കൊച്ചി: അങ്കമാലിയിൽ ഒരു കുടുംബത്തിലെ നാലുപേർ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങൾ പുറത്ത്. 4 പേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ കേടുപാടുകളുണ്ടെന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

മരണത്തിനു മുൻപ് നാലു പേരും പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു. എസിയിൽ നിന്നുള്ള ലീക്കാണ് ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലെ വീട്ടിലാണ് ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മാത്യു (40), മക്കളായ ജൊവാന (8), ജസ്വിൻ (5) എന്നിവർ തീപിടിത്തത്തിൽ മരിച്ചത്.

അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലെ വീട്ടിൽ ഗൃഹനാഥനും ഭാര്യയും രണ്ടു കുട്ടികളും തീപിടിത്തത്തിൽ മരിച്ച വീട്ടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. നാട്ടുാകാരുമായി നല്ലബന്ധം പുലർത്തിയിരുന്ന ഇവരുടെ മരണം നാടിന് കണ്ണീരായി മാറുകയായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പുറത്തേക്കെടുത്തതും കൂട്ടനിലവിളി ഉയർന്നു. രണ്ടുനില വീട്ടിലെ ദുരന്തത്തിനു പിന്നിലെ കാരണങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. കൂട്ട ആത്മഹത്യയോ അപകടമരണമോ എന്നറിയണമെങ്കിൽ കൂടുതൽ പരിശോധന വേണ്ടിവരും.

ബിനീഷിന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ളതായി അധികം നാട്ടുകാർക്ക് അറിവില്. മദ്യപാനമില്ലാത്തയാളാണ്. ഭാര്യയുടെ വീട്ടുകാരും സാമ്പത്തികമായി നല്ല സ്ഥിതിയിലാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം ഇത്തരത്തിൽ എന്തെങ്കിലും ചെയ്യും എന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഒരു വിധത്തിലുള്ള മോശം കാര്യവും പറയാനില്ലാത്ത ആളായിരുന്നു ബിനീഷെന്ന് നാട്ടുകാർ പറഞ്ഞു. എല്ലാവരോടും നന്നായി ഇടപെടുന്ന സൗമ്യനായ ചെറുപ്പക്കാരൻ. പിതാവിന്റെ കാലം മുതൽ തുടങ്ങിയ ജാതിക്ക അടക്കമുള്ള മലഞ്ചരക്ക് വ്യാപാരമാണ് ബിനീഷും ചേട്ടൻ ബിനോയിയും നടത്തുന്നത്. അങ്കമാലി ടൗണിൽ ഇതിനായി ഒരു കടയും ഇവർക്കുണ്ട്. പിതാവ് കഴിഞ്ഞ വർഷമാണ് മരിച്ചത്. ചേട്ടൻ ബിനോയി അടുത്താണ് താമസിക്കുന്നത്. ഒരു സഹോദരിയാണ് ഇവർക്കുള്ളത്. വീട്ടിലാണ് ബിനീഷ് ജാതിക്ക ശേഖരിച്ചിരുന്നതും അത് ഉണക്കിയിരുന്നതും. ഇവിടുത്തെ ജോലിക്കാരായ സ്ത്രീകൾക്ക് ബിനീഷിന്റെ അമ്മയെക്കുറിച്ചും ഭാര്യ അനുവിനെക്കുറിച്ചും നല്ലതേ പറയാനുള്ളൂ.

ആ അമ്മയും കൊച്ചുമോനും അനുവുമൊക്കെ നല്ല പോലെ പെരുമാറുന്നവരാണ്. പൈസയ്ക്ക് പ്രശ്‌നമുള്ളതായി തോന്നിയിരുന്നില്ല. നല്ല സ്‌നേഹമായിരുന്നു പണിക്കു വരുന്നവരോടുമെന്നും വീട്ടിലെ സ്ത്രീകൾ പറയുന്നു. ഇന്നലെ പുലർച്ചെയാണ് വീട്ടിൽ തീപിടുത്തം ഉണ്ടായത്. രാവിലെ പത്രമെടുക്കാനായി പോയ ഏജന്റും സിപിഎമ്മിന്റെ അങ്ങാടിക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായ ഏലിയാസ് ആണ് തീ ഉയരുന്നത് ആദ്യമായി കാണുന്നത്.

"എനിക്ക് പത്രം ഏജൻസിയുണ്ട്. 5.055.10നാണ് എന്നും പോകുന്നത്. ഇവരുടെ വീടിന്റെ അടുക്കലെത്തിയപ്പോഴാണ് ജാതിമരങ്ങൾക്ക് ഇടയിലൂടെ വലിയ വെളിച്ചം വരുന്നത് അറിയുന്നത്. അപ്പോൾ തീ കത്തുന്നത് കണ്ടു. വീടിന്റെ താഴെനിന്ന് ബിനീഷിന്റെ അമ്മയുടെ നിലവിളി കേട്ടു. ഞാൻ പെട്ടെന്ന് തൊട്ടടുത്തു താമസിക്കുന്ന പൗലോസിനെക്കൂടി വിളിച്ചു. പൗലോസിനോട് കയറി നോക്കാൻ പറഞ്ഞിട്ട് ഞാൻ ഫയർഫോഴ്‌സിനെ വിളിച്ചുകൊണ്ടിരുന്നു. പൗലോസ് കയറിനോക്കിയെങ്കിലും വാതിൽ തുറക്കാൻ പറ്റിയില്ല. 5.30ന് ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. അവരാണ് വാതിൽ തുറന്നത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു" ഏലിയാസ് പറഞ്ഞു.

മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ആത്മഹത്യയാണോ, അപകടമുണ്ടായി തീ പടർന്നതാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘം നിഗമനത്തിലെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് സാധ്യത കുറവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ബിനീഷ് നേരിട്ടിരുന്നു എന്നും നാട്ടുകാർ പറഞ്ഞു.

ജാതിക്ക വാങ്ങിയിരുന്നവർക്ക് പണം കൊടുക്കാനുണ്ടായിരുന്നു. വീടിനോടു ചേർന്നുള്ള ജാതിക്ക ഉണക്കുന്ന ഗോഡൗൺ കുറച്ചു വർഷങ്ങൾക്ക് മുൻപ് കത്തിപ്പോയി. ഇതിന്റെ നഷ്ടപരിഹാരം കിട്ടിയെങ്കിലും ഇതുമൂലം ചില ബാധ്യതകൾ നേരിട്ടിരുന്നതായും സൂചനയുണ്ട്. ബിനീഷ് ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.