- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ല കമ്മറ്റി ഓഫീസ് അക്രമിച്ചവരെ കണ്ടെത്തിയത് നേരത്തോട് നേരം തികയും മുൻപേ; അറസ്റ്റിനുള്ള നീക്കം ആരംഭിച്ചതിന് പിന്നാലെ രാത്രി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; ആനാവൂർ നാഗപ്പന്റെ വീടിന്റെ ജനൽച്ചിലുകൾ തകർത്തു; സിപിഎം ഓഫീസിനും നേതാക്കൾക്കും നേരെ അക്രമ തുടർച്ച
തിരുവനന്തപുരം: സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസ് അക്രമിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ ആക്രമണം. ആർഎസ്എസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.അക്രമത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
തുടർച്ചയായ മൂന്നാം ദിവസമാണ് സിപിഐ എം നേതാക്കൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം ഉണ്ടാകുന്നത്.സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ മൂന്ന് എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിൽ എൽഡിഎഫ് നടത്തിയ വികസന ജാഥയ്ക്കുനേർക്ക് എബിവിപി പ്രവർത്തകർ ആക്രമണം നടത്തിയത്. ശേഷം തിരുവനന്തപുരം ആറ്റുകാൽ ദേവി ഹോസ്പിറ്റലിൽ പ്രതികൾ ചികിത്സ തേടിയിരുന്നു.
വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവിനെ ആക്രമിച്ച അതേ പ്രതികൾ തന്നെയാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്.ചികിത്സയിലിരിക്കെയാണ് ഇവർ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനു നേർക്ക് കല്ലെറിഞ്ഞതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പൊലീസിനു സൂചന ലഭിച്ചത്.
ശനിയാഴ്ച പുലർച്ച് 1.10നാണ് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്.മൂന്നു ബൈക്കുകളിലെത്തിയ 6 അംഗ സംഘമാണ് ആക്രമണിത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഓഫിസ് വളപ്പിൽ പാർക്കു ചെയ്തിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന്റെ ബോണറ്റിൽ കല്ലു പതിച്ചിരുന്നു. കാറിനു സമീപത്തുനിന്ന് ഒരു കരിങ്കൽ കഷ്ണം കണ്ടെടുത്തിരുന്നു. സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ ഓഫിസിലുണ്ടായിരുന്നു.
ഓഫിസിനു മുന്നിൽ ഡ്യൂട്ടിയിലായിരുന്ന 2 പൊലീസുകാർ, ബൈക്കുകളിലെത്തിയ സംഘത്തെ പിടിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നാലെ സമീപത്തെ എല്ലാ സിസിടിവിയും പൊലീസ് അരിച്ചു പെറുക്കി. പ്രതികളെ കണ്ടെത്തി. എകെജി സെന്ററിൽ പടക്കം എറിഞ്ഞവരെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നിൽ സിപിഎമ്മുകാരായതു കൊണ്ടാണ് അട്ടിമറിയുണ്ടായതെന്ന വാദം സജീവമായിരുന്നു. ഇതിന് കൂടുതൽ ബലം നൽകുന്ന തരത്തിലാണ് അർദ്ധരാത്രിയിലെ മേട്ടുക്കടയിലെ അക്രമികളെ കണ്ടെത്തിയെന്ന് പൊലീസ് വിശദീകരിക്കുന്നത്.
പൊലീസ് കാവലുണ്ടായിരുന്നപ്പോഴാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേർക്കു ആക്രമണം നടന്നത്. ആക്രമണം സംബന്ധിച്ച് സിപിഎമ്മും ബിജെപിയും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെ പ്രതികളെന്നു സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായി പൊലീസ്. ആറ്റുകാലിലെ ആശുപത്രിയിൽ ഇവർ ചികിത്സയിലാണെന്നും അറിയിച്ചു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ആറ്റുകാൽ ആശുപത്രിയിലാണ് ഇവരുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