അടൂർ: നാലുമാസം മുൻപ് തമിഴ്‌നാട്ടിൽ വിനോദ സഞ്ചാരത്തിനു പോയപ്പോൾ ഉണ്ടായ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. ചൂരക്കോട് എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാരൻ മണ്ണടി അറപ്പുര വിളയിൽ രാധാകൃഷ്ണപിള്ളയുടെയും ശുഭയുടേയും മകൻ അനന്ദു കൃഷ്ണൻ(ഉണ്ണിക്കുട്ടൻ 31) ആണ് മരിച്ചത്. കഴിഞ്ഞ നവംബർ ആറിന് അച്ചൻകോവിൽ മേക്കര വച്ച് കേരള അതിർത്തിയിലുള്ള യുവാക്കളാണ് അനന്ദുവിനേയും സുഹൃത്തുക്കളേയും ആക്രമിച്ചത്.

അവിടേക്ക് പോകും വഴി അതിർത്തിയിൽ വച്ച് ഇരുകൂട്ടരുമായി വാക്കു തർക്കമുണ്ടായിരുന്നു. തുടർന്ന് അനന്ദുവും സുഹൃത്തുക്കളും കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണാൻ പോയി. മേക്കര ഡാം ഭാഗത്ത് വാഹനം നിർത്തി വിശ്രമിക്കുമ്പോൾ പിന്തുടർന്ന് എത്തിയ അക്രമി സംഘം റോഡരികിൽ ഒറ്റയ്ക്കു നിന്ന അനന്ദുവിനെ മർദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
സുഹൃത്തുക്കൾക്കും മർദ്ദനമേറ്റു. ഈ സംഭവത്തിൽ തമിഴ്‌നാട് അച്ചംപുത്തൂർ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ അച്ചൻകോവിൽ സ്വദേശികളായ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ അനന്ദുവിനെ ആദ്യം തമിഴ്‌നാട് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയിൽ രോഗം അൽപ്പം ഭേദമയതിനെ തുടർന്ന് വീട്ടിലേക്ക് പോന്നെങ്കിലും അടുത്തിടെ വീണ്ടും ആരോഗ്യ സ്ഥിതി മോശമായി. ഇതോടെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നടന്നു വരികയായിരുന്നു. ഭാര്യ: ആർ. രേഷ്മ. സഹോദരി: ആര്യാ കൃഷ്ണൻ.