പത്തനംതിട്ട: എ.എ റഹിം എംപിക്കെതിരേ അപകീർത്തികരമായ രീതിയിൽ ഫേസ് ബുക്കിൽ പ്രചാരണം നടത്തിയ ബിജെപി പ്രവർത്തകനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കോട്ട മണിമന്ദിരം വീട്ടിൽ അനീഷ് (33) ആണ് അറസ്റ്റിലായത്.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലുള്ള സിംഹാസനത്തിൽ റഹിം ഇരിക്കുന്നതായുള്ള വീഡിയോ ആണ് അനീഷ് ഫേസ് ബുക്കിൽ പ്രചരിപ്പിച്ചത്. റഹിം ടിവി ചാനൽ ചർച്ചയിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വീഡിയോ ആണ് സിംഹാസനത്തിന്റെ ചിത്രവുമായി ചേർത്ത് പ്രചരിപ്പിച്ചത്.

എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ചെറുതുരുത്തി പൊലീസ് ഇന്ന് പുലർച്ചെ വീട്ടിൽ നിന്നുമാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്. മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന അനീഷ് നാട്ടിൽ ബിജെ പി പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ഗൾഫിൽ നഴ്സായി ജോലി ചെയ്യുകയാണ്.