മുംബൈ: മുംബൈയിലെ പബ്ബിൽവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ ആക്രമിച്ചെന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ഭോജ്പുരി നടിയുമായ സപ്ന ഗില്ലിന്റെ ആരോപണം വ്യാജമെന്ന് പൊലീസ് കോടതിയിൽ. പൃഥ്വി ഷാ ആക്രമിച്ചെന്നും ചൂഷണം ചെയ്‌തെന്നുമുള്ള സപ്നയുടെ പരാതി 'തെറ്റാണെന്നും തെളിവില്ലെന്നും' പൊലീസ് കോടതിയിൽ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ അന്ധേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു. പൊലീസിനോടു സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി കേസ് മാറ്റിവച്ചു.

എന്നാൽ പൃഥ്വി ഷാ സപ്നയെ ആക്രമിക്കുന്ന വിഡിയോ ഫോണിലുണ്ടെന്നും കോടതിയിൽ സമർപ്പിക്കാമെന്നും സപ്നയുടെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ അറിയിച്ചു. പബ്ബിനു പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. ഒരു പബ്ബിൽ വെച്ച് ഷാ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് അന്ധേരി മജിസ്ട്രേറ്റ് കോടതിയിൽ ഗിൽ പരാതി സമർപ്പിച്ചിരുന്നു. ഷായ്ക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കേസെടുക്കാനും മടിച്ച മുംബൈ എയർപോർട്ട് പൊലീസിനെതിരെയും കേസ് നൽകി.

പരാതിക്കാരിയുടെ അഭിഭാഷകനായ അലി കാഷിഫ് ഖാൻ കോടതി മുമ്പാകെ ഷാ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സമർപ്പിക്കുകയും ചെയ്തു. പരാതിക്കാരിയുടെ സുഹൃത്തെടുത്ത വീഡിയോയാണിത്. സി.സി.ടി.വി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതോടെ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് നടന്ന പൊലീസ് അന്വേഷണത്തിൽ ഷാ നിരപരാധിയാണെന്ന് കണ്ടെത്തി. പബ്ബിൽ പരാതിക്കാരിയും സുഹൃത്ത് ശോഭിത്ത് ഠാക്കൂറും മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നുവെന്നും ഠാക്കൂർ ഷായുടെ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ താരം അത് തടഞ്ഞുവെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ഷാ എതിർക്കുക മാത്രമാണ് ചെയ്തതെന്നും പീഡിപ്പിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

പബ്ബിലെ ദൃക്സാക്ഷികളിൽ നിന്ന് വിവരം ശേഖരിച്ചിട്ടുണ്ടെന്നും ആരും തന്നെ ഷാ മോശമായി പെരുമാറുന്നതായി കണ്ടിട്ടില്ലെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. എയർ ട്രാഫിക് കൺട്രോൾ ടവറിലുള്ള സി.സി.ടി.വി ഫൂട്ടേജുകൾ പ്രകാരം പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഷായെ പരാതിക്കാരി പിന്തുടരുകയും കൈയിലുള്ള ബേസ് ബോൾ ബാറ്റെടുത്ത് താരത്തിന്റെ കാറിന്റെ വിൻഡ്ഷീൽഡ് തകർക്കുകയും ചെയ്തെന്നും പൊലീസ് കൂട്ടിച്ചേർത്തു.

2023 ഫെബ്രുവരി 15നു പുലർച്ചെയാണു മുംബൈയിലെ ആഡംബര ഹോട്ടലിനു മുന്നിൽവച്ച് പൃഥ്വി ഷായ്ക്കും സുഹൃത്തിനുമെതിരെ ആക്രമണമുണ്ടായത്. വാഹനത്തിൽ കയറി രക്ഷപ്പെട്ടപ്പോൾ പിന്തുടർന്ന അക്രമി സംഘം സിഗ്‌നലിൽവച്ച് വാഹനം തല്ലിത്തകർത്തതായാണു പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതിയിലുള്ളത്. തൊട്ടടുത്ത ദിവസം തന്നെ സപ്ന ഗില്ലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുറത്തിറങ്ങിയതിനു പിന്നാലെ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിൽ സപ്ന കേസ് ഫയൽ ചെയ്തു. പൃഥ്വി ഷായുടെ സുഹൃത്ത് സുരേന്ദ്ര യാദവിനെതിരെയും സപ്നയുടെ പരാതിയിൽ കേസെടുത്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരവും സുഹൃത്തും ചേർന്ന് പൊതു സ്ഥലത്തുവച്ച് അപമാനിച്ചെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണു സപ്നയുടെ പരാതിയിലുള്ളത്. നെഞ്ചിൽ പിടിച്ച് പൃഥ്വി ഷാ തള്ളിയെന്നും സപ്ന പരാതിയിൽ ആരോപിച്ചു.

ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതിന് ഐപിസി 354, 509, 324 വകുപ്പുകൾ ക്രിക്കറ്റ് താരത്തിനെതിരെ ചുമത്തണമെന്ന് സപ്ന ആവശ്യപ്പെട്ടിരുന്നു. ലൈംഗികാതിക്രമം തെളിയിക്കുന്നതിന് മെഡിക്കൽ രേഖകളും പരാതിക്കൊപ്പം കോടതിയിൽ സമർപ്പിച്ചു. സപ്ന പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന എയർപോർട്ട് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ സതീഷ് കവൻകർ, ഭഗവത് ഗരാൻഡെ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടും സപ്ന ഗിൽ കോടതിയെ സമീപിച്ചിരുന്നു.