- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇടുക്കിയിലെ സിപിഎം നേതാവിന് രണ്ടു കോടി; കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ ഓഫീസിലെ രണ്ടു പേര്‍ക്ക് നല്കിയതും രണ്ടു കോടി; ആനന്ദ് കുമാറിന് രണ്ട് കോടി കിട്ടിയത് ഗൂഡാലോചനയുടെ തെളിവ്; 45 ലക്ഷം വക്കീല്‍ ഫീസ് കഥയില്‍ കോടതിയും ഞെട്ടി; ലാലി വിന്‍സെന്റിനും കുരുക്ക് മുറുകിയേക്കും; ഓഫര്‍ തട്ടിപ്പില്‍ എല്ലാ പാര്‍ട്ടികളും കുരുക്കില്‍
കൊച്ചി: മൂന്നു രാഷ്ട്രീയ നേതാക്കള്‍ക്കും ഒരു സാമൂഹിക പ്രവര്‍ത്തകനും അടുത്തിടെ 6.46 കോടി രൂപ കൈമാറിയതായി പാതിവില തട്ടിപ്പു കേസിലെ(ഓഫര്‍ തട്ടിപ്പ്) മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പൊലീസിനു മൊഴി നല്‍കിയതില്‍ വിശദ അന്വേഷണം നടത്തും. ഇതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആരോപണ നിഴലിലാകുകയാണ്. ഇടുക്കിയിലെ സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്കു 2 കോടി രൂപയും ഒരു കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ ഓഫിസിലെ 2 പേരുടെ അക്കൗണ്ടുകളിലേക്കു 2 കോടി രൂപയും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്റെ അക്കൗണ്ടിലേക്കു 2 കോടി രൂപയും എറണാകുളത്തെ വനിതാ നേതാവിന്റെ അക്കൗണ്ടിലേക്കു 46 ലക്ഷം രൂപയും കൈമാറിയെന്നാണ് മൊഴി. ഇതില്‍ സായിഗ്രാം സംഘാടകന്‍ അനന്തകുമാറിന് 2 കോടി കിട്ടിയെന്ന് ഉറപ്പായിട്ടുണ്ട്. 46 ലക്ഷം രൂപ നല്‍കിയത് ലാലി വിന്‍സന്റിനും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ മാത്രമാണ് ആരോപണം ഉയര്‍ന്നതെങ്കില്‍ രണ്ടാംഘട്ടത്തില്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കളിലേക്കും സംശയം നീളുകയാണ്.
തട്ടിപ്പു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറും. പാതിവില തട്ടിപ്പിലൂടെ നേടിയ പണമാണു കൈമാറിയതെന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നു എറണാകുളം റൂറല്‍ എസ്പി: ഡോ.വൈഭവ് സക്‌സേന പറഞ്ഞു. തൊടുപുഴ കുടയത്തൂര്‍ അമ്പലം, കുടയത്തൂര്‍ പാലം എന്നിവയ്ക്കു സമീപവും ഈരാറ്റുപേട്ടയിലും മുട്ടത്തും അനന്തു കൃഷ്ണന്‍ ഭൂമി വാങ്ങിയതിന്റെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മുഖേന പാതിവില തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോള്‍ സ്വദേശിയായ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണു കേസ്. നജീബ് കാന്തപുരവും അങ്ങാടിപ്പുറം കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് പി.എം.ഡാനിമോനും നല്‍കിയ വ്യത്യസ്ത പരാതികളില്‍ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാര്‍, സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു.
