- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവാക്കളുടെ ക്ഷേമത്തിനായി അനുവദിച്ച ഫണ്ടിൽ 20 ലക്ഷം രൂപ യുവജന കമ്മീഷൻ വകമാറ്റി
തിരുവനന്തപുരം: യുവാക്കളുടെ ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടിൽ 20 ലക്ഷം രൂപ സംസ്ഥാന യുവജന കമ്മിഷൻ (കെ.എസ്.വൈ.സി) വകമാറ്റിയെന്ന് റിപ്പോർട്ട്. ചിന്ത ജെറോം ചെയർപേഴ്‌സൻ ആയിരുന്നപ്പോഴാണ് ഫണ്ട് വകമാറ്റി ചെലവഴിച്ചത്. അന്തരാഷ്ട്രാ ഫിലിം ഫെസ്റ്റിവൽ സ്‌പോൺസർ ചെയ്യുന്നതിനാണ് 10 ലക്ഷം രൂപ വീതം വക മാറ്റിയതെന്ന് പരിശോധയിൽ കണ്ടെത്തി.
യുവജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾക്കായി നടപ്പിലാക്കുന്നതിന് നിയമസഭ യുവജന കമീഷനെ അധികാരപ്പെടുത്തിയിരുന്നു. 2021-22 ൽ 75,42,000, 2022-23 ൽ 62,00,000 രൂപ എന്നിങ്ങനെ പ്ലാൻ സ്‌കീമുകൾക്കായി അനുവദിച്ചു. സൈബർ കുറ്റകൃത്യങ്ങൾ, ഭീകരവാദം, റോഡ് സുരക്ഷ, കോളജുകളിലും എസ്.സി/എസ്.ടി കോളനികളിലും യുവാക്കൾക്കായി മാനസികാരോഗ്യ പരിപാടികൾ നടത്തുന്നതിനും ഗ്രീൻ യൂത്ത് പ്രോഗ്രാം, വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ യൂത്ത് ഫെലിസിറ്റേഷൻ പ്രോഗ്രാമുകൾക്കുമാണ് പ്ലാൻ ഫണ്ടുകൾ വിനിയോഗിക്കേണ്ടത്.
എന്നാൽ, കണക്കുകൾ പരിശോധിച്ചതിൽ, യുവജനക്ഷേമത്തിന്റെ പ്രത്യേക ലക്ഷ്യങ്ങൾക്കായി അനുവദിച്ച ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം കമ്മിഷൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയിലേക്ക് മാറ്റിയതായി കണ്ടെത്തി. അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി, 2021-22, 2022-23 വർഷങ്ങളിൽ 10 ലക്ഷം വീതം വകമാറ്റി.
ചലച്ചിത്ര അക്കാദമി നടത്തിയ 'കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' സ്‌പോൺസർ ചെയ്യുന്നതിനായി തുക വിനിയോഗിച്ചു. ചലച്ചിത്ര അക്കാദമി സമർപ്പിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് പ്രകാരം, യുവജന കമീഷനെ പ്രതിനിധീകരിച്ച് ചില പരസ്യങ്ങൾ കാണിക്കുകയും കമീഷന്റെ ലോഗോ പ്രദർശിപ്പിക്കുകയും അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കമീഷന് 23 പാസുകൾ നൽകുകയും ചെയ്തു.
യുവജന കമീഷനുള്ള ഫണ്ട് വിനിയോഗിക്കേണ്ടത് മദ്യം, മയക്കുമരുന്ന് മുതലായ ഉപയോഗത്തിനെതിരെ യുവാക്കളെ ബോധവത്കരിക്കുന്നതിന് നിയമസഭ അനുവദിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഈ തുക അനുവദിച്ച ആവശ്യത്തിന് ഉപയോഗിക്കുന്നതിന് പകരം, കമ്മിഷൻ 10 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. 2021-22, 2022-23, വർഷങ്ങളിൽ നിയമസഭയുടെ അറിവില്ലാതെ, അനുമതിയില്ലാതെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അവാർഡുകൾ സ്‌പോൺസർ ചെയ്തത്.