കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ പരസ്യചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടന്നു. ആഢംബര കാര്‍ ഡീലറായ 999 ഓട്ടോമോട്ടീവ് ഉടമ സാബിത് കല്ലിങ്കല്‍ ഓടിച്ച ബെന്‍സ് കാറിടിച്ചാണ് ആല്‍വിന്‍ മരിച്ചത്. ആരാണ് കാര്‍ ഓടിച്ചതെന്ന് പോലും തുടക്കത്തില്‍ പോലീസ് കണ്ടെത്തിയില്ല. മാത്രമല്ല, അപകടമുണ്ടാക്കിയത് ഡിഫന്‍ഡര്‍ കാറാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നു. ഇതെല്ലാം 999 ഓട്ടോമോട്ടീവ് ഉടമയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപത്തിനും ഇടവെച്ചു. എന്നാല്‍, സാബിത് പോലീസില്‍ കള്ളമൊഴി നല്‍കിയതാണെന്നാണ് പോലീസ് പറയുന്നത്.

സാബിത്ത് ഓടിച്ച ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇയാള്‍ മൊഴിമാറ്റിപ്പറഞ്ഞത് എന്നാണ് പോലീസ് പറയുന്നത്.

അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അപകടത്തില്‍ മരിച്ച ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാറാണെന്ന് പോലീസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. ആല്‍വിനെ ഇടിച്ചത് മറ്റൊരു കാറാണ് എന്നായിരുന്നു പോലീസ് ആദ്യം എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്.

യുവാവിനെ ഇടിച്ചത് ഡിഫന്‍ഡര്‍ കാറാണെന്ന് കൂടെ ഉണ്ടായിരുന്ന യുവാവ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ബെന്‍സ് കാറാണ് ഇടിച്ചതെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ഇത് വ്യക്തമായത്. മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടതോടെയാണ് പോലീസ് എഫ്‌ഐആര്‍ മാറിയതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

എംവിഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോളാണ് ബെന്‍സ് കാറാണ് ഇടിച്ചതെന്ന് യുവാവില്‍ നിന്നുതന്നെ സൂചന ലഭിച്ചത്. ഇതോടെ സാബിത്തിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും. തെലങ്കാന റജിസ്‌ട്രേഷനിലുള്ള ബെന്‍സ് ഇടിച്ചാണ് യുവാവ് മരിച്ചത്. സാബിന്റെ സ്ഥാപനം ആഢംബര കാറുകള്‍ ഇറക്കുമതി ചെയ്തു വില്‍ക്കുന്ന ഡീലറാണ്. ഈ സ്ഥാപനന്റെ ഷൂട്ടിനിടെയാണ് അപകടം ഉണ്ടായതും ആല്‍വിന്‍ മരിക്കുന്നതും.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കാര്‍ ഏതാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ സാബിത്തിന്റെ അറസ്റ്റു രേഖപ്പെടുത്തും. ഇന്ന് ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ വിശദ പരിശോധനയും നടക്കുന്നുണ്ട്.

പതിനൊന്നുമണിയോടെ ഫൊറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടക്കും. ബെന്‍സ് കാറില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയും പരിശോധിക്കും. ആല്‍വിന്‍ റീല്‍സ് ചിത്രീകരിച്ചിരുന്ന മൊബൈല്‍ ഫോണും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ നേരത്തെ ഒളിപ്പിച്ചതാണോ എന്ന കാര്യത്തിലും സംശയമുണ്ട്.

റീല്‍സ് ചിത്രീകരണത്തിനായി രണ്ടു കാറുകളാണ് എത്തിച്ചിരുന്നത്. ഇതില്‍ ഏതു കാറാണ് ഇടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത് ഡിഫന്‍ഡര്‍ കാര്‍ ഇടിച്ചാണ് യുവാവ് മരിച്ചതെന്നാണ്. അതിനിടെ അപകടം വരുത്തിയ കാര്‍ മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു.

