കോന്നി: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തന്റെ ഓഫീസിലെ സീനിയർ സൂപ്രണ്ടിനെ മർദിച്ചുവെന്ന് പരാതി. വിവരമറിയിച്ചതിൻ പ്രകാരം പൊലീസ് സ്ഥലത്തു വന്നിട്ടും രാഷ്ട്രീയ സ്വാധീനം മൂലം കേസെടുക്കാതെ ഒളിച്ചു കളിക്കുന്നുവെന്നും ആരോപണം. കോന്നി എ.ഇ ഓഫീസിലെ സീനിയർ സൂപ്രണ്ട് കുന്നന്താനം സ്വദേശി ബിന്ദു ബായിയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സന്ധ്യ മർദിച്ചുവെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെ 11.30 നാണ് സംഭവം. ജൂലൈ 19 നാണ് വടക്കൻ ജില്ലയിൽ നിന്നും ബിന്ദുബായിയെ കോന്നിയിലേക്ക് സ്ഥലം മാറ്റിയത്. അന്നു മുതൽ തന്നെ മാനസികമായി നിരന്തരം പീഡിപ്പിക്കുകയാണെന്ന് ബിന്ദു ബായ് പറയുന്നു. താൻ ഒപ്പിടേണ്ടതും പരിശോധിക്കേണ്ടതുമായ ഫയലുകൾ ഒന്നും തരാറില്ല. വ്യാഴാഴ്ച ഓഫീസ് അസിസ്റ്റന്റിന്റെ കൈവശം ഉണ്ടായിരുന്ന ഫയലുകൾ വാങ്ങി പരിശോധിക്കുന്നതിനിടെയാണ് സംഭവം.

ഫയലുകൾ തനിക്ക് നൽകരുതെന്ന് ഓഫീസ് അസിസ്റ്റന്റിനോട് എ.ഇ.ഓ പറഞ്ഞേൽപ്പിച്ചിരുന്നുവെന്നാണ് ബിന്ദുവിന്റെ ആരോപണം. എന്നാലും, താൻ ചോദിച്ചപ്പോൾ ഓഫീസ് അസിസ്റ്റന്റ് അത് നൽകി. പരിശോധിച്ചു കൊണ്ടിരിക്കേ ഫയലുകൾ തിരികെ വാങ്ങി നൽകാൻ എഇഓ നിർദേശിച്ചപ്പോൾ ഓഫീസ് അസിസ്റ്റന്റ് അതിനായി വന്നു. പരിശോധിച്ച ശേഷം നൽകാമെന്ന് അറിയിച്ചപ്പോൾ എഇഓ തന്റെ ക്യാബിനിലേക്ക് കടന്നു വരികയും ഫയലുകൾ ബലമായി പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. നൽകാൻ കൂട്ടാക്കാതെ വന്നപ്പോൾ കൈ പിടിച്ച് തിരിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് ബിന്ദു പറയുന്നു.

ഉടൻ തന്നെ പൊലീസിൽ വിളിച്ച് വിവരം അറിയിച്ചു. അവർ സ്ഥലത്തു വന്നെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ല. വിവരം നിങ്ങളുടെ മേലധികാരിയെ അറിയിക്കാൻ ആവശ്യപ്പെട്ടു. അതിൻ പ്രകാരം തിരുവല്ലയിലുള്ള വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറെ വിവരം അറിയിച്ചു. ഫയൽ തിരികെ നൽകാൻ ഡി.ഡി.ഇ നിർദേശിച്ചു. ഫയൽ അവിടെ തന്നെയുണ്ടെന്നും എടുക്കുന്നതിന് തടസമില്ലെന്നും ഡി.ഡിഇയോട് ബിന്ദു പറഞ്ഞു. തുടർന്ന് രക്തസമ്മർദം വർധിക്കുകയും വേദന അധികരിക്കുകയും ചെയ്തപ്പോൾ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. എക്സ്റേ പരിശോധന അടക്കം നടത്തി. പൊലീസിൽ രേഖാമൂലം പരാതി നൽകുമെന്നും ബിന്ദു പറഞ്ഞു.

