കണ്ണൂർ: കണ്ണൂരിൽ പിടിയിലായ കുപ്രസിദ്ധ തട്ടിപ്പുകാരൻ മുഹമ്മദ് താഹയ്ക്കെതിരെ വീണ്ടും കേസെടുത്തു.വീട്ടിൽ കയറി മോഷണം നടത്തിയതിനാണ് താഹ കുടുങ്ങിയത്.ട്രിപ്പുവിളിച്ച് ഓട്ടോ ഡ്രൈവറിൽ നിന്നും ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലാണ് ഈയാൾ നേരത്തെ അറസ്റ്റിലായത്.ഇതിന് പിന്നാലെയാണ് വളപട്ടണം മന്നയിലെ താമസക്കാരനായ കോഴിക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് താഹയ്ക്കെതിരെ വളപട്ടണം പൊലിസ് മറ്റൊരു മോഷണകേസുകൂടി പുതുതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്നും മാസങ്ങൾക്കു മുൻപ് സ്വർണമോതിരം കവർന്നെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.ഇതേ തുടർന്നാണ് താഹയ്ക്കെതിരെ വളപട്ടണം പൊലിസ് കേസെടുത്തത്.കഴിഞ്ഞ ദിവസം താഴെ ചൊവ്വയിലേക്ക് ട്രിപ്പു വിളിച്ചു കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തു നിന്നും കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി എട്ടായിരം രൂപ കവർന്ന കേസിൽ ഇയാളെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

കണ്ണൂർ ടൗൺ പൊലിസാണ് താഴെ ചൊവ്വയിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രതിയെ പിടികൂടിയത്. താഴെചൊവ്വയിൽ നിന്നും ഇയാളെ വ്യാപാരികൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് തടഞ്ഞുവെച്ചു പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ ഇയാൾ താഴെചൊവ്വയിലുള്ള ഒരു പള്ളിയുടെ കോംപൗണ്ടിലേക്ക് ഓടിരക്ഷപ്പെട്ടുവെങ്കിലും പള്ളികമ്മിറ്റിഭാരവാഹികളുടെ സഹായത്തോടെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു.

കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ബിനുമോഹനും സംഘവുമാണ് മുഹമ്മദ് താഹയെ അറസ്റ്റു ചെയ്തത്. നേരത്തെ നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് താഹ പതിവായി ഓട്ടോടാക്സി ഡ്രൈവർമാരെ കബളിപ്പിച്ചു പണം തട്ടിയിരുന്നു.ദൂരെ സ്ഥലങ്ങളിലേക്ക് ട്രിപ്പുവിളിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് നിർത്താൻ പറഞ്ഞതിനുശേഷം ഓട്ടോ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലാണ് ഇയാളുടെ രീതി.

ഇത്തരത്തിൽ നിരവധി പരാതികൾ ഇയാൾക്കെതിരെയുണ്ടായിരുന്നുവെങ്കിലും നാണക്കേടുകൊണ്ട് തട്ടിപ്പിനിരയായവർ പരാതി നൽകിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഓട്ടോ റിക്ഷ ഡ്രൈവർ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. എന്നാൽകണ്ണൂർ വിമാനത്താവളത്തിന് സമീപമുള്ള ചാലോട് ടൗണിൽ നിന്നും രണ്ടു ഓട്ടോറിക്ഷ ഡ്രൈവർമാരെ കബളിപ്പിച്ചു പണം തട്ടിയത് മുഹമ്മദ് താഹയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വാങ്ങി അന്വേഷണം നടത്താനാണ് പൊലിസിന്റെ തീരുമാനം.