- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ആംബുലന്‍സ് വിളിച്ചത് ശ്വാസംമുട്ടി മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടു പോകാന്‍; മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയില്‍'; നവജാത ശിശു കൂടെയുള്ള സ്ത്രീയുടേതെന്ന് സിറാജുദ്ദീന്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആംബുലന്‍സ് ഡ്രൈവര്‍
നവജാത ശിശു കൂടെയുള്ള സ്ത്രീയുടേതെന്ന് സിറാജുദ്ദീന്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആംബുലന്‍സ് ഡ്രൈവര്‍
മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍. യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആംബുലന്‍സ് വിളിച്ചത് വയോധികയുടെ മൃതദേഹം കൊണ്ടുപോകാനെന്ന് തെറ്റിദ്ധരിപ്പിച്ചാണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനില്‍ പറഞ്ഞു. ശ്വാസംമുട്ടിനെ തുടര്‍ന്ന് മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലന്‍സ് വിളിച്ചതെന്നും അനില്‍ പറയുന്നു.
പെരുമ്പാവൂരില്‍ യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം യുവതിയുടേതായിരുന്നുവെന്ന് മനസ്സിലായത് എന്നും ആംബുലന്‍സ് ഡ്രൈവര്‍ അനില്‍ പറഞ്ഞു. മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയില്‍ ആയിരുന്നു. സിറാജുദ്ദീന്റെ സുഹൃത്ത് ആണ് ആംബുലന്‍സില്‍ ഒപ്പം കയറിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതെന്ന് അനില്‍ പറയുന്നു. നവജാത ശിശുവുമായി കാറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. കുഞ്ഞ് കൂടെ ഉള്ള സ്ത്രീയുടേതാണെന്ന് തെറ്റിദ്ധരിച്ചെന്ന് അനില്‍ പറഞ്ഞു.
വൈകുന്നേരം 6 മണിക്കാണ് യുവതി വീട്ടില്‍ പ്രസവിച്ചത്. രാത്രി ഒന്‍പത് മണിക്കാണ് യുവതി രക്തം വാര്‍ന്ന് മരിച്ചത്. അസ്മയ്ക്ക് പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോര്‍ട്ടത്തില്‍ കണ്ടെത്തി. കളമശ്ശേരി മെഡിക്കല്‍ കോളജിലെ മൂന്ന് മണിക്കൂര്‍ നീണ്ട പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് കണ്ടെത്തല്‍.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടില്‍ നടന്ന പ്രസവത്തെ തുടര്‍ന്നുള്ള അസ്മയുടെ മരണം.മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും. ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സ നല്‍കാനോ സിറാജുദ്ദീന്‍ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു അസ്മയുടേത്. അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി ആര്‍.വിശ്വനാഥ് പറഞ്ഞു. സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് എസ്പി അറിയിച്ചു. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയില്‍ നടന്നത്, മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു. കുറച്ച് കാലം ഇവര്‍ വളാഞ്ചേരിയിലും താമസിച്ചു. ഇവിടെ വച്ചും പ്രസവം നടന്നിരുന്നെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലാണ് അസ്മ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമുള്ള നരഹത്യക്കുറ്റം, തെളിവുനശിപ്പിക്കല്‍ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.