കേരള ഗസറ്റഡ് ഓഫീസ് അസോസിയേഷനിൽ അംഗത്വമെടുക്കാൻ തയാറാകാതിരുന്നതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരേ തുടരുന്നതെന്നാണ് ബിന്ദു പറയുന്നത്. കുന്നന്താനത്ത് നിന്ന് രണ്ടര മണിക്കൂർ സഞ്ചരിച്ച് വേണം കോന്നിയിൽ ജോലിക്കെത്താൻ. താൻ ചോദിക്കാത്ത സ്ഥലത്തേക്കാണ് തന്നെ സ്ഥലം മാറ്റിയിരിക്കുന്നത്. നേരത്തേ സിപിഎം അനുകൂല യൂണിയനിൽ അംഗമായിരുന്ന ബിന്ദു പിന്നീട് ഇവരുമായി തെറ്റി. അതിനുള്ള പ്രതികാര നടപടിയാണ് തുടരുന്നതെന്ന് പറയുന്നു.

കോന്നിയിൽ വന്ന് ജോലിക്ക് ചേർന്നതിന് ശേഷവും യൂണിയൻ ആവശ്യപ്പെട്ട ഫണ്ട് കൊടുത്തിരുന്നു. എന്നാൽ, അംഗത്വം എടുക്കാൻ തയാറായിരുന്നില്ല. എഇഓയ്ക്ക് തന്നോടുള്ള വെറുപ്പിന് കാരണവും ഇതു തന്നെയാണെന്ന് ബിന്ദു പറയുന്നു. കഴിഞ്ഞ ദിവസവും യൂണിയൻ നേതാക്കൾ ഓഫീസിൽ വന്ന് അംഗത്വമെടുക്കാൻ നിർബന്ധിച്ചിരുന്നു. കുറച്ചു കഴിയട്ടെ എന്നാണ് മറുപടി കൊടുത്തതെന്നും ഇവർ പറഞ്ഞു.

അതേ സമയം, ഒരു സ്‌കൂളിൽ ചട്ടം ലംഘിച്ച് നടത്തിയ നിയമനം സീനിയർ സൂപ്രണ്ട് കണ്ടെത്തിയതാണ് അവരോടുള്ള വിരോധത്തിന് കാരണമെന്നാണ് സൂചന. ഈ വിവരം പുറത്തു വന്നാൽ എഇഓ അടക്കമുള്ളവർ പ്രതിക്കൂട്ടിലാകും. ഇങ്ങനെ വരാതിരിക്കാൻ സീനിയർ സൂപ്രണ്ടിന്റെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നാണ് പറയപ്പെടുന്നത്.

അതേസമയം ബിന്ദുവിന്റെ ആരോപണങ്ങൾ എ.ഇ.ഓ എസ്. സന്ധ്യ നിഷേധിച്ചു. കോന്നിയിൽ വന്ന കാലം മുതൽ ഇവർ ഓഫീസിലെ മറ്റു ജീവനക്കാരുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ദിവസ വേതനക്കാരുടെ ഫയൽ അടക്കം പിടിച്ചു വയ്ക്കുന്നുവെന്ന് പരാതിയുണ്ട്. എ.ഇ.ഓ അടക്കമുള്ളവർക്കെതിരേ മേലധികാരികൾക്ക് നിരന്തരം പരാതി അയയ്ക്കുന്നുണ്ട്. കോന്നി ഉപജില്ലാ കലോത്സവം സംബന്ധിച്ച് ഫയൽ അവർ തന്റെ അനുവാദമില്ലാതെ എടുക്കുകയായിരുന്നു. ആ സമയം താൻ അവിടെയുണ്ടായിരുന്നില്ല. തിരികെ വരുമ്പോൾ ഫയൽ ബിന്ദുവിന്റെ കൈയിൽ ഇരിക്കുന്നത് കണ്ട് അത് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും സന്ധ്യ പറയുന്നു. എ.ഇ.ഓ ഇതു സംബന്ധിച്ച് ഡിവൈ.എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.