കോഴിക്കോട്: പറമ്പിൽ ബസാർ സ്വദേശി അനഘയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതല ആരോപണവുമായി ബന്ധുക്കൾ.ക്രൂരമായ പീഡനമാണ് അനഘയ്ക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.മൂന്നുവർഷം മുമ്പായിരുന്നു അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം. അനഘയുടെ രക്ഷിതാക്കൾ നിയമപരമായി വേർപിരിഞ്ഞ് ജീവിക്കുന്നതിന്റെ പേരിൽ ശ്രീജേഷും അമ്മയും സഹോദരിയും അനഘയെ നിരന്തരം മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.

ബന്ധുക്കൾ ആരെങ്കിലും വീട്ടിലെത്തിയാൽ കാണാൻ അനുവദിക്കുകയോ അനഘയെ വീട്ടിലേക്ക് വരാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല.അനഘയുടെ ജന്മദിനത്തിൽ കേക്കുമായി എത്തിയ സഹോദരനെ വീട്ടിൽനിന്ന് ഇറക്കി വിടുകയും കേക്ക് വലിച്ചെറിയുകയും ചെയ്തു. അനഘ ഗർഭിണിയാണെന്ന വിവരം അറിഞ്ഞെത്തിയ അമ്മയെയും മകളെ കാണാൻ അനുവദിച്ചില്ല.

ഇരട്ടക്കുട്ടികൾ പിറന്ന വിവരമറിഞ്ഞെത്തിയപ്പോഴും ശ്രീജേഷും അമ്മയും അനഘയുടെ ബന്ധുക്കളെ തടഞ്ഞു.എംഎൽടി കോഴ്സ് കഴിഞ്ഞ അനഘ അടുത്തിടെ സർട്ടിഫിക്കറ്റ് എടുക്കാനായി വീട്ടിൽ എത്തിയിരുന്നു.ഈ സമയത്ത് ഭർത്താവ് ശ്രീജേഷ് മർദിക്കുന്ന കാര്യവും ശ്രീജേഷിന്റെ അമ്മയുടെ പീഡനങ്ങളും അന്ന് വീട്ടിൽ അറിയിച്ചിരുന്നു.സഹോദരങ്ങൾ വിവാഹം കഴിക്കാത്തതിനാൽ താൻ വീട്ടിൽ വന്ന് നിൽക്കുന്നത് ശരിയല്ലെന്നും എങ്ങനെയെങ്കിലും ഭർതൃവീട്ടിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചോളാം എന്നും പറഞ്ഞാണ് അനഘ മടങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.

ഇനി വീട്ടിൽ പോയാൽ താലി അഴിച്ചുവെച്ച് പോയാൽ മതിയെന്ന് ശ്രീജേഷ് അനഘയെ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കളുടെ നമ്പറെല്ലാം ബ്ലോക്ക് ചെയ്തെന്നും ആരോപണമുണ്ട്. ഹൃദ്രോഗിയായ അനഘയുടെ അമ്മയ്ക്ക് മകളെ കാണണം എന്ന് പറഞ്ഞപ്പോളും അനുവദിച്ചില്ല.
ഒക്ടോബർ 27-ന് രാവിലെ 11 മണിയോടെ ഭർതൃവീട്ടിൽനിന്നിറങ്ങിയ അനഘ ബന്ധുവീട്ടിൽ വന്നെങ്കിലും അവിടെ ആളില്ലാത്തതിനാൽ കാണാനായില്ല. തുടർന്ന് ഈ വീടിന് അടുത്തുള്ള റെയിൽപാളത്തിലേക്ക് പോയി. ഇവിടെയാണ് തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് എലത്തൂർ പൊലീസാണ് ആദ്യം കേസെടുത്തത്. അനഘയുടെ മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കും എതിരേ കേസ് എടുക്കണമെന്നും അനഘയുടെ കുഞ്ഞുങ്ങളെ വിട്ടുകിട്ടണം എന്നും ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയതോടെയാണ് കേസ് ചേവായൂർ സ്റ്റേഷനിലേക്ക് മാറ്റിയത്.

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടേയും മാനസിക, ശാരീരിക പീഡനത്തെ തുടർന്നാണ് അനഘ ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചേവായൂർ പൊലീസ് കേസെടുത്തത്.