കൊച്ചി: നിർഭയയ്ക്ക് സമാനമായിരുന്നു പെരുമ്പാനൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസും. ആദ്യ ദിനം ചെറിയ വാർത്തയിൽ ഒതുങ്ങിയ കൊലപാതകം. എറണാകുളത്തെ നിയമവിദ്യാർത്ഥികൾ സഹപാഠിയുടെ കൊലപാതകത്തിന് വേണ്ടി തെരുവിൽ ഇറങ്ങിയപ്പോൾ അത് മലയാളിയുടെ നൊമ്പരമായി. അങ്ങനെ ആ പെൺകുട്ടി കേരളത്തിന്റെ നിർഭയയുമായി. ഇത് തിരിച്ചറിഞ്ഞാണ് ഹൈക്കോടതിയുടെ വധ ശിക്ഷ ശരിവയ്ക്കലും. അമീറുൾ ഇസ്ലാമിന്റെ വാദങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഇനി സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. പക്ഷേ പരമോന്നത നീതിപീഠവും അമീറുളിന് അർഹിക്കുന്ന ശിക്ഷ നൽകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

പ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ വിധിച്ചിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറൽ, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളെല്ലാം ചെയ്തത് അമീറാണെന്ന് കോടതി കണ്ടെത്തിയിരുനനു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്ലാം വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകൾ അണിനിരത്തിയാണു പ്രോസിക്യൂഷൻ കേസ് വാദിച്ചത്. കേസിൽ 195 സാക്ഷികളുണ്ടായിരുന്നു. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടികയാണ് 527 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം പൊലീസ് സമർപ്പിച്ചത്.

2016 ഏപ്രിൽ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ വച്ചാണ് പെൺകുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുൾമുനയിൽ നിർത്തിയ ഈ കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ 2016 ജൂൺ 14ന് തമിഴ്‌നാട്‌കേരളാ അതിർത്തിയിൽനിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. ഇത് സംഭവിക്കുകയും ചെയ്തു. അമീർ അമിതമായ ലൈംഗികാസക്തിയോടെ ജിഷയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും അത് എതിർത്ത ഇരയുടെ പ്രത്യാക്രമണത്തിൽ പരുക്കേറ്റ പ്രതി കൈവശം കരുതിയിരുന്ന കത്തികൊണ്ടു കഴുത്തിലും മുഖത്തും കുത്തി വീഴ്‌ത്തിയശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയെന്നുമാണു കോടതി കണ്ടെത്തിയത്. അതിനുശേഷം സ്വകാര്യഭാഗങ്ങളിലും പ്രതി ക്രൂരമായി മുറിവേൽപ്പിച്ചിരുന്നു.

2016 ഏപ്രിൽ 28 നു വൈകിട്ട് 5.30നും ആറിനും ഇടയിലാണു കൊല നടന്നത്. കൊലയ്ക്കുശേഷം യുവതിയുടെ വീടിനു പിന്നിലൂടെ ഇറങ്ങിയ അമീർ സഹോദരൻ ബദറുൽ ഇസ്ലാം താമസിക്കുന്ന വാടകവീട്ടിലെത്തി കുളിച്ചു. ബദറിന്റെ വസ്ത്രങ്ങളും ധരിച്ചാണ് ആലുവ റെയിൽവേ സ്റ്റേഷനിലേക്കു പോയത്. മാതാപിതാക്കളുമായി വഴക്കിട്ടാണ് അമീർ പെരുമ്പാവൂരിൽ എത്തിയത്. മാതാപിതാക്കളുടെ അടുത്തേക്കു പോകുന്നുവെന്നു പറഞ്ഞതുകൊണ്ടാണു പണം നൽകിയതെന്നു ബദർ പൊലീസിനു മൊഴി നൽകിയിരുന്നു. അസമിലുള്ള അമ്മയോടു ഫോണിൽ സംസാരിച്ചശേഷമാണ് അമീറിനു ബദർ പണം നൽകിയത്.

ബദറിന്റെ വാടകവീട്ടിൽനിന്ന് ഇറങ്ങുമ്പോൾ അമീർ നേരത്തെ ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രം പൊതിഞ്ഞെടുത്തു. കൊലയ്ക്ക് ശേഷം മെയ് ആദ്യം അസമിലെത്തിയ അമീർ ജൂൺ ആദ്യം അവിടെനിന്നു തമിഴ്‌നാട്ടിലേക്കു തിരിച്ചു. പിന്നീട് പൊലീസ് തന്ത്രപരമായി ഇയാളെ പിടികൂടി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. ആരുടേയും മനസ്സിൽ നൊമ്പരപ്പെടുത്തുന്ന വിധത്തിൽ അതിക്രൂരമായിരുന്നു ഈ കൊലപാതകം. സംഭവ ദിവസം യുവതിയുടെ വീട്ടിലെത്തിയതു മുതൽ കൊലപാതകം നടത്തി തിരിച്ചുപോകും വരെയുള്ള ഒരു മണിക്കൂറോളം നീളുന്ന സംഭവ പരമ്പരയെക്കുറിച്ച് പ്രതി അമിറുൾ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ കഠിനഹൃദയരുടെപോലും കരളലിയിക്കുന്നതാണ്.

