെയ്തിരുന്നു. വാഹനം വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതിന് ശേഷം സിസിടിവി വിച്ഛേദിച്ചിട്ടുണ്ട്. അലന് ദുരൂഹ ഇടപാടുകളുണ്ടെന്നാണ് വിലയിരുത്തൽ.