ഇടുക്കി: മുന്നാർ സി ഐ മനേഷ് കെ പൗലോസ് മുമ്പും ഭൂമിപ്രശ്നത്തിൽ ഇടപെട്ടെന്നും കെഡിഎച്ച്പി കമ്പനി ജീവനക്കാർക്ക് അനുകൂലമായി പ്രവർത്തിച്ചെന്നും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ അഡ്‌മിറ്റായിട്ടും കേസെടുക്കാൻ പോലും തയ്യാറായില്ലെന്നും വെളിപ്പെടുത്തൽ. തലയാർ എസ്റ്റേറ്റ് കടുകുമുടി ഡിവിഷനിൽ താമസിച്ചുവരുന്ന ശിവാലമുത്തുവാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ മറുനാടനുമായി പങ്കിട്ടത്.

അടുത്തിടെ മൂന്നാർ കൊരണ്ടിക്കാട് ഭാഗത്ത് ഭൂമി പ്രശ്നത്തിൽ സി ഐ അനാവശ്യ ഇടപെടൽ നടത്തിയെന്നും ഇവിടെ കെഡിഎച്ച്പി (കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ)കമ്പിനി നടത്തിവന്നിരുന്ന അനധികൃത കയ്യേറ്റത്തെക്കുറിച്ചും ഇത് ചോദ്യം ചെയതതിനെത്തുടർന്നുണ്ടായ വധഭീഷണി സംബന്ധിച്ചും പരാതിപ്പെട്ട തങ്ങളെ കേസിൽ പ്രതികളാക്കാൻ ശ്രമിച്ചെന്നും നാട്ടുകരായ ശിവകുമാറും ശങ്കറും ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇവർ ഉന്നതാധികൃതർക്ക് പരാതിയും നൽകിയട്ടുണ്ട്. സംഭവം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാർ സി ഐയുടെ ഭാഗത്തുനിന്നും നീതി ലഭിച്ചില്ലെന്ന ആക്ഷേപവും ശിവാലമുത്തു ഉയർത്തുന്നത്.

ശിവാല മുത്തു പറഞ്ഞത്:

മൂന്നാർ -മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഗാർഡന്റെ സമീപത്തായി 1982 മുതൽ പിതാവ് മുനിയാണ്ടിയുടെ കൈവശം 40 സെന്റ് സ്ഥലം ഉണ്ടായിരുന്നു. ഇതിന്റെ കരം അടച്ചുപോന്നിരുന്നതാണ്. 2004-ൽ പിതാവ് മരണപ്പെട്ടു. 2003 വരെ പിതാവ് കരം അടച്ചിരുന്നു. പിന്നീട് 2006-ൽ താൻ കരം അടയ്ക്കാൻ വില്ലേജിൽ എത്തിയപ്പോൾ കരം സ്വീകരിച്ചില്ല.ഈ വിവരം കാണിച്ച് കോടതിയെ സമീപിച്ചു. നീണ്ട നിയമ യുദ്ധത്തിനൊടുവിൽ സ്ഥലത്തിൽ 16 സെന്റിന്റെ കരം സ്വീകരിക്കാൻ ഹൈക്കോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇതുപ്രകാരം കരം ഒടുക്കുകയും ചെയ്തു. തുടർന്ന് ഈ ഭൂമിയിൽ കാടുവെട്ടിതെളിക്കാൻ എത്തിയപ്പോൾ കെഡിഎച്ച്്പി കമ്പിനിയുടെ മാനേജർ അജയ് ഉൾപ്പെടെ ഒരു കൂട്ടം ജീവനക്കാരെത്തി മർദ്ദിച്ചു. പരിക്കേറ്റിരുന്നതിനാൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തി ചികത്സ തേടി. വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് മൊഴിയെടുക്കാൻ എത്തിയില്ല. സി ഐ യെ നേരിൽക്കണ്ട് പറഞ്ഞപ്പോൾ പോടാ..പോടാ എന്നും പറഞ്ഞ് ഇറക്കി വിടുകയായിരുന്നു.

