കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനുസമീപം ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിയുമ്പോൾ പുറത്തു വരുന്നത് സോഷ്യൽ മീഡിയാ സൗഹൃദത്തിന്റെ കാണാക്കയങ്ങൾ. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പിൽ) മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്.

ചൊവാഴ്ച വൈകിട്ട് 5.30ന് കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത്. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്‌പ്രസ് ട്രെയിൻ ഇടിച്ചായിരുന്നു അപകടം. റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇരുവരും ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുൻപാണ് പരിചയപ്പെട്ടതെന്ന് അനന്തുവിന്റെ സുഹൃത്തുക്കൾ പറയുന്നു. ഇരുവീട്ടുകാർക്കും ഇതുസംബന്ധിച്ച് ഒരു വിവരവും അറിയില്ലായിരുന്നു.

കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് അനന്തു. മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥിയാണ്. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. രാത്രിയോടെയാണ് കിളികൊല്ലൂരിൽ രണ്ടുപേർ തീവണ്ടിതട്ടി മരിച്ചെന്ന വാർത്ത വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്.

14ന്ആണ് ഇരുവരും നേരിൽ കാണുന്നതെന്നും അനന്തുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കാരം നടത്തി. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. അനന്തുവിന്റെ അമ്മ അജിത. മീനാക്ഷിയുടെ അമ്മ ബിന്ദു. സഹോദരി: ശ്രീലക്ഷ്മി.