- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ഭർത്താവ് പ്ലാൻ ചെയ്തത് അരുംകൊല; മൺവെട്ടി കൈ കൊണ്ട് യുവതിയെ മർദ്ദിച്ചു ബോധരഹിതയാക്കി; മണ്ണെണ്ണ ഒഴിച്ച് തീ പിടിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സെപ്ടിക് ടാങ്കിൽ തള്ളി തെളിവു നശിപ്പിക്കാനും ശ്രമം; ആനാട് സുനിത കൊലക്കേസിലെ വിചാരണ നാളെ തുടങ്ങും
തിരുവനന്തപുരം: ഭാര്യയെ തീ കൊളുത്തിക്കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ ആനാട് സുനിത കൊലക്കേസ് വിചാരണ നാളെ തുടങ്ങും. ആനാട് വേങ്കവിള വേട്ടമ്പള്ളി തവലോട്ടുകോണം നാല്‌സെന്റ് കോളനിയിൽ ജീനാ ഭവനിൽ ജോയ് എന്ന് വിളിക്കുന്ന ജോയ് ആന്റണിയുടെ ഭാര്യ സുനിതയെ (35) മണ്ണെണ്ണ ഒഴിച്ച് ചുട്ടെരിച്ചു കൊന്ന കേസിന്റെ വിചാരണയാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. സുനിതയുടെ ഭർത്താവ് ജോയ് (43), ജോയിയുടെ മാതാവ് ലില്ലി ഭായ് (83), സഹോദരി ജയ(44), എന്നിവരാണ് ഈ കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ.
2013 ഓഗസ്റ്റ് 3 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതിയായ ഭർത്താവ് ജോയി ഭാര്യ സുനിതയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി മനപ്പൂർവം സുനിതയുടെ മേൽ ആരോപണങ്ങൾ ഉന്നയിച്ച് ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൃത്യ ദിവസം വൈകിട്ട് അഞ്ചുമണിയോടെ സുനിതയ്ക്ക് വന്ന ഫോൺകോളിൽ കുറ്റമാരോപിച്ച് മൺവെട്ടിക്കൈ കൊണ്ട് സുനിതയുടെ ശരീരത്തിന്റെ പല ഭാഗത്തും അടിച്ച് സുനിത ബോധരഹിതയായി വീടിനകത്ത് വീണപ്പോൾ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ സുനിതയുടെ പുറത്തു കൂടെ ഒഴിച്ച് തീ പിടിപ്പിച്ച് കൊലപ്പെടുത്തി.
തുടർന്ന് സുനിതയുടെ മൃതശരീരം ഓഗസ്റ്റ് 6 വരെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച് വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് മൃതശരീരത്തിന്റെ ഭാഗങ്ങൾ വീട്ടിലെ കക്കൂസിന്റെ സെപ്റ്റിക് ടാങ്കിൽ വാരിയിട്ടും ഒന്നു മുതൽ മൂന്നു വരെ പ്രതികൾ ചേർന്ന് കൊല നടത്തിയ വീട് വൃത്തിയാക്കി തെളിവ് നശിപ്പിച്ചു എന്നുള്ളതാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോയ പ്രതികളെ 2013 ഓഗസ്റ്റ് 18 ന് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നെടുമങ്ങാട് റവന്യൂ റിക്കവറി തഹദിൽദാർ ബൈജുന്റെ സാന്നിധ്യത്തിൽ സെപ്റ്റിക് ടാങ്ക് തുറന്നു പൊലീസ് പരിശോധന നടത്തി.
നാട്ടുകാരുടെ സാന്നിധ്യത്തിൽ ടാങ്കിന്റെ മൂട് ഇളക്കി കുഴിയിൽ ഇറങ്ങി തലയുടെ ഭാഗമാണ് ആദ്യം പുറത്തെടുത്തത്. തലയും ശരീരഭാഗങ്ങളും അഴുകി വേർപെട്ട നിലയിലായിരുന്നു. കുഴിയിലുണ്ടായിരുന്ന സകല ശരീരഭാഗങ്ങളും പുറത്തെടുത്ത് ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. ഒരു ചാക്കിൽ കെട്ടാവുന്ന അവശിഷ്ടങ്ങൾ മാത്രമാണ് കുഴിയിലുണ്ടായിരുന്നത് പോസ്റ്റ്‌മോർട്ടത്തിനുശേഷം അവശിഷ്ടങ്ങൾ കോളനിയിൽ മറവ് ചെയ്തു.
കേസിലെ രണ്ടുമൂന്നും പ്രതികളായ ജോയിയുടെ അമ്മയും സഹോദരിയും കോടതിയിൽ നിന്നും ജാമ്യം എടുത്ത ശേഷം ഒളിവിൽ പോയി. ഒന്നാം പ്രതി ജോയി മാത്രമാണ് വിചാരണ നേരിടുന്നത്. 37 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും.16 രേഖകളും 21 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.