വീണ്ടും നീതി തേടി കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജ്ജി നൽകിയിരുന്നെങ്കിലും ലഭിച്ചില്ല.
അക്രമസംഭവങ്ങൾ ഉണ്ടാവുന്ന പക്ഷം പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് കാണിച്ച് കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് ലഭിച്ച ശേഷം സ്ഥലത്ത് പ്രവേശിച്ച് കൃഷിപ്പണികൾ ചെയ്യാൻ പുറപ്പെട്ടപ്പോൾ വീണ്ടും കമ്പനിയുടെ ആളുകളെത്തി കൊല്ലും എന്നും പറഞ്ഞ് വിരട്ടിയോടിക്കുകയായിരുന്നു. ഇതേത്തുടർന്ന് കോടതി ഉത്തരവ് സി ഐയെ കാണിക്കുകയും എതിർകക്ഷികളിൽ നിന്നുള്ള ഉപദ്രവം തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ സി ഐ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. ഇത്തരത്തിലുള്ള കോടതി ഉത്തരവ് ആർക്കുവേണമെങ്കിലും ലഭിക്കുമെന്നും ഇതൊന്നും അംഗകരിക്കാൻ കഴിയില്ലെന്നും നിനക്ക് സ്ഥലമില്ലന്നും മേലാൽ സ്ഥലത്ത് കയറരുതെന്നും മറ്റും പറഞ്ഞ്,അവഹേളിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. ഇപ്പോൾ പ്രാണഭയത്താൽ സ്വന്തം സ്ഥലത്ത് പ്രവേശിക്കാൻ പോലും കഴിയുന്നില്ല. നിയമ നടപടി തുടരനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. വിദ്യാഭ്യസം കുറവാണ്. നിയമ കാര്യങ്ങളിൽ കാര്യമായ അറിവില്ല.മലയാളം കുറച്ചൊക്കെ പറയുമെങ്കിലും എഴുതാനും വായിക്കാനും അറിയില്ല.ഇതിനാൽ വിശ്വാസമുള്ള ആരെയെങ്കിലും കൂട്ടിയാണ് സ്റ്റേഷനിൽ പരാതി നൽകാനും മറ്റും പോയിരുന്നത്.

ഇങ്ങിനെ കൂടെ കൊണ്ടുപോകുന്നവരെ സംസാരിക്കാൻ പോലും അവസരം നൽകാതെ പലതവണ സി ഐ മുറിയിൽ നിന്നും ഇറക്കി വിട്ടു. പിന്നീട് പലതും പറഞ്ഞ് ഭീഷിപ്പെടുത്തി പറഞ്ഞയ്ക്കുകയായിരുന്നു പതിവ്. ഇന്നലെ തന്റെ പരാതിയിൽ മൊഴിയെടുക്കാൻ മൂന്നാർ ഡിവൈഎസ്‌പി ഓഫിസിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ഇവിടെയും സി ഐ ഓഫീസിൽ ഉണ്ടായതിന് സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്.

സി ഐയെക്കുറിച്ച് പറഞ്ഞ വിവരങ്ങൾ മൊഴി എടുത്ത പൊലീസുകാരൻ ഏഴുതിച്ചേർക്കാൻ തയ്യാറായില്ല. സി ഐയ്ക്ക് ഈ സംഭവവുമായി കാര്യമായ ബന്ധമില്ലെന്ന തരത്തിൽ മൊഴി എഴുതിയുണ്ടാക്കി തന്റെ ഒപ്പുവാങ്ങുകയായിരുന്നെന്നാണ് മനസ്സിലാക്കുന്നത്. ഇത് അംഗീകരിക്കുന്നില്ലന്നും രജിസ്ട്രേഡ് പോസിറ്റിൽ പറയാനുള്ള കാര്യങ്ങളെല്ലാം രേഖപ്പെടുത്തി കത്തയ്ക്കാമെന്നും ഇന്നലെ രാത്രി തന്നെ പൊലീസിൽ അറിയിച്ചുരുന്നു. ഇന്ന് രാവിലെ തന്നെ കത്ത് അയച്ചിട്ടുമുണ്ട്. ഇക്കാര്യത്തിൽ നിയമ നടപടികൾ തുടരുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.ശിവാലമുത്തു വാക്കുകൾ ചുരുക്കി.

നീതി ലഭിച്ചില്ലന്ന് സംരംഭകയും

കെട്ടിടം വാടകയ്ക്കെടുത്തപ്പോൾ നൽകിയ സെക്യൂരറ്റി തുകയായ 25.5 ലക്ഷം രൂപ തിരികെ ചോദിച്ചതിന്റെ പേരിൽ തനിക്ക് നേരെ അതിക്രൂരമായ ആക്രമണം ഉണ്ടായെന്നും ആശുപത്രിയിൽ ചികത്സ തേടിയിട്ടും സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും സ്റ്റേഷനിൽ എത്തിയപ്പോൾ സി ഐ അവഹേളിച്ച് ഇറക്കിവിടുകയായിരുന്നെന്നും സംരംഭകയായ റഷീദ വെളിപ്പെടുത്തി. കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നിലനിൽക്കുന്നതിനാൽ വിവരങ്ങൾ വെളിപ്പെടുത്താൻ പരിമിതികൾ ഉണ്ടെന്ന ആമുഖത്തോടെയാണ് റഷീദ മറുനാടനുമായി സംസാരിച്ച് തുടങ്ങിയത്.

