- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമ്പൻ അജയകുമാറിന്റെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ കക്കാട് തുളിച്ചേരിയിലെ നമ്പ്യാർ മെട്ടയിൽ പ്ലംബിങ് തൊഴിലാളി കൊല്ലപ്പെട്ടത് അതിക്രൂരമായ മർദ്ദനമേറ്റിട്ടാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. അമ്പൻ അജയകുമാറെന്ന 61-വയസുകാരനെ പ്രതികൾ ആഞ്ഞു ചവിട്ടുകയും തലയ്ക്കു അടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
പ്രതികൾ വളഞ്ഞിട്ടു ചവിട്ടുകയും മാരകവസ്തുക്കൾ കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. അതിക്രൂരമായ മർദ്ദനത്തിൽ അജയകുമാറിന്റെ വാരിയെല്ലും, ആന്തരികാവയവങ്ങളും തകർന്ന് രക്തസ്രാവം ഉണ്ടായതാണ് മരണകാരണം ആയതെന്നാണ് പോസ്റ്റു മോർട്ടം റിപ്പോർട്ടിലുള്ളത്.
അയൽവാസിയായ ടി. ദേവദാസ്, മക്കളായ സഞ്ജയ്ദാസ്, സൂര്യദാസ്, അസം സ്വദേശി അസദുൽ ഇസ്ലാം എന്നിവരെയാണ് ജയകുമാർ വധക്കേസിൽ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഞായറാഴ്‌ച്ച വൈകിട്ട് മൂന്ന് മണിക്ക് ദേവദാസിന്റെ വീട്ടുമുറ്റത്തു നിന്നു കാറും ഓട്ടോറിക്ഷയും കഴുകിയ മലിനജലം റോഡിലേക്ക് ഒഴുക്കി വിട്ടത് അജയകുമാർ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നു ദേവദാസും മക്കളുമായി അജയകുമാർ വാക്കേറ്റം നടത്തുകയും ചെയ്തിരുന്നു.
വിഷയത്തിൽ ഇടപെട്ട അയൽവാസികളും നാട്ടുകാരും രമ്യമായി പരിഹരിക്കുകയും സ്ഥിതി ശാന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷം വൈകിട്ട് അഞ്ചു മണിയോടെ റോഡരികിലെ കടവരാന്തയിൽ ഇരിക്കുകയായിരുന്ന അജയകുമാറിനെ ബൈക്കിലെത്തിയ ദേവദാസിന്റെ മക്കളും ഇതരസംസ്ഥാന തൊഴിലാളിയും ചേർന്ന് ഫൈബർ കസേര, ഹെൽമെറ്റ്, കല്ല്, വടി എന്നിവ കൊണ്ടു മാരകമായി മർദ്ദിക്കുകയായിരുന്നു.
ഇതിനിടെയിൽ മർദ്ദനം തടയാൻ വന്ന പ്രവീൺകുമാറെന്ന അയൽവാസിയെയും ഇവർ മർദ്ദിച്ചു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അജയകുമാറിനെയും പ്രവീണിനെയും പ്രാദേശിക കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ കണ്ണൂർ കൊയിലി ആശുപത്രിയിലെത്തിച്ചത്. ഇതിനകം തന്നെ അജയകുമാർ മരണമടഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന അയൽവാസി കെ.പ്രവീൺ കുമാർ ഗുരുതരമായി പരുക്കേറ്റ് കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ എടക്കാട് സി. ഐ ശംഭുനാഥ് അറസ്റ്റുചെയ്തു. പ്രതികളെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. റിമാൻഡിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൊലിസ് അറിയിച്ചു. അമ്പൻ അജയകുമാറിന്റെ കൊലപാതകത്തെ തുടർന്ന് പ്രതികളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷ അജ്ഞാത സംഘം തകർത്തിരുന്നു. പ്രതിയും ആർ.സി ഉടമയുമായ ദേവദാസിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.