- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ പാവപ്പെട്ടവളാണ്, പക്ഷേ 10,000 രൂപയ്ക്ക് എന്നെ വിൽക്കില്ല'; അതിഥികളുമായി കിടക്ക പങ്കിടാൻ തന്നെ നിർബന്ധിച്ച വിവരം അങ്കിത ഭണ്ഡാരി ഉറ്റസുഹൃത്തിനോട് വാട്സ്ആപ്പ് ചാറ്റിൽ വെളിപ്പെടുത്തി; റിസോർട്ടിലെ അനാശാസ്യത്തെ ചൊല്ലിയുള്ള തർക്കത്തിൽ കനാലിൽ തള്ളിയിട്ട് കൊലപാതകം; ഉത്തരാഖണ്ഡിലെ നടുക്കിയ കൊലപാതകത്തിന്റെ വിശദാംശങ്ങൾ
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ യുവതി കൊല്ലപ്പെട്ട കേസ് സംസ്ഥാനത്തെ പിടിച്ചു കുലുക്കിയിട്ടുണ്ട്. റിസോർട്ട് നടത്തിപ്പുകാർ അനാശാസ്യത്തിന് വഴങ്ങാൻ യുവതിയെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ, അതിന് കൂട്ടാക്കാതിതിരുന്നതിനെ തുടർന്നാണ് കൊലപാതകം നടന്ന്ത്. പൗരി സ്വദേശിയായ അങ്കിത ഭണ്ഡാരി(19) കൊല്ലപ്പെട്ട കേസിൽ നിർണായകമായത് സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളായിരുന്നു. ബിജെപി നേതാവിന്റെ റിസോർട്ടിൽ നടന്ന കൊലപാതകം സംസ്ഥാനത്തെ ആകെ പിടിച്ചു കുലുക്കിയിരുന്നു.
തന്നെ റിസോർട്ടിലെത്തുന്ന അതിഥികളുമായി റിസോർട്ട് പങ്കിടാൻ നടത്തിപ്പുകാർ നിർബന്ധിച്ചിരുന്ന വിവരം യുവതി ഉറ്റ സുഹൃത്തുക്കളോടായി വാട്‌സ് ആപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴികളും വാട്സാപ്പ് ചാറ്റുകളും സുപ്രധാന തെളിവുകളായി മാറുകയാണ് ഉണ്ടായത്. സെപ്റ്റംബർ 18-ാം തീയതി, അങ്കിതയെ കാണാതായ ദിവസം ഇവർ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഫോണിൽ വിളിച്ചിരുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അങ്കിത റിസോർട്ടിലെ ഷെഫ് ആയ മൻവീർ സിങ് ചൗഹാനെ വിളിച്ചത്.
റിസോർട്ടിൽനിന്ന് തന്റെ ബാഗ് എത്തിക്കണമെന്നായിരുന്നു അങ്കിത ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ബാഗുമായി മറ്റൊരു ജീവനക്കാരൻ പോയെങ്കിലും അങ്കിതയെ കണ്ടില്ലെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവദിവസം അങ്കിത ഭണ്ഡാരി, കേസിലെ ഒന്നാംപ്രതിയും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യ, മറ്റുപ്രതികളായ റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, പുൽകിത് ഗുപ്ത എന്നിവർക്കൊപ്പം ഋഷികേശിലേക്ക് പോയിരുന്നു.
ഇവിടെനിന്ന് തിരികെ റിസോർട്ടിലേക്ക് വരുന്നതിനിടെ ചില്ല റോഡിൽവെച്ച് മൂന്ന് യുവാക്കളും മദ്യപിക്കാനായി വാഹനം നിർത്തി. തുടർന്ന് അങ്കിത ഇവർക്ക് വേണ്ടി അവിടെ കാത്തിരുന്നു. ഇതിനിടെയാണ് പ്രതികളും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായത്. റിസോർട്ടിലെത്തുന്ന അതിഥികളുമായി കിടക്ക പങ്കിടാൻ പ്രതികൾ അങ്കിതയെ നിർബന്ധിച്ചിരുന്നു. എന്നാൽ യുവതി ഇതിനെ എതിർത്തു. സംഭവദിവസവും ഇതേച്ചൊല്ലിയാണ് വഴക്കുണ്ടായത്. റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളിൽ യുവതി മറ്റുപ്രതികളെ കുറപ്പെടുത്തി. ഇത് പിന്നീട് വഴക്കിൽ കലാശിച്ചെന്നും പ്രതികൾ യുവതിയെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില വാട്സാപ്പ് ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉറ്റസുഹൃത്തിന് അങ്കിത അയച്ച ചില വാട്സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിസോർട്ട് ഉടമകൾ തന്നെ വേശ്യാവൃത്തിക്കായി നിർബന്ധിക്കുന്നതിനെക്കുറിച്ചാണ് ഈ ചാറ്റുകളിൽ സൂചിപ്പിച്ചിരുന്നത്. റിസോർട്ട് ഉടമയും മാനേജർമാരും അതിഥികൾക്ക് താൻ പ്രത്യേകസേവനം നൽകണമെന്ന് ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുകയാണെന്നായിരുന്നു അങ്കിതയുടെ വെളിപ്പെടുത്തൽ. താൻ പാവപ്പെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വിൽക്കില്ലെന്നും സുഹൃത്തിന് അയച്ച വാട്സാപ്പ് ചാറ്റിൽ അങ്കിത പറഞ്ഞിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഏറെ നിർണായകമായതും ഈ വാട്സാപ്പ് ചാറ്റുകളാണ്.
അങ്കിതയെ കാണാതായതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ചില്ല പവർഹൗസിനടുത്ത കനാലിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ റിസോർട്ട് ഉടമയായ പുൽകിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ബിജെപി. നേതാവായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ. കൊലക്കേസിൽ പുൽകിതിനെ അറസ്റ്റ് ചെയ്തതോടെ വിനോദ് ആര്യയെയും മറ്റൊരു മകൻ അങ്കിത് ആര്യയെയും ബിജെപി.യിൽനിന്ന് പുറത്താക്കിയിരുന്നു.
സംസ്ഥാന സർക്കാരിൽ വഹിച്ചിരുന്ന കാബിനറ്റ് പദവിയിൽനിന്നും വിനോദ് ആര്യയെ നീക്കി. സംസ്ഥാന ഒ.ബി.സി കമ്മിഷന്റെ വൈസ് പ്രസിഡന്റായിരുന്ന അങ്കിത് ആര്യയുടെ സ്ഥാനവും തെറിച്ചിട്ടുണ്ട്. അതിനിടെ, അങ്കിതയുടെ മരണത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാന സർക്കാർ റിസോർട്ട് പൊളിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമമെന്നും ഇവർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകാതെ അങ്കിതയുടെ സംസ്‌കാര ചടങ്ങുകൾ നടത്തില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
മറുനാടന് ഡെസ്ക്