- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അനന്തു കൃഷ്ണന്‍ ആനന്ദകുമാറിന്റെ ബെനാമി? സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ പല പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കി അനന്തുകൃഷ്ണന്‍ ചാരിറ്റി പ്രതിച്ഛായ നല്‍കി തന്ത്രം തുടങ്ങി; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതും പാവങ്ങളെ പറ്റിച്ച് പണമുണ്ടാക്കാന്‍; പാതി വില തട്ടിപ്പിലെ പ്രധാന വില്ലന്‍ സായി ഗ്രാമത്തിലെ ഒന്നാമന്; ആനന്ദ് കുമാര്‍ അഴിക്കുള്ളിലാകും
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ തോന്നയ്ക്കല്‍ സായിഗ്രാമം സ്ഥാപകന്‍ കെ എന്‍ ആനന്ദകുമാറിന് മുഖ്യപങ്കെന്ന് സൂചന. 2022 ലാണ് കെ എന്‍ ആനന്ദകുമാര്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായി എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചത്. കോണ്‍ഫെഡറേഷനിലേക്ക് കൂടുതല്‍ ആളെ ചേര്‍ത്തത് വിവിധ കമ്പനികളില്‍ നിന്ന് സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണെന്ന് അന്വേഷക സംഘം കണ്ടെത്തി. ഇതോടെ കേസില്‍ ആനന്ദ് കുമാര്‍ മുഖ്യ പ്രതിയാകും. ആനന്ദ് കുമാറിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ആയിരത്തോളം സംഘടനകളെയാണ് സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് കോണ്‍ഫെഡറേഷനില്‍ അംഗമാക്കിയത്.
അനന്തുകൃഷ്ണനെ നേരിട്ട് ആര്‍ക്കും പരിചയമില്ലായിരുന്നു. എന്നാല്‍, ആനന്ദകുമാറിന്റെ സന്നദ്ധസേവന രംഗത്തെ പ്രശസ്തി ജനങ്ങള്‍ വിശ്വസിച്ചു. സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ പല പ്രവര്‍ത്തനങ്ങളിലും അനന്തുകൃഷ്ണന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും സ്‌കൂട്ടര്‍ വിതരണത്തില്‍ ആനന്ദകുമാറും പങ്കെടുത്തു. ആനന്ദകുമാറുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തി സ്‌കൂട്ടര്‍ പദ്ധതി കൂടുതല്‍ വിശ്വസനീയമാക്കാന്‍ അനന്തുകൃഷ്ണനും ശ്രമിച്ചു. എല്ലാത്തിനും തന്റെ പിന്തുണയുണ്ടെന്ന് ആനന്ദ് കുമാറും പൊതു ജനങ്ങള്‍ക്ക് വിശ്വാസം വരും വിധം പ്രവര്‍ത്തിച്ചു. ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനെയും അനന്തുകൃഷ്ണന്‍ തട്ടിപ്പില്‍ പങ്കാളിയാക്കി. പാതിവിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ എന്നിവ നല്‍കുമെന്ന് ആനന്ദകുമാര്‍ നേരിട്ട് പലര്‍ക്കും ഉറപ്പു നല്‍കി. അങ്ങനെയാണ് തട്ടിപ്പ് പലതലത്തിലേക്ക് കടന്നത്.
2023 ലെ കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ ദേശീയ കോര്‍ഡിനേറ്റര്‍ എന്ന നിലയിലാണ് കെ എന്‍ ആനന്ദകുമാര്‍ അനന്തുകൃഷ്ണനെ പരിചയപ്പെടുത്തുന്നത്. വിവിധ സംഘടനകളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി പാതി വിലയ്ക്ക് വിവിധ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തത് അനന്തു കൃഷ്ണനാണ്. ഇങ്ങനെ പിരിച്ച് നല്‍കുന്ന പണത്തിന് ഉല്‍പന്നങ്ങള്‍ ലഭിച്ചില്ലെങ്കില്‍ താന്‍ പണം തിരിച്ച് നല്‍കുമെന്ന് കോണ്‍ഫെഡറേഷന്‍ ആജീവനാന്ത ചെയര്‍മാന്‍കൂടിയായ കെ എന്‍ ആനന്ദകുമാര്‍ പറഞ്ഞെന്ന് സന്നദ്ധ സംഘടന ഭാരവാഹികള്‍ പറയുന്നു. ഈ ഉറപ്പിന്റെ ബലത്തിലാണ് പല സന്നദ്ധ സംഘടനാഭാരവാഹികളും ഗുണഭോക്താക്കളെ കണ്ടെത്തി കോടിക്കണക്കിന് രൂപ പിരിച്ചു നല്‍കിയത്. ഈ മൊഴി പോലീസിന് കിട്ടിയിട്ടുണ്ട്. ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് ആനുപാതികമായി പ്രതിവര്‍ഷം ചെറിയൊരു വിഹിതവും കമീഷനായി സന്നദ്ധ സംഘടനകള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ ആനന്ദകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ആനന്ദകുമാറിനെയും മുഖ്യപ്രതിയാക്കി മുന്നോട്ടുനീങ്ങാനാണ് പൊലീസ് തീരുമാനം. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും കേസില്‍ പ്രതിചേര്‍ക്കും. നേരത്തെ സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതിയായിരുന്നു ആനന്ദകുമാര്‍. എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നുള്ള ആനന്ദ് കുമാറിന്റെ രാജിയിലും പൊലീസിനു സംശയമുണ്ട്. അനന്തുകൃഷ്ണനെ സ്‌കൂട്ടര്‍ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്നാണ് അനന്തുവിനെ സ്‌കൂട്ടര്‍ വിതരണത്തിനു ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചത്. അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകള്‍ വിശദമായി പരിശോധിച്ചുവരികയാണ്.
