- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവില്ല'; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളാകില്ല; ഫോണിന്റെ ഫൊറന്‍സിക് പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രം കൂടുതല്‍ നടപടി; കേസ് അവസാനിപ്പിക്കാന്‍ നീക്കം
'ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവില്ല'
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയതില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് പൊലീസിന്റെ അനുമാനം. ആനന്ദ് കെ. തമ്പിയുടെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തൃക്കണ്ണാപുരം വാര്‍ഡിലെ നിലവിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എം.വി. വിനോദ് കുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ആനന്ദ് കെ. തമ്പിയെ സ്ഥാനാര്‍ഥിയാക്കണം എന്ന നിര്‍ദ്ദേശം പാര്‍ട്ടിയുടെ പ്രാദേശിക യോഗത്തില്‍ പോലും ഉയര്‍ന്നിട്ടില്ല എന്നാണ് വിനോദ് മൊഴി നല്‍കിയത്. സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹം ആനന്ദ് പറഞ്ഞിട്ടില്ല എന്നും വിനോദിന്റെ മൊഴിയില്‍ പറയുന്നു. പ്രാദേശിക ബിജെപി നേതാക്കളും ഇതേ മൊഴിയാണ് നല്‍കിയത്.
ആനന്ദ് സ്ഥാനാര്‍ഥി ആകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും എതിര്‍ത്തിരുന്നതായി അച്ഛന്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരും മൊഴി നല്‍കി. ഇതോടെ സ്ഥാനാര്‍ഥിയാക്കാന്‍ ആരും പിന്തുണയ്ക്കാത്ത മാനസിക വിഷമമാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് നിഗമനം. അതിനപ്പുറം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ ആരുടെയെങ്കിലും ഭാഗത്തുണ്ടായതായിട്ട് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നും പൊലീസ് പറയുന്നു.
സ്ഥാനാര്‍ഥിയാകാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തിലായിരുന്നു ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത്. ആനന്ദിനെ സ്ഥാനാര്‍ഥിയാകാന്‍ ആരും നിര്‍ദേശിച്ചിരുന്നില്ലെന്നും ആരും ആനന്ദിനെ ഭീഷണിപ്പെടുത്തിയില്ലെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നവംബര്‍ പതിനഞ്ചിനായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു ആനന്ദ് കെ. തമ്പി. ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. തൃക്കണ്ണാപുരത്ത് നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയെയാണ് ബി.ജെ.പി പ്രഖ്യാപിച്ചതെന്നും ആനന്ദ് പറഞ്ഞിരുന്നു.
ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് ആനന്ദ് ആരോപിച്ചിരുന്നു. ബി.ജെ.പി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍.എസ്.എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഈ നേതാക്കള്‍ മണല്‍ മാഫിയക്കാരാണെന്നും അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തില്‍ ഒരാള്‍ വേണമെന്നും അതിനുവേണ്ടിയാണ് വിനോദ് കുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും ആനന്ദ് കുറ്റപ്പെടുത്തിയിരുന്നു.
16ാം വയസ്സില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയ ആളാണ് ആനന്ദ് തമ്പി. എം.ജി കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ ആര്‍എസ്എസ് മുഖ്യശിക്ഷകും കോളജ് യൂണിയന്റെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായിരുന്നു. പിന്നീട് ആര്‍.എസ്.എസ് പ്രചാരകായി കോഴിക്കോട് കുന്ദമംഗലം താലൂക്കില്‍ മുഴുസമയ പ്രവര്‍ത്തകനായി. പിന്നീട് തിരുമല മണ്ഡല്‍, തൃക്കണ്ണാപുരം മണ്ഡല്‍ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപനഗരത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപ നഗരത്തിന്റെ സഹകാര്യവാഹ് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.
മൃതദേഹം ബി.ജെ.പി പ്രവര്‍ത്തകരെയും ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും കാണാന്‍ പോലും അനുവദിക്കരുതെന്ന് ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു. 'എന്റെ ജീവിതത്തില്‍ പറ്റി ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു' എന്നാണ് കുറിപ്പിലുള്ളത്.




