അങ്കമാലി: അങ്കമാലിയിൽ വീടിന് തീ പിടിച്ച് ഒരുകുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ ദുരൂഹ തുടരുന്നു. ബിനീഷും കുടുംബവും ഉറങ്ങാൻ കിടന്ന മുറിയിലെ ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് സംശയം ഉയർന്നെങ്കിലും അതല്ലെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണോ എന്നും സംശയം ഉയർന്നിട്ടുണ്ട്. അങ്കമാലിയിലെ അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീട്ടിലെ തീപിടിത്തത്തിലാണ് അച്ഛനും അമ്മയും രണ്ടു മക്കളും മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്വിൻ (5) എന്നിവരാണ് മരിച്ചത്.

അങ്കമാലി കോടതിക്ക് സമീപമുള്ള വീട്ടിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്. ബിനീഷിന്റെ അമ്മ പ്രാർത്ഥിക്കാൻ എഴുന്നേറ്റപ്പോഴാണ് തീ കണ്ടത്. തുടർന്ന് സഹായിയായ ഇതര സംസ്ഥാന തൊഴിലാളിക്കൊപ്പം തീയണയ്ക്കാൻ ശ്രമിച്ചു. ബക്കറ്റിലും മറ്റും വെള്ളമെടുത്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവിടത്തെ നായയുടെ കുര കേട്ടാണ് അയൽവാസികൾ എത്തിയത്. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

.അമ്മയെ ബിനീഷിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അനു സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് ട്യൂട്ടറായിരുന്നു. അതേസമയം, അങ്കമാലി എം എൽ എ റോജി എം ജോർജ് നേരത്തെ സംഭവ സ്ഥലത്തെത്തിയരുന്നു. ബിനീഷിന് സാമ്പത്തിക ബാദ്ധ്യത ഉള്ളതായി അറിയില്ലെന്ന് എം എൽ എ പ്രതികരിച്ചു.

'വീടിന്റെ മുകളിലെ നിലയിലെ രണ്ടു മുറികൾക്ക് മാത്രമാണ് തീപിടിച്ചത്. തീപിടിച്ചതു കണ്ട് വീടിനു താഴത്തെ മുറിയിൽ കിടന്നിരുന്ന അമ്മയും ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയും എത്തിയാണ് തീയണയ്ക്കാൻ തുടങ്ങിയത്. വീടിന്റെ അടുത്തുനിന്ന് പൈപ്പിലും ബക്കറ്റിലുമെല്ലാം വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാൽ വലിയ രീതിയിൽ തീപിടിച്ചതിനാൽ തീയണയ്ക്കാൻ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് നായ കുരയ്ക്കുന്നത് കേട്ടതോടെയാണ് അയൽവാസികൾ ഓടി വന്നത്. പിന്നാലെ തീയണയ്ക്കാൻ ശ്രമം തുടങ്ങിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു.

പിന്നാലെ ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മുകളിലെ നിലയിലെ രണ്ടു മുറികളിൽ മാത്രമേ തീപടർന്നിട്ടുള്ളു. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കു ശേഷമേ കാരണം വ്യക്തമാവുകയുള്ളൂ." റോജി അറിയിച്ചു. നിലവിൽ ബിനീഷിന് സാമ്പത്തിക ബാധ്യതകളുള്ളതായി അറിയില്ലെന്നും ബിസിനസ് ആയതു കൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് അന്വേഷിക്കണമെന്നും എംഎൽഎ പറഞ്ഞു.

പിതാവിന്റെ ചരമ വാർഷികത്തിന് എല്ലാവരെയും ക്ഷണിച്ചു

വീടിനു തീപിടിച്ചു മരിച്ച ബിനീഷിനും കുടുംബത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നെന്ന് സുഹൃത്തുക്കൾ. ഇദ്ദേഹത്തിന്റെ പിതാവിന്റെ ചരമവാർഷികം മറ്റന്നാളാണ്. ഇതിന്റെ ചടങ്ങുകൾക്കായി സാധനങ്ങളടക്കം വാങ്ങുകയും കുടുംബാംഗങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. നല്ല രീതിയിൽ ബിസിനസ് നടക്കുന്നുണ്ടെന്നും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉള്ളതായി തോന്നിയിട്ടില്ലെന്നും അയൽവാസികളും ബന്ധുക്കളുമെല്ലാം പറയുന്നു.

"നല്ല രീതിയിൽ ബിസിനസ് നടത്തുകയായിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് വീടിനോട് ചേർന്നുള്ള ജാതിക്കയുടെ ഗോഡൗൺ കത്തി നശിച്ചിരുന്നു. അതുകൊണ്ട് ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു. എന്നാൽ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്‌നങ്ങളില്ലായിരുന്നു. ധാരാളം ഭൂസ്വത്തുക്കൾ ബിനീഷിന് ഉണ്ടായിരുന്നു." സുഹൃത്തുക്കൾ പറയുന്നു.