- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശാസ്തമംഗലത്തെ വീട് പൂട്ടി ഒളിവില്‍ പോയ ആനന്ദകുമാറിനെ പൊക്കേണ്ട ഉത്തരവാദിത്തം ക്രൈംബ്രാഞ്ചിന്; എഡിജിപി നേരിട്ട് അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം; എല്ലാ ജില്ലകളിലും പ്രത്യേകം അന്വേഷണസംഘങ്ങള്‍; രാഷ്ട്രീയക്കാരുടെ പങ്കും അന്വേഷിക്കും; അനന്തുകൃഷ്ണന്റെ കുറ്റസമ്മത മൊഴിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
തിരുവനന്തപുരം: പാതിവിലയ്ക്ക് വാഹനങ്ങളും മറ്റും നല്‍കാമെന്ന് മോഹിപ്പിച്ച് കോടികള്‍ തട്ടിയ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. 34 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പിന്നാലെ സംസ്ഥാനവ്യാപകമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏകോപിപ്പിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് നേതൃത്വം നല്‍കും. നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയും മുന്‍ ചെയര്‍മാനുമായ ആനന്ദകുമാറിനേയും കേസില്‍ പ്രതിയാക്കും. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട് പൂട്ടി മുങ്ങിയ ആനന്ദ് കുമാറിനെ കണ്ടെത്തലാകും അന്വേഷണ സംഘത്തിന്റെ പ്രധാന ദൗത്യം. അനന്തുകൃഷ്ണന്‍ അകത്തായിട്ടുണ്ട്. അനന്തുകൃഷ്ണന്‍ നല്‍കിയ മൊഴിയെല്ലാം ആനന്ദകുമാറിന് എതിരാണ്. ഇതെല്ലാം ക്രൈംബ്രാഞ്ച് പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശാനുസരണമാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്.
ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകള്‍ ചേര്‍ന്നാണ് അന്വേഷണം. എല്ലാ ജില്ലകളിലും പ്രത്യേകം അന്വേഷണസംഘങ്ങള്‍ രൂപീകരിക്കും. എറണാകുളം-11, ഇടുക്കി-11, ആലപ്പുഴ-8, കോട്ടയം-3, കണ്ണൂര്‍-1 എന്നിങ്ങനെയാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. തട്ടിപ്പില്‍ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍ നേതാക്കളെക്കൂടാതെ പ്രമുഖ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. പരാതികളുമായി സ്റ്റേഷനുകളില്‍ എത്തുന്നവരുടെ എണ്ണം ദിവസവും കൂടുകയാണ്. ഇരുചക്ര വാഹനം, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍, ഗൃഹോപകരണം എന്നിവ പാതിവിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനംനല്‍കി പറ്റിച്ചുവെന്നാണ് പരാതി. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ സംസ്ഥാനത്തെ നിരവധി സര്‍ക്കാരിതര സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. തിരുവനന്തപുരത്തെ കെ എന്‍ ആനന്ദകുമാര്‍ ചെയര്‍മാനും അറസ്റ്റിലായ അനന്തുകൃഷ്ണന്‍ കണ്‍വീനറുമായുള്ളതാണ് കമ്മിറ്റി. അതത് പ്രദേശത്തെ സന്നദ്ധ സംഘടനകളെയോ ചാരിറ്റബിള്‍ സൊസൈറ്റികളെയോ കോണ്‍ഫെഡറേഷന്റെ ഭാഗമാക്കിയാണ് തട്ടിപ്പ് നടത്തിയത്.
പാതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍ ചിലവഴിച്ച് തീര്‍ന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങള്‍ വാങ്ങാനും പലര്‍ക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി. അനന്തുവിന്റെ കൃഷ്ണന്റെ കുറ്റസമ്മതം മൊഴി ഉള്‍പ്പെടെ ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കും. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇയാളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. പാതിവില പദ്ധതി ആശയം സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഫൗണ്ടര്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. എന്‍. ആനന്ദ കുമാറിന്റേതാണെന്നും അനന്തു പൊലീസിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ആനന്ദ കുമാറിന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. പ്രതി മാസം അനന്തുകൃഷ്ണന്റെ സംഘടനയില്‍ നിന്നും ആനന്ദ് കുമാര്‍ പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അനന്തുകൃഷ്ണന്റെ കുറ്റസമതത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന. ഇക്കാര്യം പോലീസ് പുറത്തു പറയുന്നില്ല.
അതിനിടെ അനന്തു കൃഷ്ണന്റെ മൊഴികള്‍ കെ എന്‍ ആനന്ദ കുമാര്‍ തള്ളുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വ്യക്തിപരമായി പണം വാങ്ങിയിട്ടില്ലെന്നും സായി ട്രസ്റ്റിന് ലഭിച്ച സംഭാവനയ്ക്ക് രസീത് നല്‍കിയിട്ടുണ്ടെന്നും കെ എന്‍ ആനന്ദ കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഈ പണം അടക്കം കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്. നിയമ സംവിധാനങ്ങളില്‍ വിശ്വാസമുണ്ടെന്നും സത്യം ജയിക്കും എന്നും ആനന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആനന്ദകുമാര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. അനന്തു നല്‍കിയ മൊഴിയിലെ ആധികാരികത പരിശോധിക്കാന്‍ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും ചോദ്യംചെയ്യും. വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിന്റെ പണമിടപാട് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.
അഞ്ച് ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവ ശേഖരണം നടത്തിയിരുന്നു. ഇയാളുടെ എറണാകുളത്തുള്ള ഫ്‌ലാറ്റും ഓഫീസുകളും സീല്‍ ചെയ്ത പൊലീസ്, വിശദ പരിശോധനയ്ക്കായി സെര്‍ച്ച് വാറണ്ടിനായി കോടതിയെ പോലീസ് സമീപിക്കും.