- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിൽ ജനിച്ച 28കാരൻ; തോക്കുമായി കാനഡയിൽ നടത്തിയത് മയക്കുമരുന്ന് കച്ചവടം; കൊലയും കൊള്ളയും നടത്തിയ ക്രിമിനലിനെ യുഎന്നും ഗുണ്ടാ ലിസ്റ്റിൽ പെടുത്തി; കാനഡയിലെ 11 ഗുണ്ടാ ഭീകരരിൽ ഒരാൾ; ഒടുവിൽ സുഹൃത്തിന്റെ ക്ഷണപ്രകാരം വിവാഹ ചടങ്ങിനെത്തിയപ്പോൾ കൊല; അമർ പ്രീത് സിങ് കൊടുംകുറ്റവാളി; കൊലയിൽ റോയും അന്വേഷണത്തിൽ
ഒട്ടാവ: കാനഡയിൽ വിവാഹസത്കാരത്തിനിടെ ഇന്ത്യൻ വംശജനായ ഗുണ്ടാതലവൻ വെടിയേറ്റുമരിച്ച സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തും. പഞ്ചാബിൽ നിന്നുള്ള അമർ പ്രീത് സിങ്ങാണ് (28) വാൻകൂവർ നഗരത്തിൽനടന്ന പരിപാടിക്കിടെ കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനുപിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അക്രമത്തിൽ ആരെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
കനേഡിയൻ പൊലീസിന്റെ അത്യധികം അപകടകാരിയായ ഗുണ്ടകളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് അമർപ്രീത്. ആദ്യ ഒൻപത് പേരുടെ പട്ടികയിൽ ഇയാളുമുണ്ട്. കൊലപ്പെടുത്തിയത് എതിരാളികളായ ബ്രദേഴ്‌സ് ഗ്രൂപ്പാണെന്നാണ് വിലയിരുത്തൽ. അജ്ഞാതസംഘം ഇയാൾക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ സഹോദരനായ രവീന്ദറും ഗുണ്ടാനേതാവാണ്. ഇയാളും ചടങ്ങിനെത്തിയിരുന്നു. ഇവരെത്തിയ കാറും തകർത്താണ് അക്രമികൾ സ്ഥലം വിട്ടത്.
പരിപാടിക്കിടെ ഹാളിലെത്തിയ സംഘം, ഡി.ജെ. പാർട്ടി നടത്തുന്നയാളോട് സംഗീതം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. അറുപതോളംപേരാണ് ആ സമയം ഹാളിലുണ്ടായിരുന്നത്. ഗുണ്ടകളുടെ ഐക്യരാഷ്ട്ര സഭയുടെ പട്ടികയിലും അമർ പ്രീത് ഉണ്ട്. അമർ പ്രീത് വിവാഹത്തിന് എത്തുമെന്ന് അറിഞ്ഞുള്ള ഗൂഢാലോചനയായിരുന്നു പദ്ധതി. ബ്രദേഴ്‌സ് കീപ്പേഴ്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ ആളുകൾ വളരെ നേരത്തെ ഹാളിൽ നിലയുറപ്പിച്ചിരുന്നു. അവരാണ് വെടിയുതിർത്തത്. ഹാളിന് പുറത്തേക്ക് അമർപ്രീത് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.
കഴിഞ്ഞ വർഷമാണ് 11 പേരുടെ ഗുണ്ടാപട്ടിക കാനഡ പുറത്തു വിട്ടത്. ഗുണ്ടാ അതിക്രമങ്ങൾ കൂടിയപ്പോഴായിരുന്നു ഇത്. ഈ പട്ടികയിൽ 9 പേരും സിഖ് വംശജരാണ്. കാനഡ കേന്ദ്രീകരിച്ച് സിഖ് സംഘടനകൾ വിഘടനവാദം ശക്തമാക്കുന്നുവെന്ന വിലയിരുത്തൽ കേന്ദ്ര സർക്കാരിനുമുണ്ട്. അതുകൊണ്ടു തന്നെ റോ അടക്കമുള്ള ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും ഇവരെ നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഗുണ്ടാ പട്ടികയിലെ പ്രധാനി കൊല്ലപ്പെടുന്നത്. ഗുണ്ടാ സംഘങ്ങൾ തമ്മിലെ കുടിപക എത്ര ശക്തമാണെന്നതിന് തെളിവാണ് ഇത്.
അമർപ്രീതിന്റെ മൂത്ത സഹോദരനും ഗുണ്ടാ പട്ടികയിലുണ്ട്. പഞ്ചാബിലാണ് അമർ പ്രീതിന്റെ ജനനം. ചുക്കി എന്നാണ് വിളിപ്പേര്. നിരവധി കൊലക്കേസുകളിലും ഇയാൾ പങ്കാളിയായിരുന്നു. മയക്കുമരുന്ന് കടത്തിലൂടെയായിരുന്നു പണ സമ്പാദനം. രണ്ടു തവണ എതിരാളികളുടെ വധശ്രമത്തെ അതിജീവിച്ചിട്ടുണ്ട്. അതിന് ശേഷവും പൊലീസ് സംവിധാനവുമായി സഹകരിക്കാൻ അമർ പ്രീത് തയ്യാറായില്ല.
ബികെ, വൂൾഫ് പാക് അലൈൻസ്, റെഡ് സ്‌കോർപ്പിയോൺ തുടങ്ങിയ ഗുണ്ടാ സംഘങ്ങളുമായി നിരന്തരം കൊമ്പു കോർത്തു. ഇതിനൊടുവിലാണ് വിവാഹ ഹാളിന് പുറത്തുള്ള കൊല. വിഘടനവാദ സംഘങ്ങളുമായി ഇയാൾക്ക് പങ്കുണ്ടോ എന്നതടക്കം റോ പരിശോധിക്കും.




