അടൂർ: സ്‌കാനിങ്ങിന് വന്ന യുവതിയുടെ നഗ്‌നചിത്രം പകർത്തിയതിന് കുപ്രസിദ്ധമായ അടൂർ ദേവി സ്‌കാനിങ് സെന്റർ വീണ്ടും വിവാദത്തിൽ. പണം വാങ്ങിയിട്ടും സ്‌കാനിങ് നടത്താത്ത സംഭവത്തിൽ ദേവി സ്‌കാനിങ് സെന്റർ പരാതിക്കാരന് പണം തിരികെ നൽകി. കലക്ടറുടെ നിർദ്ദേശപ്രകാരം ഡി .എം.ഓയുടെ ഉത്തരവിന്മേലാണ് നടപടി. അടൂർ ഗവ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ദേവി സ്‌കാൻ സെന്ററാണ് സ്‌കാനിങ് ഫീസായി വാങ്ങിയ 1200 രൂപ തിരികെ നൽകിയത്. വടക്കടത്തുകാവ് മുരുകവിലാസത്തിൽ ജെ.ശൈലേന്ദ്രനാഥ് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പരാതിക്കിടയാക്കിയ സംഭവം ഇങ്ങനെ


2022 ഒക്ടോബർ 14ന് ശൈലേന്ദ്ര നാഥിന്റെ അച്ഛൻ ജനാർദ്ദനൻ പിള്ള പുറത്തെ മുഴനീക്കം ചെയ്യുന്നതിനു വേണ്ടി അടൂർ ഗവ.ആശുപത്രിയിലെ ഡോക്ടറുടെ അടുത്തുചെന്നു. അന്നേ ദിവസം തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ജനാർദ്ദനൻ പിള്ള സ്‌കാനിങ്ങിനായി ദേവീ സ്‌കാനിങ് സെന്ററിൽ എത്തി. 1200 രൂപ സ്‌കാനിങ്ങിനും 30 രൂപ രക്ത
പരിശോധനക്കും അടച്ചു. ഏറെ സമയം കഴിഞ്ഞപ്പോൾ ഡോക്ടറില്ല എന്ന കാരണം പറഞ്ഞ് സ്‌കാനിങ് നടത്തിയിയില്ല.

വാങ്ങിയ പണവും തിരികെ നൽകിയില്ല. തീർത്തും സുഖമില്ലാത്ത ജനാർദ്ദനൻ പിള്ളയെ ആശുപത്രിക്കു സമീപമുള്ള മറ്റൊരു ലാബിലേക്ക് ദേവി സ്‌കാനിങ് കേന്ദ്രത്തിലെ ജീവനക്കാർ നടത്തിക്കൊണ്ടു പോയി. അവിടെയും ഡോക്ടർ ഇല്ലാത്തതിനാൽ സ്‌കാനിങ്ങ് നടന്നില്ല.ഏറെ നേരം അച്ഛനും ഒപ്പം പോയ അമ്മയും അവിടെ കാത്തിരുന്നതായും ശൈലേന്ദ്രനാഥ് ഡി.എം.ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.

തുടർന്ന് താൻ എത്തി മറ്റൊരു സ്‌കാനിങ്ങ് സെന്ററിൽ കൊണ്ടു പോയി അവിടെ വീണ്ടും പണം അടച്ച് സ്‌കാൻ ചെയ്തു. അവിടെ നിന്നും സ്‌കാൻ ഫലം ലഭിക്കാൻ അൽപ്പം താമസിച്ചതിനാൽ തീരുമാനിച്ചുറപ്പിച്ച ശസ്ത്രക്രിയ മുടങ്ങിയതായും ശൈലേന്ദ്രനാഥ് പരാതിയിൽ വ്യക്തമാക്കുന്നു. ആദ്യം സ്‌കാനിങ്ങിനായി ദേവി സ്‌കാനിങ് സെന്ററിൽ അടച്ച തുക തിരികെ ചോദിച്ചെങ്കിലും നൽകാൻ സ്‌കാനിങ് സെന്റർ അധികൃതർ തയാറായില്ല. തുടർന്നാണ് ശൈലേന്ദ്രനാഥ് ഒക്ടോബർ 17 ന് ഡി.എം.ഒയ്ക്ക് പരാതി നൽകിയത്. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾ ബോധ്യപ്പെട്ടതിനാൽ രോഗി അടച്ച തുക തിരികെ നൽകണം.

സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രോഗികളോടും കൂടെ വരുന്നവരോടും നല്ല രീതിയിൽ ആശയ വിനിമയം നടത്തുന്നതിന് നിർദ്ദേശങ്ങളും പരിശീലനവും നൽകണം. പരാതിക്കാരന്റെ മാതാപിതാക്കൾക്കുണ്ടായ ബുദ്ധിമുട്ടുകൾ മേലിൽ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ കർശനമായ നിർദ്ദേശം നൽകുന്നതായും ശൈലേന്ദ്രനാഥിന്റെ പരാതിയിൽ മേൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ജൂനിയർ അഡ്‌മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തുന്നു. പണം കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ടിൽ വന്നതായി ശൈലേന്ദ്രനാഥ് വ്യക്തമാക്കി.