വിവിധ സന്നദ്ധസംഘടനകളെ ഏകോപിച്ചതും പദ്ധതിയില്‍ ജനങ്ങളെ വിശ്വസിപ്പിച്ചതും ആനന്ദകുമാര്‍ ആയിരുന്നു. പകുതി വിലയെന്ന് കേട്ട് സംശയിച്ചവരെപ്പോലും ഇദ്ദേഹം വിശ്വസിപ്പിച്ചു. ''അനന്തു സഹായ മനഃസ്ഥിതിയുള്ള മിടുക്കനാണ്. അഥവാ പണം നഷ്ടപ്പെട്ടാല്‍ ഞാന്‍ തിരികെ തരും''-ഇതായിരുന്നു അനന്ദകുമാറിന്റെ നിലപാട് പറയല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനന്തുകൃഷ്ണന്‍ സന്ദര്‍ശിച്ചത് ആനന്ദകുമാര്‍ വഴിയായിരുന്നു. 2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ആനന്ദകുമാറിനൊപ്പം അനന്തുകൃഷ്ണന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ സംസ്ഥാന കോഡിനേറ്റര്‍ എന്ന നിലയിലായിരുന്നു സന്ദര്‍ശനാനുമതി ലഭിച്ചത്.
മോഹന്‍ കോട്ടൂര്‍ അടക്കമുള്ളവരുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാണ്. അനന്തു കൃഷ്ണനെ സംഘടനയിലേക്ക് കൊണ്ടുവന്നത് ആനന്ദകുമാര്‍ ആണ്. ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതും സെക്രട്ടറിയായി നിയമിക്കുന്നതും ആനന്ദകുമാറാണ്. കോഴിക്കോട് ജില്ലയിലെ 11 സംഘടനകള്‍ ഇതിന്റെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയിരുന്നു. പകുതി വില തട്ടിപ്പുമായി ഉയര്‍ന്ന പരാതികള്‍ അറിയിക്കാന്‍ ആനന്ദകുമാര്‍ സാറിനെ കാണാന്‍ തിരുവനന്തപുരത്തെ വീട്ടില്‍ പോയിരുന്നു. കേള്‍ക്കാന്‍ തയ്യാറായില്ല', മോഹനന്‍ കോട്ടൂര്‍ പറഞ്ഞു. തനിക്ക് നേരെ വരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നും മോഹനന്‍ കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് പണം തിരിച്ചുകൊടുക്കാനുള്ള ബാധ്യത സന്നദ്ധ സംഘടനകള്‍ക്കാണ്. തട്ടിപ്പില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മോഹനന്‍ പ്രതികരിച്ചു. അനന്തു കൃഷ്ണന്‍ ആനന്ദകുമാറിന്റെ ബെനാമിയാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് മോഹനന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതാവും കേസിലെ പ്രതിയുമായ ലാലി വിന്‍സെന്റാണ് അനന്തകൃഷ്ണനെ പരിചയപ്പെടുത്തിയതെന്നായിരുന്നു ആനന്ദകുമാര്‍ പറഞ്ഞത്. ഇത് ലാലി നിഷേധിക്കുകയും ചെയ്തിരുന്നു. പാതി വിലയില്‍ സ്‌കൂട്ടറും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ വിതരണം ചെയ്യുന്ന പദ്ധതിക്കായി പ്രമോട്ടര്‍മാരേയും കോര്‍ഡിനേറ്റര്‍മാരെയും അടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സംഘടനയുടെ പരിപാടികളിലും ആനന്ദ കുമാര്‍ തുടക്കം മുതല്‍ സജീവമാണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്തു വന്നിട്ടുണ്ട്.