- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഷെൽട്ടറുകളുടെ പരിപാലന കരാറിൽ ഡെപ്പോസിറ്റ് തുക നൽകേണ്ടത് 5.72 ലക്ഷം; രണ്ടുവർഷമായിട്ടും നയാപൈസ നൽകാതെ കരാറെടുത്ത എ എൻ ഷാഹിർ; സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരനുവേണ്ടി കോഴിക്കോട് കോർപറേഷൻ നൽകിയ വഴിവിട്ട സഹായത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരൻ എ എൻ ഷാഹിറിന് കോഴിക്കോട് കോർപ്പറേഷൻ വഴിവിട്ട സഹായം ചെയ്തതായി ആരോപണം. ബസ് വെയ്റ്റിങ് ഷെൽട്ടർ പരിപാലിക്കാനുള്ള കരാറിലാണ് കോർപ്പറേഷന്റെ ഒത്തുകളി. രണ്ടുവർഷം കഴിഞ്ഞിട്ടും സ്പീക്കറുടെ സഹോദരൻ ഡെപ്പോസിറ്റ് തുക നൽകിയിട്ടില്ല. ഷാഹിർ നൽകിയ ചെക്ക് മടങ്ങിയിട്ടും കോർപ്പറേഷൻ നിയമനടപടി സ്വീകരിച്ചിട്ടില്ല.
ഷംസീറിന്റെ സഹോദരൻ ഷാഹിറാണ് കോർപ്പറേഷൻ പരിധിയിലുള്ള 32 ബസ് ഷെൽട്ടറുകളുടെ നിർമ്മാണവും പരിപാലനവും ഏറ്റെടുത്തത്. 2020 ഏപ്രിലിലാണ് കരാർ ഒപ്പിട്ടത്. കരാർ പ്രകാരമുള്ള ഡെപ്പോസിറ്റ് തുകയായ 5.72 ലക്ഷമാണ് നല്‌കേണ്ടത്. എന്നാൽ രണ്ടുവർഷമായിട്ടും ഈയിനത്തിൽ ഒരു രൂപ പോലും കോർപ്പറേഷന് കിട്ടിയിട്ടില്ല.
കഴിഞ്ഞ ജൂലൈയിൽ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് ബഹളമുണ്ടായിരുന്നു. ഡെപ്പോസിറ്റ് തുക നൽകാതെ കരാർ തുടരുന്നതിനെതിരേ കൗൺസിലിൽ എതിർപ്പ് രൂക്ഷമായപ്പോൾ കോർപ്പറേഷൻ നോട്ടീസയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈയിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങി. ഈ ചെക്ക് മടങ്ങിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല.
ഇതിനിടെ, ഷാഹിർ ഏറ്റെടുത്ത പ്രവൃത്തികളുടെ ചുമതല മറ്റൊരു വ്യക്തിക്ക് കൈമാറിയതായും പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.
ഡെപ്പോസിറ്റ് തുക ഒടുക്കിയില്ലെങ്കിൽ കരാർ റദ്ദാക്കാൻ വ്യവസ്ഥയുണ്ടായിട്ടും നടപടി എടുത്തില്ലെന്നും സിപിഎം നേതൃത്വത്തിലുള്ള കോർപറേഷൻ ഷംസീറിന്റെ സഹോദരനായി കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്.
നേരത്തെ, എ.എൻ.ഷംസീറിന്റെ സഹോദരൻ പങ്കാളിയായ സ്ഥാപനം കോഴിക്കോട് സൗത്ത് ബീച്ചിൽ നടത്തിയ അനധികൃത നിർമ്മാണം വിവാദമായിരുന്നു. അതിനെതിര കോൺഗ്രസ് സമരം തുടങ്ങിയിരുന്നു. തുറുമുഖവകുപ്പിന്റെ കെട്ടിടം നിസാരതുകയ്ക്ക് പാട്ടത്തിനെടുത്തായിരുന്നു അനധികൃത നിർമ്മാണം. ലേല വ്യവസ്ഥകൾ അട്ടിമറിച്ച് അനധികൃത നിർമ്മാണം നടത്താൻ സഹായിച്ചത് സിപിഎം നേതൃത്വമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ചട്ടങ്ങൾ അട്ടിമറിച്ചുള്ള പാട്ടകരാർ റദ്ദാക്കും വരെ സമരമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. വഴിവിട്ട നീക്കത്തിന് കൂട്ടുനിന്ന തുറുമുഖ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. സ്പീക്കറുടെ സഹോദരൻ എ.എൻ.ഷാഹിർ പങ്കാളിയായ കണ്ണൂർ ആസ്ഥാനമായ പ്രദീപ് ആൻഡ് പാട്‌ണേഴ്‌സാണ് കെട്ടിടം പാട്ടത്തിനെടുത്തത്. രണ്ടുലക്ഷം വരെ പ്രതിമാസ വാടകയുള്ളിടത്ത് തുറുമുഖ വകുപ്പ് കരാർ ഒപ്പിട്ടത് വെറും 45000 രൂപയ്ക്ക്.
പാട്ടത്തിനെടുത്ത കെട്ടിടത്തിൽ കരാറുകാർ നടത്തിയത് അനധികൃത നിർമ്മാണമായിരുന്നു. തീരദേശപരിപാലന അഥോറിറ്റിയുടെയോ കോർപറേഷന്റെയോ അനുമതി വാങ്ങിയില്ല. വഴിവിട്ട് കരാർ ലഭിക്കുന്നതിലും അനധികൃത നിർമ്മാണത്തിലും പോർട്ട് ഓഫിസർക്കും പങ്കുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. നിർമ്മാണം നിർത്തിവെക്കാൻ കോർപറേഷൻ സ്റ്റോപ് മെമോ നൽകിയിരുന്നു. ഇത് നീക്കാൻ കരാർ കമ്പനി കോർപറേഷന് നൽകിയ അപേക്ഷ തീരദേശ പരിപാലന അഥോറിറ്റിയുടെ തീരുമാനം അറിയും വരെ നീക്കിവെച്ചിരിക്കുകയാണ്. വിവാദം ശക്തമായതോടെ തുറുമുഖ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച അന്വേഷണവും തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