കണ്ണൂർ: തളിപറമ്പ് ചിറവയ്ക്കു പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസി തട്ടിപ്പിനിരയായ യുവാക്കളെ വിസയോ വാങ്ങിയ പണമോ തിരിച്ചു നൽകാതെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിലെ പ്രതിയായ ട്രാവൽ ഏജൻസി ഉടമ കിഷോർ കുമാറിനെ എട്ടുപരാതികൾ ലഭിച്ചിട്ടും പൊലിസിന് പിടികൂടാൻ കഴിയാത്തത് ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് തൊഴിൽ കുടിയേറ്റം മോഹിക്കുന്ന യുവാക്കളെയാണ് ഇയാൾ സംസ്ഥാന വ്യാപകമായി മോഹനസുന്ദര വാഗ്്ദാനങ്ങൾ നൽകി വലയിലാക്കുന്നത്്. ഇത്തരത്തിൽ തൊഴിൽ തട്ടിപ്പിനിരയായ വയനാട് പുൽപ്പള്ളി സ്വദേശിയായ അനൂപ് ടോമിയെന്ന(24) യുവാവ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. നിരവധി യുവാക്കൾ തളിപറമ്പിലെ റിക്രൂട്ടിങ് ഏജൻസിയുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്.

തളിപ്പറമ്പ് ചിറവയ്ക്കെ ട്രാവൽ ഏജൻസിയുടെ തട്ടിപ്പിനിരയായ വയനാട് ബത്തേരി, തൊടുവട്ടി സ്വദേശിയായ അനൂപ് ടോമി കഴിഞ്ഞ മാസം 27നാണ് ആത്മഹത്യ ചെയ്തത്. അനൂപിൽ നിന്ന് ആറു ലക്ഷത്തോളം രൂപയാണ് ഏജൻസി ഉടമയായ കിഷോർ വാങ്ങിയത്. എന്നാൽ താന്മോഹിച്ച വിസയോ കൊടുത്ത കാശോ അനൂപിന് വാഗ്ദാനം ചെയ്ത കാലം കുറെ കഴിഞ്ഞിട്ടും ലഭിച്ചില്ല. താൻ കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ ട്രാവൽ ഏജൻസി ഉടമ കിഷോർകുമാർ മുഷ്‌കും ധാർഷ്ട്യവുമായാണ് അനൂപിനെ നേരിട്ടത്. അവന്റെ ജീവിതത്തിലെ അഭിലാഷങ്ങളിലൊന്നായിരുന്നു വിദേശത്തേക്കുള്ള ജോലിയെന്നായിരുന്നു ഈക്കാര്യത്തെ കുറിച്ചു പിതാവ് ടോമി പറഞ്ഞത്. താൻ നൽകിയ പൈസ തന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ, ട്രാവൽ ഏജൻസി ഉടമ പറഞ്ഞത് അതിൽ എനിക്ക് ഒന്നുമില്ല, നീ എന്താണെന്ന് വച്ചാൽ ചെയ്തോളാനാണെന്നും ഇത്തരം ഹൃദയ ഭേദകമായ വാക്കുകളാണ് അനൂപിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായതാണെന്നാണ് അനൂപിന്റെ പിതാവ് ടോമിയുടെ വെളിപ്പെടുത്തൽ.

സിവിൽ എഞ്ചിനീയർ ബിരുദം പൂർത്തിയാക്കിയതിനു ശേഷം ജീവിതത്തിൽ ഒരുപാട് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു അനൂപിന്. ഇതിൽ യു.കെയിലേക്ക് പോയി അവിടെ ജോലി ചെയ്തു കുടുംബത്തെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു അവന്റെ ജീവിതലക്ഷ്യങ്ങളിലൊന്ന്. അനൂപിനെപ്പോലെ നിരവധി യുവാക്കളാണ് തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസിയെന്ന ട്രാവൽ ഏജൻസിയുടെ തട്ടിപ്പിനിരയായത്. ഇതിൽ പലരും സാധാരണ കുടുംബങ്ങളായിരുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പിനിയുടെ സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ കണ്ടാണ് മിക്കയാളുകളും വീണുപോയത്.

ഇങ്ങനെ നാലുലക്ഷം മുതൽ ആറുലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർനിരവധിയാണ്. ഉദ്യോഗാർത്ഥികൾ തങ്ങൾ കൊടുത്ത പണമാവശ്യപ്പെട്ടു കൊണ്ടു തളിപറമ്പിലെ ഓഫീസിലേക്ക് വരാൻ തുടങ്ങിയതോടെ കൺസൾട്ടൻസിയുടമ പി.പി കിഷോർ കുമാർ ഓഫീസ് പൂട്ടി മുങ്ങുകയായിരുന്നു. ആദ്യം ബെൽജിയത്തിലേക്കായിരുന്നു തൊഴിൽ വാഗ്ദാനം, പിന്നെയത് യുകെയായി. ഐ. ഇ. എൽ.ടി. എസ് യോഗ്യത ഇല്ലാത്ത തന്നെ തൊഴിൽ വിസ ലഭ്യമാക്കുമെന്ന വാഗ്ദാനം നൽകിയാണ് വഞ്ചിച്ചതെന്നു അനൂപ് ടോമി തന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. തികച്ചും നാടകീയ രംഗങ്ങൾ സൃഷ്ടിച്ചാണ് കിഷോർകുമാർ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചത്.

നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്നു ബോധ്യപ്പെടുത്താനായി വ്യാജ രേഖകൾ പലതും കൈമാറി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയും എല്ലാവരിൽ നിന്നുമായി മൂന്ന് കോടിരൂപ സമാഹരിച്ചു മുങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെ ഉദ്യോഗാർത്ഥികൾ പരാതി നൽകുമെന്ന് മുൻകൂട്ടികിഷോർകുമാർ കൊച്ചിയിലെയും തളിപറമ്പിലെയും ഓഫീസ് പൂട്ടി മുങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെയിൽ തന്നെഉദ്യോഗാർത്ഥികൾ ചിലർ വിവരം തളിപറമ്പ് പൊലിസിൽ അറിയിച്ചിരുന്നുവെങ്കിലും ചെറുവിരൽ അനക്കാൻ പോലും തയ്യാറായില്ലെന്ന പരാതി വിവിധ കോണുകളിൽ നിന്നുമുയരുന്നുണ്ട്.

കിഷോർകുമാറിനെ സുഖമായി രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു പൊലിസ്. ഇപ്പോൾ ഒളിവിൽ കഴിയുന്ന കിഷോർ കുമാറിനെ ഇനിയും പിടികൂടാത്തത് പൊലിസിലെ ചില ഉന്നതർ കളിക്കുന്ന ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്.സംഭവത്തിൽ കുറ്റാരോപിതനായ കിഷോർ കുമാറിനെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു അനൂപ് ടോമിയുടെ കുടുംബം കണ്ണൂർ റെയ്ഞ്ച് ഐ.ജി രാഹുൽ ആർ. നായർക്ക് പരാതി നൽകിയിട്ടുണ്ട്.