കണ്ണൂര്‍ :പകുതി വിലയ്ക്ക് സ്ത്രികള്‍ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് സീഡ് സൊസൈറ്റി നടത്തിയ തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതിയായി. സീഡ് സൊസൈറ്റി നിയമ ഉപദേഷ്ടാവായ ലാലി വിന്‍സന്റ് കേസില്‍ ഏഴാം പ്രതിയാണ്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളാണുള്ളത്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണനെതിരെ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണുള്ളത്. കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യില്‍, വളപട്ടണം, പയ്യന്നൂര്‍ സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചിട്ടുള്ളത്. അനന്തു കൃഷ്ണനെതിരെ പരാതികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. പകുതി വിലയ്ക്ക് ലാപ്‌ടോപ്പ്, തയ്യല്‍ മെഷീന്‍ തുടങ്ങിയവയും പ്രതി വാഗ്ദാനം ചെയ്തിരുന്നു. പണംതിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ബിജെപി നേതാക്കളായ എ എന്‍ രാധാകൃഷ്ണനും ജെ പ്രമീളാ ദേവിയും സംശയ നിഴലിലാണ്. ഇവര്‍ക്കെതിരേയും ആരോപണമുണ്ട്. എന്നാല്‍ സീഡ് സൊസൈറ്റിയുമായി നേരിട്ട് ബന്ധമില്ലാത്തതു കൊണ്ടാണ് പോലീസ് ഇവരെ പ്രതിയാക്കാത്തത്. ലാലി വിന്‍സന്റിനെ പോലീസ് അറസ്റ്റു ചെയ്‌തേയ്ക്കും. അതിനിടെ അറസ്റ്റിലായ അനന്തുകൃഷ്ണനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനും സാധ്യതയുണ്ട്.

അതേസമയം അനന്തു കൃഷ്ണന്‍ പ്രതിയായ സി എസ് ആര്‍ ഫണ്ട് തട്ടിപ്പില്‍ ബിജെപി സംസ്ഥാന സമിതി അംഗം കെ എന്‍ ഗീതാകുമാരി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. പലതവണയായി 25 ലക്ഷം രൂപ തന്നില്‍ നിന്നും തട്ടിയെടുത്തുവെന്നും പണം വാങ്ങിയത് ജെ പ്രമീള ദേവിയുടെ പി എ ആയിരിക്കെയാണെന്നും അനന്തു നല്‍കിയ ചെക്ക് മടങ്ങിയതോടെ കോടതിയെ സമീപിച്ചുവെന്നും ഗീതാകുമാരി പറഞ്ഞു. പണം വാങ്ങിയത് ബിസിനസ് ചെയ്യാനെന്ന പേരില്‍ പലിശ വാഗ്ദ്ധാനം ചെയ്താണ് . പ്രമീള ദേവിയും ബിസിനസില്‍ കൂടെയുണ്ടെന്ന് പറഞ്ഞു. തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയത് പ്രമീള ദേവിക്കും അറിയാം. തട്ടിപ്പ് നടത്തിയതിനുശേഷവും അനന്തു പ്രമീളാദേവിക്ക് ഒപ്പമുണ്ട്. പ്രമീള ദേവിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ആയിരുന്നു അനന്തു. അനന്തു വിശ്വസ്തന്‍ ആണെന്ന് പ്രമീളാദേവിയും പറഞ്ഞിരുന്നു. തന്നെപ്പോലെ നിരവധി ആളുകള്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. പച്ചാളത്തുള്ള ഷെര്‍ലിക്ക് ഒന്നരക്കോടി നഷ്ടപ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുത്ത കാര്യം ബിജെപി നേതൃത്വത്തോട് പല തവണ പറഞ്ഞതാണെന്നും ഗീതാകുമാരി പറഞ്ഞു. ഈ മൊഴിയും പോലീസ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്.

എ എന്‍ രാധാകൃഷ്ണനും ഇതില്‍ എന്തോ ബന്ധം ഉണ്ടെന്നാണ് കരുതുന്നത്. ചാരിറ്റി സംഘങ്ങളെ കോ ഓര്‍ഡിനേറ്റ് ചെയ്യാനുള്ള ചുമതല എ എന്‍ രാധാകൃഷ്ണനായിരുന്നു. ഇവര്‍ സംഘടിപ്പിച്ച ഒരുപാട് സ്ഥലത്തെ പരിപാടികളുടെ പോസ്റ്ററുകളില്‍ എ എന്‍ രാധാകൃഷ്ണനെ കണ്ടിരുന്നുവെന്നും ഗീതാകുമാരി വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ സീഡ് സൊസൈറ്റി നടത്തിയ പരിപാടികളില്‍ ഉദ്ഘാടകരായി എത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം , മയ്യില്‍, കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സ്ത്രികളാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍. 60,000 രൂപയാണ് അനന്തു കൃഷ്ണന്‍ പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്തു തട്ടിയെടുത്തത്. എന്നാല്‍ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും സ്‌കൂട്ടറും മറ്റു സാധനങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ പരാതിയുമായെത്തിയത്. ആദ്യ ദിനം തന്നെ വളപട്ടണം പൊലിസ് സ്റ്റേഷനില്‍ 88 പരാതികളാണ് ലഭിച്ചത്. പിന്നീടിത് കണ്ണൂര്‍ 'ടൗണ്‍, മയ്യില്‍ സ്റ്റേഷനുകളിലായി രണ്ടായിരം പരാതിയായി കുത്തനെ ഉയരുകയായിരുന്നു.

