ചെന്നൈ: നടി അമലപോൾ നൽകിയ വിശ്വാസ വഞ്ചന കേസുമായി ബന്ധപ്പെട്ട് മുൻ സുഹൃത്തിനെ  വിഴുപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ ഭവ്‌നീന്ദർസിങ് ദത്ത് (35) ആണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് നാലു വർഷം മുൻപ് വിഴുപ്പുറം കേന്ദ്രമായി സിനിമ നിർമ്മാണ കമ്പനി തുടങ്ങിയിരുന്നു. അമലപോൾ പ്രസ്തുത കമ്പനിയിൽ വൻ തുക മുതൽമുടക്കിയിരുന്നു.

കമ്പനി ബാനറിൽ 'കഡാവർ' എന്ന സിനിമ നിർമ്മിക്കുകയും ഇത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസാവുകയും ചെയ്തിരുന്നു. അമലപോളിനെ വിവാഹം കഴിക്കാനിരിക്കയാണെന്ന് അറിയിച്ച് ഫോട്ടോ സഹിതം സാമുഹിക മാധ്യമങ്ങളിൽ ഭവ്‌നീന്ദർസിങ് ദത്ത് പോസ്റ്റിടുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.

2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്‌നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇതോടെ അമല വിവാഹിതയായെന്ന വാർത്തയും പരന്നു. എന്നാലിവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കി അമല തന്നെ രംഗത്തെത്തിയതോടെ ഭവ്‌നിന്ദർ അവ നീക്കം ചെയ്യുകയായിരുന്നു.

അമല പോളിനെ സിനിമ നിർമ്മാണ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കി വ്യാജരേഖ ചമച്ച് ദത്ത് വഞ്ചിച്ചതായാണ് പരാതി. അമലപോളിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. വ്യാജരേഖ ചമക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ദത്തിനെതിരെ പൊലീസ് കേസെടുത്തത്.

2020 നവംബറിൽ ഗായകൻ കൂടിയായ ഭവ്‌നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. 2018 ൽ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. അതിൽ ഭവ്‌നിന്ദറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചെന്നും റിപ്പോർട്ടുണ്ട്.

നാലു വർഷത്തെ പ്രണയത്തിനു ശേഷം 2014 ൽ സംവിധായകൻ എ.എൽ. വിജയ്‌യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടി. അതിനു ശേഷമാണ് ഭവ്‌നിന്ദറെ പരിചപ്പെടുന്നതു. കഡാവർ ആണ് അമല പോളിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രം ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിനെത്തിയത്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ, പൃഥ്വിരാജിന്റെ ആടുജീവിതം എന്നിവയാണ് നടിയുെട പുതിയ പ്രോജക്ടുകൾ.