ആദ്യം പൊലീസ് പറഞ്ഞ കാര്‍ നമ്പര്‍ അപകടം വരുത്തിയ 2 കാറുകളുടേതും അല്ലായിരുന്നു. അതു പ്രഥമ വിവര പ്രകാരം പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ട് ആയിരുന്നു. പിന്നീട് ഇരു കാറുകളും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ.ജോസ് കസ്റ്റഡിയില്‍ എടുത്തു. 2 ഡ്രൈവര്‍മാരെയും കസ്റ്റഡിയില്‍ എടുത്തു. രാത്രി മോട്ടര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനിലെത്തി കാറുകള്‍ പരിശോധിച്ചിരുന്നു. കോഴിക്കോട് ആര്‍.ടി.ഒ. പി.എ. നസീറും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. സി.എസ്. സന്തോഷ് കുമാറും സ്റ്റേഷനിലെത്തി ചിത്രീകരണത്തില്‍ ഏര്‍പ്പെട്ട രണ്ട് കാറുകളും പരിശോധിച്ചു.

ഇതില്‍ തെലങ്കാന രജിസ്ട്രേഷന്‍ കാറിന്റെ മുന്‍വശത്തെ ക്രാഷ്ഗാര്‍ഡിലും ബോണറ്റിലും അപകടമുണ്ടാക്കിയതിന്റെ തെളിവുകള്‍ കണ്ടെത്തി. ഇതിനിടെ വെള്ളയില്‍ പോലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ചെരുപ്പ് മൊത്തവില്‍പ്പന കേന്ദ്രത്തിലെ സി.സി.ടി.വി.യില്‍ നിന്ന് തെലങ്കാന രജിസ്ട്രേഷന്‍ കാര്‍ ആല്‍വിനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്നാണ് ഡ്രൈവറെ അറസ്റ്റു ചെയ്യാനുള്ള നടപടികളിലേക്ക് വെള്ളയില്‍ ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസും എസ്.ഐ. ഷിനോബും നീങ്ങിയത്.

എഫ്.ഐ.ആറിലുള്ള കാറിന്റെ വിവരം മാറ്റി മറ്റൊരു കാറാണ് അപകടമുണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നുള്ള അനക്സ് റിപ്പോര്‍ട്ട് ഫയല്‍ചെയ്യുമെന്ന് അസി. കമ്മിഷണര്‍ ടി. കെ. അഷ്‌റഫ് പറഞ്ഞു. തെലങ്കാന കാറിന് ഇന്‍ഷുറന്‍സും റോഡ് നികുതിയും ഇല്ലെന്നും ഇത് സംബന്ധിച്ച് ബുധനാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്‍.ടി.ഒ. അറിയിച്ചു.

ബീച്ച് റോഡില്‍ രൂപമാറ്റംവരുത്തിയ കാറുകളും കാതടപ്പിക്കുന്ന ശബ്ദമുള്ള ഇരുചക്രവാഹനങ്ങളുമുപയോഗിച്ച് യുവാക്കളുടെ മരണപ്പാച്ചില്‍ സ്ഥിരംസംഭവമാണ്. തിരക്കേറിയ സമയങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റാനായാണ് നിരത്തുകളില്‍ അഭ്യാസം. രാവിലെയും വൈകീട്ടും ആഡംബരവാഹനങ്ങളുമായാണ് ഇവരെത്തുന്നത്. രാവിലെ പ്രഭാതസവാരിക്കെത്തുന്നവര്‍ക്ക് ഇത് ഭീഷണിയാകുന്നുണ്ട്. മത്സരയോട്ടവും സ്ഥിരം സംഭവമാണെന്നും പോലീസ് പറഞ്ഞു.

പോലീസിനെപ്പോലും അവഗണിക്കുന്ന ചില വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ മറച്ചിട്ടുണ്ടാവും. ഇരുചക്രവാഹനങ്ങളില്‍ പിന്‍ഭാഗത്ത് ഹെല്‍മെറ്റുവെച്ചാണ് നമ്പര്‍പ്ലേറ്റ് മറയ്ക്കുന്നത്. ഇതിനെതിരേ പരിസരവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലസമയങ്ങളില്‍ കാറുകളും വലിയ ശബ്ദമുണ്ടാക്കി ഇതുവഴി പോകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബീച്ച് ഭാഗത്തുനിന്നാണ് അതിവേഗത്തിനും രൂപമാറ്റത്തിനും കൂടുതല്‍ കേസുകളെടുത്ത് പിഴ ഈടാക്കിയിട്ടുള്ളതെന്ന് എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ. സി.എസ്. സന്തോഷ്‌കുമാര്‍ പറഞ്ഞു.