പയ്യന്നൂർ: പയ്യന്നൂരിലെ അന്നൂർവാസികളെ നടുക്കുന്ന ഞായറാണ് കടന്നു പോയത്. മാതമംഗലം കോയിപ്ര സ്വദേശിനി അനില വീട്ടിൽ നിന്നും ഒരുപാട് അകലെയുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട സംഭവം നാടിനെ നടുക്കുന്ന വിഷയമായി പെട്ടന്ന് മാറി. പിന്നാലെ വീട് നോക്കാൻ ഏൽപ്പിച്ചയാൾ മറ്റൊരിടക്ക് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. അനിലയുടെ സുഹൃത്ത് സുദർശനപ്രസാദ് എന്ന ഷിജുാ(34)ണ് മരിച്ചത്. നടുക്കുന്ന ഈ സംഭവം പുറത്തുവരാൻ ഒരുപക്ഷേ ഇന്ന് വൈകിയേനെ. എന്നാൽ വീട്ടിനുള്ളിൽ നടന്ന ദുരന്തം അറിഞ്ഞത് വീട്ടിലെ നായ്ക്കളായിരുന്നു. നായ്ക്കളുടെ അശ്വഭാവിക കുരയാണ് പ്രദേശവാസികളുടെ ശ്രദ്ധ ഇവിടേക്ക് തിരിയാൻ ഇടയാക്കിയത്.

കുടുംബ സമേതം വിനോദയാത്ര പോകുന്നതിനാൽ പയ്യന്നൂർ അന്നൂരിലെ തന്റെ വീട് വീട്ടുടമയായ ബെറ്റി ജോസഫ് പരിചയക്കാരനായ ഷിജുവിനെ നോക്കാൻ ഏൽപ്പിക്കുന്നത്. വീട്ടിലെ നായകളെ പരിചരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതിനായിരുന്നു ഇത്. ഷിജുവിന്റെ നാടായ ഇരൂളിൽ താമസിച്ചിരുന്ന പരിചയത്തിന്മേലുള്ള വിശ്വാസത്തിലാണ് വീടിന്റെ താക്കോൽ അദ്ദേഹം കൈമാറിയത്. ഈ വിശ്വാസമാണ് വീട്ടുകാർക്ക് തന്നെ വലിയ തലവേദന ക്ഷണിച്ചു വരുത്തിയ സംഭവമായി മാറിയത്.

ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടിൽനിന്ന് നായകളുടെ അസാധാരണമായ കുര കേട്ടാണ് സമീപവാസികൾ ഉണർന്നത്. തലേദിവസം അസ്വാഭാവികമായൊന്നും വീട്ടിൽനിന്ന് കേട്ടിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച ഷിജുവിനെ പരിസരത്തുള്ള വീട്ടമ്മമാർ കണ്ടിരുന്നതായും വിവരമുണ്ട്.

നായകളുടെ കുര കേട്ടാണ് പരിസരവാസികൾ ബെറ്റിയുടെ ബന്ധുക്കളെ വിവരമറിയിക്കുന്നത്. തുടർന്ന്, അവർ സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം നിലത്ത് കിടക്കുന്നനിലയിൽ കാണുന്നത്. രക്തം വാർന്നൊലിക്കുന്ന നിലയിലുള്ള ശരീരം കണ്ട ഉടനെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനാണ് അസ്വഭാവികത കഥകൾ പുറത്തുവന്നത്.

കൊലപാതകം നടത്തിയശേഷം നേരം പുലരും മുമ്പ് ഷിജു ഇദ്ദേഹം സ്വന്തം നാട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അന്നൂരിൽനിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരൻ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിയനിലയിൽ ഷിജുവിന്റെ മൃതദേഹം കണ്ടത്.

അനിലയുടെ മുഖത്തും ശരീരത്തിലും മാരകമായ മുറിവുകൾ ഉണ്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ അനീഷ് പറഞ്ഞു. മുഖത്തുനിന്ന് ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു. വീട്ടിൽനിന്ന് പോരുമ്പോൾ ഇട്ട വസ്ത്രമല്ല അനിലയുടെ ദേഹത്തുണ്ടായിരുന്നത്. ഇത് കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണെന്നും അനീഷ് പറഞ്ഞു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അനീഷ് പറഞ്ഞു.

'അവൾ നാട്ടിൽ തിരിച്ചെത്താത്തതിന് പിന്നാലെയാണ് അന്വേഷിക്കാൻ തുടങ്ങിയത്. സ്റ്റേഷനിൽ പരാതി കൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ പോയ സ്ഥലങ്ങൾ നോക്കി. ഇന്ന് രാവിലെ അവളുടെ മൊബൈൽ ലൊക്കേഷൻ കാണിക്കുന്നത് വെള്ളോറയാണ്. അവളുടെ നാട്ടിൽ തന്നെ. ഇത് ചെയ്തവർ മൊബൈൽ അവിടെ ഉപേക്ഷിച്ചിട്ടുണ്ട്. ഇത് ചെയ്തത് ഒരു വ്യക്തിയല്ല. ഇതിനിടയിൽ അവന്റെ സഹായത്തിന് രണ്ടു മൂന്നുപേർ ഉണ്ടാകും', സഹോദരൻ പറഞ്ഞു.

അതേസമയം, പൊലീസും കൊലപാതകമാണെന്ന് സശയിക്കുന്നുണ്ട്. അനില മരിച്ചുകിടക്കുന്നതിന്റെ സമീപത്തായി രക്തക്കറകളുണ്ടായിരുന്നു. പരിക്കേറ്റതായും കണ്ടെത്തിയിരുന്നു. യുവതിയെ സുദർശന പ്രസാദ് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യചെയ്തു എന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിലേക്കും അന്വേഷണം നടത്തും.

മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അനില. സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. പിന്നീട്, വർഷങ്ങൾക്ക് ശേഷം സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് ഇവർ വീണ്ടും പരിചയം പുതുക്കുന്നത്. ശനിയാഴ്ച അനിലയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.