ബിസിനസ് പങ്കാളി രോഗബാധയെത്തുടർന്ന് ആശുപത്രിയിലായപ്പോൾ നടത്തിവന്നിരുന്ന സ്ഥാപനം തുടർന്നുകൊണ്ടുപോകാൻ കഴിയല്ലന്ന് മനസ്സിലായെന്നും ഇതെത്തുടർന്ന് സെക്യൂരിറ്റിത്തുക മടക്കി നൽകണമെന്ന് താൻ കെട്ടിടം വാടകയ്ക്ക് നൽകിയവരോട് ആവശ്യപ്പെടുകയുമായിരുന്നെന്നും ഇതാണ് പിന്നീട് അക്രമസംഭവത്തിൽ കലാശിച്ചതെന്നും റഷീദ പറഞ്ഞു.

സെക്യൂരിറ്റി തുക തിരിച്ചുചോദിച്ചപ്പോൾ തന്നില്ല. എന്ന് മാത്രമല്ല, പലവഴിയ്്ക്കും ഭീഷിണിപ്പെടുത്തി മൂന്നാറിൽ നിന്നും ഓടിക്കാനായിരുന്നു കെട്ടട ഉടമയുടെയും കൂട്ടരുടെയും നീക്കം. ഒടുവിൽ നിവൃത്തിയില്ലാതെ കോടതിയെ സമീപിക്കുകയും എതിർകക്ഷികൾ സ്ഥാപനത്തിൽ പ്രവേശിക്കരുതെന്ന് ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താമസസ്ഥലത്തെത്തി എതിർകക്ഷികൾ തന്നെ ക്രൂരമായി മർദ്ദിച്ചു. തലമുടി പിഴുതെറിയുകയും ചെരിപ്പുകൊണ്ട് തുടർച്ചയായി മുഖത്തടിക്കുകയും ചെയ്തു. 3 പുരുഷന്മാരും ഒരു സ്ത്രീയും ചേർന്നാണ് ആക്രമിച്ചത്. നിലവിളി കേട്ട ചിലർ അറയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തിയതിനാലാണ് ജീവൻ രക്ഷപെട്ടത്.

സാരമായി പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സ തേടി. ആശുപത്രിയിൽ നിന്നും ഇന്റിമേഷൻ അയച്ചെന്നാണ് കരുതുന്നത്. എന്തായാലും പൊലീസ് മൊഴിയെടുക്കാൻ എത്തിയില്ല. സി ഐയെ നേരിൽക്കണ്ട് വിവരം പറഞ്ഞപ്പോൾ വല്ലാതെ ശബ്ദമുയർത്തി ശകാരിച്ചു. ഒരു ഘട്ടത്തിൽ ഇത് താങ്ങാനാവാതെ സി ഐയുടെ ഓഫീസിൽ നിന്നും ഇറങ്ങിപോരേണ്ടി വന്നു.

വേണമെങ്കിൽ പ്രശനം പറഞ്ഞ് അസാനിപ്പിക്കാമെന്നായി പിന്നീട് സി ഐയുടെ നിലപാട്. പണം തിരച്ചുകിട്ടുമല്ലോ എന്ന ആശ്വസത്തിൽ ഇത് സമ്മതിച്ചു. വിഷയത്തിൽ മുൻ എം എൽ എ കൂടി ഇടപെട്ടെന്നും സി ഐ പറഞ്ഞിരുന്നു. പണം വാങ്ങി നൽകാൻ സാവകശം വേണമെന്ന് സിഐ പറഞ്ഞപ്പോൾ അതിനും സമ്മതിച്ചു. ഇതുപ്രകാരം നിശ്ചിത സമയം കഴിഞ്ഞ് സി ഐയെക്കണ്ട് വിവരം തിരക്കിയപ്പോൾ 'അവർ തന്നാലല്ലെ തരാൻ പറ്റു' എന്നും പറഞ്ഞ് കൈയൊഴിയുകയായിരുന്നു. തുടർന്നാണ് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.അവർ വിശദമാക്കി.