പത്തനംതിട്ട: ഓൺലൈൻ റമ്മി കളിച്ച് നഷ്ടത്തിലായ യുവാവ് ധനസമ്പാദത്തിന് വേണ്ടി വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് ഒന്നര പവന്റെ മാല കൊള്ളയടിച്ച കേസിൽ അറസ്റ്റിൽ. പാലാ ഭരണങ്ങാനം പ്രവിത്താനം കുറ്റിക്കാട്ടിൽ വീട്ടിൽ നിന്ന് പൈവഴി വട്ടയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അമൽ അഗസ്റ്റിൻ (24) ആണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്.

നെടിയകാല മുടവനാലുള്ള എൺപത്തെട്ടുകാരിയുടെ മാലയാണ് കഴിഞ്ഞ 23 ന് ഉച്ചയ്ക്ക് ഇയാൾ കവർന്നെടുത്തത്. ഓൺലൈൻ റമ്മി കളിക്ക് അടിമപ്പെട്ടയാളാണ് പ്രതി. മൂന്നര ലക്ഷത്തോളം രൂപ ഈയിനത്തിൽ ഇയാൾക്ക് നഷ്ടമുണ്ടായിട്ടുണ്ട്. കളിച്ചു കിട്ടിയ തുക 60,000 രൂപയോളം വരും. നഷ്ടമായ ശേഷിച്ച പണം തിരിച്ചു പിടിക്കാൻ വീണ്ടും റമ്മി കളിക്കുന്നതിന് വേണ്ടിയാണ് മോഷണത്തിന് ഇറങ്ങിയത്. ഹീറോ പ്ലഷർ സ്‌കൂട്ടറിൽ ചുറ്റിക്കറങ്ങിയാണ് മോഷണത്തിന് ശ്രമിച്ചത്. പിതാവുമൊത്ത് താമസിക്കുന്ന വാടകവീട്ടിൽ നിന്ന് 35,000 രൂപ ഇയാൾ മോഷ്ടിച്ചിരുന്നു.

ഓടു പൊളിച്ചാണ് മോഷണം നടത്തിയത്. ഇത് മറ്റാരോ മോഷ്ടിച്ചതാണെന്ന് വരുത്തി തീർക്കുകയും ചെയ്തു. ആ പണവും റമ്മി കളിച്ച് നഷ്ടമായിരുന്നു. തുടർന്നാണ് ധന സമ്പാദനത്തിന് പുറത്തിറങ്ങി മോഷ്ടിക്കാൻ തീരുമാനിച്ചത്. ഇതിനായി തനിച്ചു താമസിക്കുന്നതോ കട നടത്തുന്നതോ ആയ വയോധികമാരെ നോട്ടമിട്ടു. ഇലവുംതിട്ട മുതൽ നെടിയകാല വരെ ഇതിനായി ഇയാൾ ശ്രമിച്ചെങ്കിലും കടയിൽ എപ്പോഴും ആൾക്കാരുള്ളതിനാൽ കഴിഞ്ഞില്ല. അങ്ങനെ നിരീക്ഷണം നടത്തി വരുമ്പോഴാണ് മുടവനാൽ ധാന്യപ്പൊടി മില്ലിന് അടുത്തുള്ള വീട്ടിലെ വയോധിക തനിച്ചാണെന്ന് മനസിലാക്കിയത്. ഇവരുടെ കഴുത്തിൽ സ്വർണമാലയും കണ്ടു.

തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ കഴുത്തിൽ കത്തി വച്ച ശേഷം മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയിൽ വയോധിക മറിഞ്ഞ് വീണ് പരുക്കേൽക്കുകയും ചെയ്തു. മാലയും പൊട്ടിച്ച് പ്രതി ബൈക്കിൽ കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ പ്ലഷർ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കൂറിച്ച് സൂചന ലഭിച്ചത്. കസ്റ്റഡിയിൽ എടുത്ത പ്രതി കുറ്റമേറ്റ് പറയുകയായിരുന്നു. ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 20,000 രൂപയ്ക്ക് പണയം വച്ച സ്വർണമാല കണ്ടെടുത്തു.

സ്വന്തം നാട്ടിൽ പലരോടും കടം വാങ്ങി റമ്മി കളിച്ച് അവിടെ നിൽക്കാൻ പറ്റാതെ വന്നപ്പോഴാണ് പിതാവ് ടാപ്പിങ് ജോലി ചെയ്യുന്ന പൈവഴിയിലെ വീട്ടിൽ എത്തിയത്. ആദ്യം മോഷണം പിതാവിന്റെ 25,000 രൂപയായിരുന്നു. പുറമേ നിന്നുള്ളവർ മോഷ്ടിച്ചതാണെന്ന് വരുത്തി തീർക്കാൻ വാടകവീടിന്റെ ഓടു പൊളിച്ച് അകത്തു കടന്നാണ് പണം എടുത്തത്. ഇതു സംബന്ധിച്ച് പിതാവ് പരാതി നൽകിയിരുന്നില്ല.

ഇൻസ്പെക്ടർ ടി.കെ. വിനോദ്കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്‌ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, സനൂപ്, വിപിൻ, ഡിവൈ.എസ്‌പിയുടെ ഷാഡോ സംഘത്തിലെ ഷെഫീക്ക്, പൊലീസുകാരായ അരുൺ, പ്രശോഭ്, ശിവസുതൻ, സുരേഷ് എന്നിവരാണുണ്ടായിരുന്നത്.