അമീറുള്ളിന്റെ കുറ്റപത്രത്തിലെ മൊഴി ഇങ്ങനെ:

വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്ത് യുവതിയുടെ വട്ടോളിപ്പടിയിലെ വീട്ടിലെത്തി. വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുകയായിരുന്ന യുവതിയെ എന്നെ കണ്ടു. ഉടൻ അവൾ പുറത്തേക്കുവന്ന് എന്നോടു കടന്നുപോകാൻ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയി. എതാനും മിനിട്ടുകൾ അവിടെ നിന്നു. തിരിച്ച് അൽപദൂരം നടന്നപ്പോൾ അവരെ അനുഭവിക്കണമെന്ന തോന്നൽ ശക്തമായി. തിരിച്ചുവരുമ്പോൾ യുവതി വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. ഞാൻ ശക്തിയായി തള്ളി അവളെ വീടിനുള്ളിലാക്കി. ഉള്ളിലേക്ക് കടന്നപ്പോൾ ചാടിയെഴുന്നേറ്റ യുവതിജ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഞാൻ കാൽ കൊണ്ട് തുറന്നുകിടന്ന വാതിൽ അടച്ചു.

മൽപ്പിടുത്തത്തിനിടയിൽ പിന്നിൽനിന്നും കെട്ടിപ്പുണരാൻ ശ്രമിച്ചപ്പോൾ അവൾ കൈയിൽ കടിച്ചു. ഈയവസരത്തിൽ ഞാൻ അവളുടെ തോളിലും കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു. പിന്നീട് നടന്ന പിടിവലിയിൽ യുവതിയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തി കൊണ്ടു. കത്തിപിടിച്ചിരുന്ന കയ്യിൽ യുവതി ബലമായി പിടിച്ചിരുന്നതിനാൽ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയിൽ ഏറ്റില്ല. ഇതിനിടയിൽ യുവതിയുടെ ചുരിദാർ ബോട്ടം വലിച്ചഴിച്ചു. ഇത് നേരയാക്കുന്നതിലേക്ക് അവർ ഒരു നിമിഷം തിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേർത്തുപിടിച്ച് മുതുകിൽ കുത്തി. അപ്പോഴും യുവതിയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തിൽ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ യുവതിയുടെ നിലതെറ്റി. അവൾ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോൾട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവൾ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി ഞാൻ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു.

ഈ സമയം അർദ്ധബോധാവസ്ഥയിലായ അവൾ വെള്ളം ചോദിച്ചു. ഉടൻ ഞാൻ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചു കൊടുത്തു. അത്യാർത്തിയോടെ അവളത് ഉള്ളിലാക്കി. തുടർന്നു താൻ ലൈംഗിക ബന്ധത്തിന് തയ്യാറായി. ദുർബലയായിരുന്നെങ്കിലും ഈയവസരത്തിലും യുവതിയുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു. നിലത്ത് കുനിഞ്ഞിരുന്ന് മുട്ടുകാൽ കൊണ്ട് ചരിഞ്ഞുകിടന്നിരുന്ന യുവതിയുടെ കാലുകൾ അകറ്റാൻ ശ്രമച്ചു. എന്നാൽ ഏറെ പണിപ്പെട്ടിട്ടും ഇതിനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ അവളോടുള്ള ദേഷ്യം ഇരട്ടിയായി. പിന്നെ കത്തിയെടുത്ത് ജനനേന്ദ്രിയത്തിൽ പലതവണ കുത്തി.ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു. മരണം ഉറപ്പായതോടെ വീടിന്റെ മുൻവാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോൾ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലം വിട്ടു.

അമിറുളിന്റെ മൊഴിയിൽ പരാമർശിച്ചിട്ടുള്ള വിവരങ്ങളെല്ലാം സാഹചര്യത്തെളിവുകളുമായി പൊരുത്തപ്പെടുന്നതാണെന്ന് അന്വേഷക സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ കടിയേറ്റതിനെത്തുടർന്ന് കൈയിൽ രക്തമൊഴുകിയിരുന്ന അവസരത്തിലാണ് അമിറുൾ മുന്നിലെ കതകിന്റെ ബോൾട്ട് ഇട്ടത്. ഇതേത്തുടർന്ന് ബോൾട്ടിൽ പറ്റിപിടിച്ച രക്തക്കറ കേസിൽ നിർണ്ണായകതെളിവായി മാറി. മദ്യം വാങ്ങാൻ സ്ഥിരമായി കുറുപ്പംപടിയിലെ ബീവറേജസിലേക്ക് പോയിരുന്ന അവസരത്തിലാണ് യുവതിയിൽ താൻ ആകൃഷ്ടനായതെന്നാണ് അമിറുൾ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. യുവതിയുടെ വീടിനടുത്തുള്ള കനാൽബണ്ട് റോഡ് വഴിയായിരുന്നു ഇയാളുടെ മദ്യശാലയിലേക്കുള്ള യാത്ര.

ഈ സമയം വീടിന് മുന്നിൽ ജിഷയുണ്ടെങ്കിൽ താൻ ചുളമടിച്ച് വിളിക്കുകയും ഗോഷ്ടികൾ കാണിക്കുകയും ചെയ്യുമായിരുന്നെന്നും ഇതിൽ യുവതി എതിർപ്പ് പ്രകടിപ്പിക്കുകയും ചെരുപ്പൂരി കാണിക്കുകയും മറ്റും ചെയ്തിട്ടുണ്ടെന്നും ഇയാൾ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് കോടതി അംഗീകരിച്ച് വധശിക്ഷ വിധിച്ചതും. ഹൈക്കോടതിയും ഈ വിധി മുഖവിലയ്ക്കെടുത്തു.