മുംബൈ: കേരളത്തില്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയ ജീവനക്കാര്‍ക്കെതിരായ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ.് പ്രതികളെ ഇനിയും ക്രൈംബ്രാഞ്ച് പിടികൂടിയിട്ടില്ല. ഇതിനിടെ സമാനമായ ഒരു തട്ടിപ്പു കേസ് ബോളിവുഡിലും ഉണ്ടായിരിക്കയാണ്. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുന്‍ സഹായി വേദിക പ്രകാശ് ഷെട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിയ ഭട്ടിന്റെ 77 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലായത്.

ആലിയയുടെ നിര്‍മാണക്കമ്പനിയായ എറ്റേണല്‍ സണ്‍സഷൈന്‍ പ്രൊഡക്ഷന്‍സില്‍ നിന്നും ആലിയയുടെ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നുമൊക്കെയാണ് വേദിക പണം തട്ടിയത്. മേയ് 2022 നും ഓഗസ്റ്റ് 2024 നും ഇടയിലുള്ള സമയത്താണ് സാമ്പത്തിക തട്ടിപ്പ് നടന്നെതന്ന് ജൂഹു പൊലീസ് കണ്ടെത്തി. വഞ്ചനാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യ്തത്.

ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാനാണ് തട്ടിപ്പ് കണ്ടെത്തിയതും പൊലീസില്‍ ജനുവരിയില്‍ പരാതിപ്പെട്ടതും. 2021 മുതല്‍ 2024 വരെയാണ് വേദിക ആലിയയുടെ പേഴ്സണല്‍ അസിസ്റ്റന്റായി ജോലി ചെയ്തത്. ആലിയയുടെ സാമ്പത്തിക കാര്യങ്ങളും പണമിടപാടുകളും മറ്റു പരിപാടികള്‍ക്കുള്ള ഷെഡ്യൂളുകളും വേദികയാണ് തയ്യാറാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു.

വ്യാജ ബില്ലുകള്‍ തയ്യാറാക്കിയ വേദിക ആലിയയെ കൊണ്ട് അതില്‍ ഒപ്പിടുവിച്ച് പണംതട്ടിയെന്നാണ് കണ്ടെത്തല്‍. തീര്‍ത്തും പ്രഫഷനലെന്ന് തോന്നിപ്പിക്കുന്ന മാര്‍ഗങ്ങളാണ് ബില്ലുകള്‍ തയ്യാറാക്കാനടക്കം വേദിക സ്വീകരിച്ചത്.

ആലിയ ഒപ്പിട്ട ബില്ലുകള്‍ പ്രകാരമുള്ള പണം വേദിക തന്റെ കൂട്ടുകാരിയുടെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇത് പിന്നീട് വേദികയുടെ അക്കൗണ്ടിലേക്കും എത്തി. ആലിയയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയെന്നറിഞ്ഞതിന് പിന്നാലെ വേദിക ഒളിവില്‍ പോയി. രാജസ്ഥാനിലും അവിടെ നിന്ന് കര്‍ണാടകയിലും പിന്നീട് പൂണെയിലും ബംഗളൂരുവിലുമെല്ലാം ഒളിച്ചു താമസിച്ചു. ഒടുവില്‍ ബംഗളൂരുവില്‍ നിന്ന് വേദികയെ ജൂഹു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.