അതേസമയം, അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്ന് ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇത്രയും വലിയ തുക വക്കീല്‍ഫീസായി വാങ്ങാന്‍ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി വിന്‍സെന്റ് എന്നത് അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ചോദ്യമാണ്. മാത്രമല്ല, കഴിഞ്ഞദിവസം ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും ഇത്രയും വലിയതുക ഫീസായി വാങ്ങിയതില്‍ സംശയം ഉന്നയിച്ചിരുന്നു. സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റ്. എന്നാല്‍, തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്റെ കേസുകള്‍ കൈകാര്യംചെയ്യുക മാത്രമാണുണ്ടായതെന്നും ലാലി വിന്‍സെന്റ് പറഞ്ഞിരുന്നു. ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം കിട്ടുമോ എന്നത് നിര്‍ണ്ണായകമാണ്. അതേസമയം, തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്.
ഇടുക്കിയിലെ ഒരു യുവനേതാവിന് മാത്രം 40 ലക്ഷം രൂപ കൈമാറിയെന്നാണ് അനന്തുവിന്റെ മൊഴി. എല്‍.ഡി.എഫിന്റെ ജില്ലാനേതാവിന് 25 ലക്ഷം രൂപയും നല്‍കി. നേതാക്കള്‍ക്ക് നേരിട്ടല്ല അനന്തുകൃഷ്ണന്‍ പണം കൈമാറിയിരുന്നത്. നേതാക്കളുടെ അടുപ്പക്കാര്‍ വഴിയും ബിനാമികള്‍ വഴിയുമായിരുന്നു ഇടപാട്. തിരഞ്ഞെടുപ്പ് സമയത്താണ് ഇത്രയും തുക കൈമാറിയതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഉദ്ദേശിച്ച് ചെയ്ത കാര്യത്തില്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്ന് നജീബ് കാന്തപുരം പറഞ്ഞു. പദ്ധതിയുടെ പേരില്‍ ഒരു സാമ്പത്തിക താല്‍പര്യവും ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയ പണം അന്നു തന്നെ ബന്ധപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നെന്നും നജീബ് പറഞ്ഞു. അനന്തുവിന്റെ ബാങ്ക് ഇടപാട് രേഖകളും വാട്‌സാപ് ചാറ്റുകളും അന്വേഷണ സംഘം പരിശോധിച്ചു. കേസില്‍ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തില്‍ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് നല്‍കിയെന്ന് അനന്തു മൊഴി നല്‍കി. അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു.
മറ്റു പല ആവശ്യങ്ങള്‍ക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളില്‍ പിന്‍വലിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. അനന്തുവിന്റെ വാട്‌സ്ആപ്പ് ചാറ്റ്, വോയ്‌സ് മെസേജുകള്‍ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴിയാണ്. ഇതിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. തിരിമറി നടത്തിയിട്ടില്ലെന്നും സമാഹരിച്ച പണം ആദ്യഘട്ടത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചുവെന്നുമാണ് അനന്തു ആവര്‍ത്തിക്കുന്നത്. അനന്തു സംസ്ഥാന വ്യാപകമായി വിതരണം ചെയ്ത ഉത്പന്നങ്ങളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ആലുവ പോലീസ് ക്ലബ്ബിലെ ചോദ്യം ചെയ്തതിനുശേഷം അനന്തുവിനെ മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിച്ചു. അടുത്ത ദിവസം ഇയാളെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് നീക്കം. ബിനാമി അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ മനസ്സിലാക്കാന്‍ അനന്തുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തും.
അനന്തുവിന്റെ ബാങ്ക് രേഖകളില്‍ സിഎസ്ആര്‍ ഫണ്ട് കണ്ടെത്തിയിട്ടില്ലെന്നും ഇതുവരെ 200 പരാതികള്‍ ലഭിച്ചെന്നും റൂറല്‍ എസ്.പി പ്രതികരിച്ചു. അനന്തു തന്നെയാണ് എല്ലാത്തിലും മുഖ്യപ്രതിയെന്നും എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്‌സേന പറഞ്ഞു.450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചുണ്ട്. എന്നാല്‍, തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളില്‍ കണ്ടെത്താനായിട്ടില്ല. ബിനാമി അക്കൗണ്ടുകള്‍പ്പെടെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.