കൊച്ചി : സ്ത്രീകള്‍ക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കുമെന്ന് വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിടും. കേസില്‍ അറസ്റ്റിലായ തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണന്റെ രാഷ്ട്രീയ ബന്ധങ്ങളും ആരോപണമായി ഉയരുന്നുണ്ട്. ഫ്‌ലാറ്റില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നെന്ന് സുരക്ഷാ ജീവനക്കാരന്‍ വെളിപ്പെടുത്തി. എറണാകുളത്ത് അനന്തുകൃഷ്ണന്‍ വാടകയ്ക്കെടുത്ത രണ്ട് ഫ്‌ലാറ്റുകളില്‍ എ എന്‍ രാധാകൃഷ്ണന്‍ പതിവായി വന്നിരുന്നതായി സുരക്ഷാ ജീവനക്കാരന്‍ പ്രതികരിച്ചു. അനന്തുകൃഷ്ണന്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച പരിഗണിക്കും. കസ്റ്റഡിയില്‍ പ്രതിയെ വാങ്ങി വിശദ ചോദ്യം ചെയ്യല്‍ നടത്തും. അതിന് ശേഷം കൂടുതല്‍ പേരിലേക്ക് അന്വേഷണം കടക്കും.

പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ സാമ്പത്തികത്തട്ടിപ്പില്‍ കൈമറിഞ്ഞത് 1000 കോടിക്കുമേല്‍ എന്നാണ് സൂചന. വിവിധ സംഘടനകളുടെ പിന്‍ബലത്തോടെ ഏകദേശം രണ്ട് ലക്ഷത്തോളം പേരില്‍നിന്ന് പണം സമാഹരിച്ചതായാണ് സൂചന. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞിന് വിടുന്നത്. അനന്തു കൃഷ്ണനെ (27) അറസ്റ്റുചെയ്ത മൂവാറ്റുപുഴ പോലീസ് ഇതിനോടകം 450 കോടിയുടെ ബാങ്ക് വിനിയമം പരിശോധിച്ചിട്ടുണ്ട്. രണ്ട് വര്‍ഷംകൊണ്ട് അനന്തു കൃഷ്ണന്റെ മൂന്ന് കമ്പനി അക്കൗണ്ടുകളിലൂടെ കടന്നുപോയ തുകയാണിത്. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇതിന്റെ കോഡിനേറ്ററാണ് അനന്തു കൃഷ്ണന്‍. ബിജെപി-കോണ്‍ഗ്രസ്-സിപിഎം നേതാക്കളുമായും അനന്തുകൃഷ്ണന് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ഹൈക്കോടതി ജങ്ഷനിലെ ഫ്‌ലാറ്റുകളില്‍ അനന്തുകൃഷ്ണനും പത്തോളം കൂട്ടാളികളുമാണ് താമസിച്ചിരുന്നത്. ഇവിടെവച്ചായിരുന്നു ഉന്നത കോണ്‍ഗ്രസ്-ബിജെപി നേതാക്കളുമായി അനന്തുകൃഷ്ണന്റെ കൂടിക്കാഴ്ചയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റില്‍നിന്ന് അനന്തുകൃഷ്ണന്‍ രേഖകള്‍ കടത്തിയതായി പൊലീസ് സംശയിക്കുന്നു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷകസംഘം പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത് പരിഗണിക്കുന്നത്. അനന്തുകൃഷ്ണന്റെ അക്കൗണ്ടിലുള്ളത് 3.25 കോടി രൂപമാത്രമെന്ന് അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഈ പണം പൊലീസ് മരവിപ്പിച്ചിരുന്നു. അനന്തുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ ബീ വെഞ്ച്വേഴ്സ്, പ്രൊഫഷണല്‍ സര്‍വീസസ് ഇന്നൊവേഷന്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് അക്കൗണ്ടുകള്‍. എച്ച്ഡിഎഫ്സി ബാങ്കിന്റെ എറണാകുളം ഇയ്യാട്ടില്‍മുക്ക് ശാഖയിലാണ് രണ്ട് അക്കൗണ്ടുകളും. ഈ അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക അന്വേഷകസംഘം ശേഖരിക്കുന്നുണ്ട്. ഇതിലൂടെ കോടികളുടെ ഇടപാട് നടന്നതായാണ് പ്രാഥമിക കണ്ടെത്തല്‍. 400 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ബാക്കി പണം എവിടെ പോയെന്ന് കണ്ടെത്താനാണ് ശ്രമം.

ഇരുചക്രവാഹനം പകുതിവിലയ്ക്ക് വാങ്ങിനല്‍കാമെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണനെതിരെ 3.10 കോടി രൂപ തട്ടിയെന്ന പരാതിയില്‍ കേസെടുത്തിട്ടുണ്ട്. കോതമംഗലത്തെ എന്‍ജിഒ അക്കോവയുടെ എംഡി ഡോ. സജികുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. ഇരുചക്രവാഹനം പകുതിവിലയ്ക്ക് നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച് അക്കോവ പണം പിരിച്ചുനല്‍കുകയായിരുന്നു. ഇതോടെ അനന്തുകൃഷ്ണനെതിരെ ജില്ലയില്‍ 16.75 കോടി രൂപയുടെ തട്ടിപ്പിനാണ് കേസെടുത്തത്. തിങ്കളാഴ്ച കോതമംഗലം പൊലീസ് രണ്ട് കേസെടുത്തിരുന്നു. തങ്കളം ബില്‍ഡ് ഇന്ത്യ ഗ്രേറ്റര്‍ ഫൗണ്ടേഷന്റെ 3.88 കോടി, കോതമംഗലം ദര്‍ശന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2.18 കോടി എന്നിങ്ങനെ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. അനന്തുകൃഷ്ണനെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മൂന്നുകേസിലും വിശദമായി ചോദ്യംചെയ്യും.

മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റിയിലെ അംഗങ്ങളില്‍നിന്ന് 7.59 കോടി തട്ടിയതിനാണ് അനന്തുകൃഷ്ണന്‍ അറസ്റ്റിലായത്. സൊസൈറ്റി അംഗങ്ങളില്‍ 40 പേര്‍കൂടി ചൊവ്വാഴ്ച പരാതി നല്‍കി. 40 പേരുടെ മൊഴിയെടുത്തു. സൊസൈറ്റിയിലെ 1400ഓളം പേര്‍ സ്‌കൂട്ടറിനായി പണം നല്‍കിയിരുന്നു. ഇതില്‍ 1200ലധികം പേര്‍ക്ക് ലഭിച്ചിട്ടില്ല. പകുതിവിലയ്ക്ക് ഇരുചക്രവാഹനവും ലാപ്‌ടോപ്പും നല്‍കാമെന്നുപറഞ്ഞ് അനന്തുകൃഷ്ണനും സംഘവും ആമ്പല്ലൂര്‍ പഞ്ചായത്തില്‍ നൂറുകണക്കിനുപേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. 320 രൂപവീതം നൂറുകണക്കിനാളുകളില്‍നിന്ന് ഫീസ് വാങ്ങി അംഗങ്ങളാക്കി. വിവിധ കമ്പനികളുടെ സിഎസ് ആര്‍ ഫണ്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് സ്‌കൂട്ടര്‍ വാങ്ങി നല്‍കാമെന്നായിരുന്നു പൊള്ള വാഗ്ദാനം. തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ അടക്കം ഇയാള്‍ മോഹന വാഗ്ദാനത്തില്‍ പറ്റിച്ചിട്ടുണ്ട്. സാമൂഹിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരെ പറഞ്ഞു മയക്കി കൂടെ നിര്‍ത്തിയാണ് ഇയാള്‍ തന്റെ തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരത്തെ സാമുഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനായ പ്രമുഖനും ഇതില്‍ പെട്ടു.

എറണാകുളത്ത് മാത്രം 5000 പേരിലേറെയാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. 20 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് മൂവാറ്റുപുഴയിലും കോതമംഗലത്തുമായി നാല് സംഘടനകള്‍ പരാതി നല്‍കി. വയനാട്ടില്‍ 1200-ഓളം പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് വിവരം. മാനന്തവാടി താലൂക്കില്‍ 200 പേര്‍ പരാതിനല്‍കി. കണ്ണൂരില്‍ ഒരു കേസില്‍ 350 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. മൂന്നുകോടിയാണ് ഇവര്‍ക്ക് നഷ്ടം. പാലക്കാട് രണ്ട് കേസുകളിലായി 519 പരാതിക്കാരാണ് നിലവിലുള്ളത്. ആലപ്പുഴയില്‍ മൂന്ന് കേസുകളിലായി 500 പേര്‍ പരാതി നല്‍കി. കോട്ടയത്ത് ഒരു പരാതിയാണ് വന്നത്. ഇടുക്കിയില്‍ വിവിധ സ്റ്റേഷനുകളിലായി 18 കേസുകളും 303 പരാതികളുമുണ്ട്. കോഴിക്കോട് 98 ആളുകളില്‍ നിന്നായി 72,51300 രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്.

അനന്തുകൃഷ്ണന്റെ പേരില്‍ അഞ്ചുവര്‍ഷം മുന്‍പും സാമ്പത്തിക തട്ടിപ്പ് കേസുണ്ട്. ഇടുക്കി തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിശ്വാസവഞ്ചന നടത്തി 5,85,000 രൂപ കബളിപ്പിച്ചെന്ന തൊടുപുഴ സ്വദേശിനിയുടെ പരാതിയിലാണ് 2019-ല്‍ കേസെടുത്തത്. തിരുവനന്തപുരത്തെ ഭാരത് സേവക് സമാജിന് കീഴിലുള്ള നൈപുണി വികസന സ്ഥാപനമായ നാഷണല്‍ സ്‌കില്‍ ഇന്ത്യ മിഷന്‍ വഴി ഇന്റഗ്രേറ്റഡ് അപ്പാരല്‍ മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ അനുവദിച്ചുതരാമെന്ന് പറഞ്ഞ് 2,05,000 രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. സ്ഥാപനം തുടങ്ങുന്നതിനായി 3,80,000 രൂപ ചെലവായതായും പരാതിയിലുണ്ട്. രണ്ടാംപ്രതി കല വഞ്ചനയ്ക്ക് കൂട്ടുനിന്നതായും പാതിയുണ്ട്.