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരും കബളിപ്പിക്കപ്പെട്ടു. പകുതി വിലയില്‍ സ്‌കൂട്ടര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ദുരന്തബാധിതര്‍ക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടിയെന്നും ആരോപണമുണ്ട്. പണമടച്ച നൂറുകണക്കിന് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ ലഭിച്ചില്ല. വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞു. തട്ടിപ്പിനെ തുടര്‍ന്ന് കോടികളുടെ ഭൂസ്വത്താണ് അനന്തു കൃഷ്ണന്‍ വാങ്ങിക്കൂട്ടിയത്. ഇടുക്കിയില്‍ അനന്തുവിന്റെ വീടിന് സമീപത്തും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. എന്‍ജിഒകള്‍ രൂപീകരിച്ച് ജനപ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി വിശ്വാസ്യത സൃഷ്ടിച്ച ശേഷമായിരുന്നു തട്ടിപ്പ്. വയനാട്ടില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പ്. തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് വിവിധയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്.

തൊടുപുഴ കുടയത്തൂരില്‍ അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലും ശങ്കരപ്പള്ളിയിലും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് വാങ്ങിയതെന്നാണ് വിവരം. സത്യസായി ട്രസ്റ്റിന്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്. മുട്ടം ശങ്കരപള്ളിക്ക് സമീപം 17.5 സെന്റ് ,ഏഴാംമൈലില്‍ 12 സെന്റ് ,മേലുകാവില്‍ പലയിടങ്ങളിലായി 20 മുതല്‍ 70 സെന്റ് വരെയുള്ള സ്ഥലങ്ങളും ലക്ഷങ്ങള്‍ വിലവരുന്ന വാഹനങ്ങളും അനന്തു വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളിലായി നിലവില്‍ അഞ്ഞൂറോളം പരാതികള്‍ ലഭിച്ചതായാണ് വിവരം. അനന്തുകൃഷ്ണന്റെ പേരില്‍ അഞ്ചുവര്‍ഷം മുന്‍പും സാമ്പത്തിക തട്ടിപ്പ് കേസ്. ഇടുക്കി തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിലും അനന്തുകൃഷ്ണന്‍ റിമാന്‍ഡിലായിരുന്നതായാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.

വിശ്വാസവഞ്ചന നടത്തി 5,85,000 രൂപ നഷ്ടപ്പെടുത്തിയെന്ന തൊടുപുഴ സ്വദേശിനിയുടെ പരാതിയിലാണ് അനന്തുകൃഷ്ണനെതിരേ അന്ന് കേസെടുത്തത്. പരാതിക്കാരിയുടെ പേരില്‍ തിരുവനന്തപുരത്തെ ഭാരത് സേവക് സമാജിന് കീഴിലുള്ള നൈപുണി വികസന സ്ഥാപനമായ നാഷണല്‍ സ്‌കില്‍ ഇന്ത്യ മിഷന്‍ വഴി ഇന്റഗ്രേറ്റഡ് അപ്പാരല്‍ മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ അനുവദിച്ചുതരാമെന്ന് പറഞ്ഞ് 2,05,000 രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. സ്ഥാപനം തുടങ്ങുന്നതിനായി 3,80,000 രൂപ ചെലവായതായും പരാതിയില്‍ പറയുന്നു. രണ്ടാം പ്രതി കല വഞ്ചനയ്ക്ക് കൂട്ടുനിന്നതായും പാതിയുണ്ട്. 2019-ല്‍ ഈ കേസ് വരുമ്പോള്‍ അനന്തുകൃഷ്ണന് 20 വയസ്സായിരുന്നു. കല എന്ന കൂട്ടുപ്രതിക്കും 20 വയസ്സായിരുന്നു. 2017-ലാണ് തുക കൈപ്പറ്റിയത്. ഈ കേസ് ഉണ്ടായിരിക്കെയാണ് സീഡ് സൊസൈറ്റിയുടെ പേരില്‍ ഇയാള്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് മന്ത്രിമാരും പ്രതിപക്ഷനേതാവും എം.എല്‍.എ.മാരും എം.പി.മാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പോയത്.