- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഐ ക്വിറ്റ്' എന്നെഴുതിയത് അമ്മുവല്ല; ആ കയ്യക്ഷരം അവളുടേതല്ല; ഫോണിന്റെ ലോക്ക് മാറ്റിയത് ആര്? അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്; നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദൂരഹത ആരോപണം കടുപ്പിച്ച് കുടുംബം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു
'ഐ ക്വിറ്റ്' എന്നെഴുതിയത് അമ്മുവല്ല
തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങുന്നില്ല. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ കൂടുതല്‍ ഗൗരവകരമാണ്. കേസുമായി ബന്ധപ്പെട്ട് സഹപാഠികള്‍ അറസ്റ്റിലായിരുന്നു. ഇതില്‍ പ്രതികരിച്ച് അമ്മുവിന്റെ കുടുംബം രംഗത്തുവന്നു.
അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഐ ക്വിറ്റ് എന്ന് പുസ്തകത്തില്‍ എഴുതിയതിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ല. ഫോണിന്റെ ലോക്ക് മാറ്റിയതിലും ദുരൂഹതയുണ്ട്. ആരാണ് ഫോണിന്റെ ലോക്ക് മാറ്റിയതെന്നും പൊലീസ് അന്വേഷണം കൃത്യമായ ദിശയിലെന്നും അച്ഛനും സഹോദരനും പ്രതികരിച്ചു.
പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.
അതേസമയം അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കി. ചുട്ടിപ്പാറ എസ്.എം.ഇ നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയും തിരുവനന്തപുരം ആയിരുപ്പാറ സ്വദേശിനിയുമായ അമ്മു സജീവിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയാണ് നില നില്‍ക്കുന്നതെന്നും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
2024 ഒക്ടോബര്‍ 10ന് അമ്മുവിന്റെ പിതാവ് സജീവ് ''മകളുടെ ജീവന് പോലും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി'' പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കിയെങ്കിലും വീണ്ടും ഉപദ്രവം നേരിടേണ്ടി വന്നതിനാല്‍ ഒക്ടോബര്‍ 27 ന് വീണ്ടും പരാതി നല്‍കേണ്ട സാഹചര്യം ഉണ്ടായി. എന്നിട്ടും വേട്ടക്കാര്‍ക്കൊപ്പം നിലകൊള്ളുകയാണ് കേളേജ് പ്രിന്‍സിപ്പലിന്റെയും അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായത് എന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് നല്‍കിയ കത്തില്‍ പറയുന്നു.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സംഭവ ദിവസം വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷമായി ഇരിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മു കെട്ടിടത്തില്‍ നിന്ന് ചാടിയെന്ന് വൈകിട്ട് നാലരയോടെ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളേജില്‍ നിന്ന് പറഞ്ഞത്. 2.6 കിലോമീറ്റര്‍ മാത്രം അകലെയുള്ള പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച സമയമായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15 നാണ്. 2.6 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അരമണിക്കൂറിലേറെ സമയം എന്തിനെടുത്തു എന്നതും ദുരൂഹമാണ്. 37 മിനിറ്റോളം ഹോസ്പിറ്റലില്‍ കിടത്തിയതായും പറയുന്നു.
തിരുവല്ലയില്‍ മികച്ച സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിട്ടും ഐവി ലൈന്‍ പോലുമില്ലാത്ത ആംബുലന്‍സില്‍ കിലോമീറ്ററുകള്‍ അകലെയുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിനു പിന്നിലും ദുരൂഹതയുള്ളതായും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നുമാണ് കെഎസ്‌യു കത്തില്‍ ആവശ്യപ്പെടുന്നത്.
അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. അമ്മു ജീവനൊടുക്കില്ലെന്നും കുടുംബം ആവര്‍ത്തിക്കുന്നു.