തലശേരി: തലശേരി നഗരത്തിലെ തിരുവങ്ങാട് കീഴന്തിമുക്കിലെ സ്വകാര്യ ക്ളിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയെ അപമാനിക്കുകയും ചികിത്സാമുറിയിൽ നിന്നും ബലം പ്രയോഗിച്ചു കൈക്കുഞ്ഞിനെയടക്കം തള്ളിയിടുകയും ചെയ്ത സംഭവത്തിൽ തലശേരി ടൗൺ പൊലിസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത വിവാദ ഡോക്ടർ മുൻകൂർ ജാമ്യം തേടി തലശേരി ജില്ലാസെഷൻസ് കോടതിയിൽ ഹർജി നൽകി. തലശേരി തിരുവങ്ങാട് കീഴന്തിമുക്കിലെ ഡോ. ദേവാനന്ദാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഈയാളുടെ ഹരജി ചൊവ്വാഴ്‌ച്ച കോടതി പരിഗണിക്കും.

സംഭവത്തിനു ശേഷം ഒളിവിൽ പോയ ഡോക്ടർ ദേവാനന്ദ് പൊലിസ് അന്വേഷണമാരംഭിച്ചതിനു ശേഷം എവിടെയാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ ബന്ധുവീടുകളിൽ പൊലിസ് കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. കഴിഞ്ഞ ഏഴാം തീയ്യതിയാണ് തലശേരി തിരുവങ്ങാട്ടെ കീഴന്തിമുക്കിലെ വീട്ടിിൽ സജ്ജമാക്കിയ ക്ളിനിക്കിൽ വെച്ചു കണ്ണവം സ്വദേശിനിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്.ശിശുരോഗവിദഗ്ദ്ധനായ ഡോക്ടറെ കാണുന്നതിനായി കൈക്കുഞ്ഞുമായി എത്തിയതായിരുന്നു യുവതി.

ഇവരുടെ കൂടെ രക്ഷിതാക്കളുമുണ്ടായിരുന്നു. ഏറ്റവും അവസാനം ടോക്കൺ ലഭിച്ച യുവതി വൈകുന്നേരം ആറുമണിയോടെ മറ്റു രോഗികൾ കാണിച്ചു പോയതിനു ശേഷം അമ്മയോടൊപ്പം കൺസൾട്ടിങ് റൂമിൽ കയറിയപ്പോൾ ഡോക്ടർ പ്രകോപിതനാവുകയും അമ്മയെയും മകളെയും കൈക്കുഞ്ഞിനെയും ബലം പ്രയോഗിച്ചു തള്ളി പുറത്താക്കുകയുയമായിരുന്നു.യുവതിയെ കൺസൾട്ടിങ് മുറിക്ക് പുറത്തേക്ക് ഡോക്ടർ തള്ളിയിട്ടതായി പരാതിയുണ്ട്. ഇതിനു ശേഷം ഡോക്ടർക്ളിനിക്കിന്റെ വാതിലുകൾ അടച്ചുപൂട്ടി സ്ഥലം വിടുകയും ചെയ്തു.

ഇതിനെ തുടർന്നാണ് തന്നെ അപമാനിച്ചുവെന്നു ചൂണ്ടിക്കാട്ടി യുവതി തലശേരി ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനു സമാനമായ സംഭവങ്ങങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നാണ് കേസ് അന്വേഷണം നടത്തുന്ന തലശേരി ടൗൺ പൊലിസ് പറയുന്നത്. എന്നാൽ ഡോക്ടർക്കെതിരെ ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുത്തിരുന്നില്ല. ചികിത്സയ്ക്കായി കുട്ടികളുമായി എത്തുന്ന അമ്മമാർക്കിടെയിൽ ടോക്കൺ വലിച്ചെറിയുകയും ഇതെടുക്കുന്നതിന് രോഗികൾ തറയിൽ കുനിഞ്ഞെടുക്കാൻ മത്സരിക്കുമ്പോൾ തലകൾ കൂട്ടിയിടിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നേരത്തെ തലശേരിയിലെ ഒരുപ്രമുഖ ആശുപത്രിയിൽ ശിശുരോഗ വിദഗ്ദ്ധനായി ജോലി ചെയ്ത ഇയാൾ പിന്നീട് അവിടെ നിന്നും ഒഴിവായി സ്വന്തമായി ചികിത്സയാരംഭിക്കുകയായിരുന്നു. കുട്ടികളുടെ രോഗചികിത്സാരംഗത്ത് പേരെടുത്ത ഡോക്ടറായതിനാൽ നല്ലതിരക്കാണ് ഈയാൾക്ക് അനുഭവപ്പെട്ടിരുന്നത്.