ചെങ്ങന്നൂർ: ശയ്യാംവലംബിയായ വയോധികയെ ചെറുമകൻ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. മുളക്കുഴ മോഹന വിലാസം വീട്ടിൽ വാടകയ്ക്ക താമസിക്കുന്ന മെഴുവേലി സ്വദേശിനി അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ രഞ്ജു സാമി(28)നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഡിവൈ.എസ്‌പി ഡോ. ആർ. ജോസ് പറഞ്ഞു.

ഇന്നു പുലർച്ചെ നാലിനാണ് നാടു നടുക്കിയ സംഭവ പരമ്പരയുടെ തുടക്കം. രഞ്ജുവിന്റെ മുത്തശിയുടെ അനുജത്തിയാണ് കൊല്ലപ്പെട്ട അന്നമ്മ. ഇവർക്ക് ഒരു മകനും മകളുമാണുള്ളത്. മകൾ വിവാഹിതയായി വിദേശത്താണ്. മകനൈ കുറിച്ച് വിവരമില്ല. ഏറെ നാളായി ഇവർ രഞ്ജുവിനും കുടുംബത്തിനുമൊപ്പമാണ് താമസം. അസുഖബാധിതയായി കിടപ്പിലുമാണ്. മൂന്നര വർഷമായി ഇവർ മുളക്കുഴയിലെ വാടകവീട്ടിൽ താമസിച്ചു വരികയാണ്. രഞ്ജുവിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്. ഓട്ടോമൊബൈൽ എൻജിനീയറിങ് പഠനം കഴിഞ്ഞിരിക്കുകയാണ് സാം. ഏറെ നാളായി ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ഇരിക്കുകയായിരുന്നു.

രഞ്ജുവും മാതാവും ഒരു മുറിയിലാണ് കിടന്നിരുന്നത്. പുലർച്ചെ നാലുമണിയോടെ എണീറ്റു വന്ന രഞ്ജു ഹാളിൽ സെറ്റിയിൽ കിടക്കുകയായിരുന്ന സാമിനോട് എന്താടായെന്ന് ചോദിച്ചു. നിനക്ക് എന്താടായെന്ന് സാമും ചോദിച്ചു. ഇതോടെ അവിടെ കിടന്ന തടിക്കസേരയെടുത്ത് രഞ്ജു സാമിന്റെ തലയ്ക്ക് അടിച്ചു. ഭയന്നു പോയ സാം പുറത്തേക്ക് ഓടി. ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ മതിൽ ചാടി പുറത്തു കടന്നു. വീട്ടിൽ കുടുങ്ങിപ്പോയ ഭാര്യയെ രക്ഷിക്കാൻ വേണ്ടി അടുത്ത വീട്ടിൽ നിന്നും ഒരു ഏണി വാങ്ങി. ഇതുകൊണ്ടു വച്ച് മതിലിനു മുകളിലൂടെ കയറി ഭാര്യയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. ഏണി വഴി തന്നെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടു.

ഇതിനോടകം വീട് മുഴുവൻ ലോക്ക് ചെയ്ത രഞ്ജു കിടപ്പു രോഗിയായ അന്നമ്മയുടെ മുറിയിലേക്ക് ചെന്ന് തുണ്ടം തുണ്ടം വെട്ടുകയായിരുന്നു. തലയും കാലുമെല്ലാം വെട്ടിമാറ്റി. വിവരമറിഞ്ഞ് ചെങ്ങന്നൂർ പൊലീസ് സ്ഥലത്ത് വന്നപ്പോഴും ഇയാൾ അന്നമ്മയുടെ മൃതശരീരത്തിൽ വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് പൊലീസുകാർ വീടിനുള്ളിൽ കയറി രഞ്ജുവിനെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾ ഇപ്പോഴും പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നതെന്ന് ഡിവൈ.എസ്‌പി പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്യാൻ ഇന്ത്യൻ പ്രസിഡന്റും റോയും പുറപ്പെട്ടോ എന്ന മട്ടിലുള്ള ചോദ്യവും ഉന്നയിക്കുന്നു. ഇയാൾ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു.