- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുൾകിത് ആര്യ എത്തിച്ചത് 'ചില പ്രത്യേക അതിഥികളെ'; മേൽവിലാസം വെളിപ്പെടുത്താതെ സ്ത്രീകളെയും എത്തിക്കും; അതിഥികൾക്കായി ലഹരി വസ്തുക്കളും; ജോലി വിട്ടാൽ കുടുക്കും'; അങ്കിത കൊല്ലപ്പെട്ട റിസോർട്ട് പ്രവർത്തിച്ചിരുന്നത് അനാശാസ്യകേന്ദ്രമായെന്ന് മുൻ ജീവനക്കാർ
ഡെറാഡൂൺ: റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ ഉത്തരാഖണ്ഡിൽ പ്രതിഷേധം കത്തുന്നതിനിടെ ബിജെപി നേതാവിന്റെ മകന്റെ റിസോർട്ടിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ ജീവനക്കാർ രംഗത്ത്. ബിജെപി. നേതാവായ വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് രഹസ്യ അനാശാസ്യ കേന്ദ്രമായാണു പ്രവർത്തിച്ചിരുന്നതെന്നും ലഹരിയിടപാടിന്റെ കേന്ദ്രമായിരുന്നു റിസോർട്ടെന്നും മുൻ ജീവനക്കാർ ആരോപിച്ചു. അന്വേഷണ സംഘത്തോടാണു മുൻ ജീവനക്കാരുടെ വെളിപ്പെടുത്തലെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
അങ്കിതയുടെ കൊലപാതകത്തിന് പിന്നാലെ ഹരിദ്വാറിൽ ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണു ഭോഗ്പുരിലെ റിസോർട്ട്. റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ലഹരിമരുന്ന് ഉപയോഗവും പതിവാണെന്നായിരുന്നു മുൻ ജീവനക്കാരുടെ വെളിപ്പെടുത്തൽ.
സംഭവത്തിനു പിന്നാലെ ബിജെപി സർക്കാർ റിസോർട്ട് പൊളിച്ചതു വിവാദമായിരുന്നു. കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലിൽനിന്നാണു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണു കേസ്.
ദിവസങ്ങൾക്ക് മുമ്പാണ് റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി(19) കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ കേസിൽ റിസോർട്ട് ഉടമ പുൾകിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുൾകിത് ആര്യയും മറ്റുള്ളവരും അങ്കിതയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിരുന്നതായും ഇത് എതിർത്തതിനാലാണ് പ്രതികൾ യുവതിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനുപിന്നാലെയാണ് റിസോർട്ട് കേന്ദ്രീകരിച്ച് നടന്നിരുന്ന അനാശാസ്യത്തെക്കുറിച്ച് മുൻജീവനക്കാരും വെളിപ്പെടുത്തൽ നടത്തിയത്.
റിസോർട്ട് ഉടമയായ പുൾകിത് ആര്യ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ഇവിടെ നേരത്തെ ജോലിചെയ്തിരുന്ന ദമ്പതിമാരുടെ ആരോപണം. ആരെങ്കിലും ജോലി വിടാൻ തീരുമാനിച്ചാൽ ഇവർക്കെതിരേ മോഷണമടക്കം ആരോപിക്കുന്നത് പതിവായിരുന്നുവെന്നും ഇവർ പറയുന്നു. റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനങ്ങൾ പതിവായിരുന്നു. പലദിവസങ്ങളിലും പുൾകിത് ആര്യ ചില 'പ്രത്യേക അതിഥി'കളെ റിസോർട്ടിൽ കൊണ്ടുവരും. ഇവർക്കായി സ്ത്രീകളെയും എത്തിക്കും. മാത്രമല്ല, വിലകൂടിയ മദ്യവും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും റിസോർട്ടിൽ നൽകിയിരുന്നതായും മുൻ ജീവനക്കാർ വെളിപ്പെടുത്തി
നേരത്തേ ഇവിടെ ജോലി ചെയ്തിരുന്ന ദമ്പതികൾ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ''വേശ്യാവൃത്തി, ലഹരിക്കച്ചവടം തുടങ്ങിയ അനധികൃത ഇടപാടുകൾക്കു ഞങ്ങൾ സാക്ഷികളാണ്. ഇതൊന്നും സഹിക്കാനാകാതെ രണ്ടുമാസം മുൻപാണു ജോലി രാജിവച്ചത്''- ഇരുവരും പറഞ്ഞു.
''ചില 'പ്രത്യേക അതിഥികളെ' റിസോർട്ടിലേക്കു പുൾകിത് ആര്യ കൊണ്ടുവരാറുണ്ട്. മേൽവിലാസം വെളിപ്പെടുത്താതെ സ്ത്രീകളെയും എത്തിക്കും. റിസോർട്ടിൽ ലൈംഗിക സേവനത്തിനായാണ് ഇവരെത്തുന്നത്. അതിഥികൾക്കായി വിലയേറിയ മദ്യം, കഞ്ചാവ്, മറ്റു രാസലഹരികൾ എന്നിവ ഒരുക്കി നൽകാറുണ്ട്''- ദമ്പതികൾ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഇതിനിടെ, അങ്കിതയുടെ പോസ്റ്റുമോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് പൊലീസിനു ഋഷികേശ് എയിംസ് കൈമാറി.
നേരത്തേ നൽകിയ ഉറപ്പിന്റെ ഭാഗമായി അങ്കിതയുടെ കുടുംബത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാണിച്ചെന്നും, കണ്ടെത്തലുകൾ പരസ്യപ്പെടുത്താനാകില്ലെന്നും, കോടതിയിൽ സമർപ്പിക്കുമെന്നും ഡിജിപി അശോക് കുമാർ പ്രതികരിച്ചു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസംതൃപ്തി രേഖപ്പെടുത്തിയ അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ചിരുന്നു. പിന്നീട് അധികൃതർ അനുനയിപ്പിച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകൾ.
അതിനിടെ, ഏതാനുംവർഷങ്ങൾക്ക് മുമ്പ് ഇതേ റിസോർട്ടിൽനിന്ന് മറ്റൊരു ജീവനക്കാരിയെ കാണാതായിട്ടുണ്ടെന്ന ആരോപണത്തിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. റിസോർട്ടിൽ നേരത്തെ ജോലിചെയ്തിരുന്ന ഈ യുവതി നിലവിൽ മീററ്റിലുണ്ടെന്നും ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇവർ ജോലിവിട്ടതെന്നും പൊലീസ് പറഞ്ഞു. യുവതിയുമായി അന്വേഷണസംഘം ഫോണിൽ സംസാരിച്ചതായും ഉത്തരാഖണ്ഡ് ഡി.ജി.പി. അശോക് കുമാർ പ്രതികരിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