- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുജീബ് റഹ്‌മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത
കോഴിക്കോട്: 55 കേസുള്ള മുജീബ് റഹ്‌മാൻ എങ്ങനെ പുറത്തിറങ്ങി. പൊലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചയിൽ നഷ്ടപ്പെട്ടത് ഒരു ജീവനാണ്. മുമ്പും ബലാത്സംഗ കേസിൽ പ്രതിയായിരുന്നു കൊടും കുറ്റവാളിയായിരുന്ന മുജീബ് റഹ്‌മാൻ. എന്നിട്ടും ഈ ക്രൂരന് ജാമ്യം കിട്ടി. ഈ സാഹചര്യത്തിൽ മുമ്പ് മുജീബ് റഹ്‌മാൻ ബലാത്സംഗം ചെയ്ത വയോധിക പ്രതികരിക്കുകയാണ്. ഒന്നര വർഷത്തോളം റിമാൻഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമർപ്പിച്ചെങ്കിലും വിചാരണ വൈകിയതിനാൽ കോടതി മുജീബിനു ജാമ്യം അനുവദിച്ചു. പൊലീസ് വേണ്ടത്ര കരുതൽ എടുത്തിരുന്നുവെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു.
മുൻപുതന്നെ പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ പേരാമ്പ്ര നൊച്ചാട് സ്വദേശിനി കുറുങ്കുടി മീത്തൽ അനു കൊല്ലപ്പെടില്ലായിരുന്നെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു. പേരാമ്പ്ര അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാൻ ആണ് മുക്കം മുത്തേരി ബലാത്സംഗ കേസിലെയും പ്രതി. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്‌മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും മുത്തേരിയിലെ വയോധിക പറയുന്നു. ഇത് തന്നെയാണ് വസ്തുതയും. കേസിൽ പ്രോസിക്യൂഷൻ മൗനം പാലിച്ചതു കൊണ്ടാണ് മുജീബ് റഹ്‌മാന് ജാമ്യം കിട്ടിയത്.
2020 ജൂലൈയിലാണ് മുത്തേരിയിൽ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തശേഷം പണം കവർന്നത്. മോഷ്ടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്‌മാൻ, ഹോട്ടൽ തൊഴിലാളിയായ വയോധികയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തത് പണം കവരുകയായിരുന്നു. അന്ന് അറസ്റ്റിലായ മുജീബ് പൊലീസിനെ കബളിപ്പിച്ചു കോവിഡ് സെന്ററിൽ കടന്നുകളഞ്ഞെങ്കിലും കൂത്തുപറമ്പിൽ വച്ച് പിടിയിലായി.
നൊച്ചാട് സ്വദേശി അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാൻ കുപ്രസിദ്ധ വാഹനമോഷ്ടാവായ വീരപ്പൻ റഹീമിന്റെ അനുയായിയാണെന്ന് പൊലീസ് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയാണ് വീരപ്പൻ റഹീം. ഇരുവർക്കുമെതിരെയുള്ള പല കേസുകളിലും ഇപ്പോഴും വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും ഈ ക്രൂരൻ പുറത്തിറങ്ങരുതെന്നാണ് ഏവരുടേയും ആഗ്രഹം. പ്രോസിക്യൂഷനും അതിൽ കരുതൽ എടുക്കുമെന്നാണ് പ്രതീക്ഷ. മുജീബ് റഹ്‌മാൻ മറ്റ് കൊലകളും നടത്താനും സാധ്യതയുണ്ട്. ഇതും പൊലീസ് അന്വേഷിക്കും.
വീരപ്പൻ റഹീമുമായി കൂടിചേർന്നായിരുന്നു ഇയാൾ ഏറെക്കാലം വാഹനങ്ങൾ മോഷ്ടിച്ചിരുന്നത്. ഇതിന് പുറമെ കഞ്ചാവ് വിൽപ്പനയിലും പൊലീസ് വീരപ്പൻ റഹീമിനെ പിടികൂടിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടുമായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് വീരപ്പൻ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ റഹ്‌മാൻ ഒറ്റയ്ക്ക് മോഷണങ്ങൾ നടത്തുന്നത് പതിവാക്കി.
മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ എത്തി മോഷണം നടത്തി കടന്നുകളയുന്നതാണ് ഇയാളുടെ സ്ഥിരം പരിപാടി. നിരവധി കേസുകൾ മുജീബിന്റെ പേരിൽ നിലനിൽക്കുന്നുണ്ടെങ്കിലും ചുരുക്കം ചില കേസുകളിൽ മാത്രമാണ് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. മുത്തേരി ബലാത്സംഗ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി അനുവിനെ 10 മിനിറ്റിനുള്ളിൽ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞത് തന്ത്രപരമായാണ്.
മുത്തേരി ബലാത്സംഗത്തിന് സമാനമായ കുറ്റകൃത്യമാണ് ഈ മാസം 11നു പേരാമ്പ്രയിലും നടന്നത്. ഇരിങ്ങണ്ണൂരിലെ വീട്ടിൽനിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽനിന്നു നടന്നു പോവുകയായിരുന്നു അനു. ഇവരെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്. കണ്ണൂർ മട്ടന്നൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്‌മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഭാഗമാണ് ഇവിടം.
അത്യാവശ്യമാണെങ്കിൽ തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ഹെൽമറ്റും കോട്ടും ധരിച്ചിരുന്നു. ആദ്യം കയറാൻ മടിച്ച യുവതി പിന്നീട് സമീപവാസികൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കിൽ കയറിയതെന്ന് പൊലീസ് കരുതുന്നു. സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപം എത്തിയപ്പോൾ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയും തല വെള്ളത്തിൽ ചവിട്ടിത്താഴ്‌ത്തി കൊലപ്പെടുത്തി ആഭരണം കവരുകയുമായിരുന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്.
മട്ടന്നൂരിൽ നിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് മോഷ്ടിച്ച ബൈക്കിൽ വരുമ്പോഴാണ് ധൃതിയിൽ വരികയായിരുന്ന അനുവിനെ കണ്ടത്. ആശുപത്രിയിലേക്ക് പോകാനായി മറ്റൊരു സ്ഥലത്ത് കാത്തുനിൽക്കുകയായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് സ്വന്തം വീട്ടിൽ നിന്ന് വേഗത്തിൽ വരികയായിരുന്നു അനു. ഇതോടെ ഭർത്താവിന് സമീപമെത്തിക്കാമെന്ന് പറഞ്ഞാണ് മുജീബ് റഹ്‌മാൻ അനുവിനെ ബൈക്കിൽ കയറ്റുന്നത്. ഇതിന് പിന്നാലെ അല്ലിയോറയിലെത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് മുജീബ് റഹ്‌മാൻ ബൈക്കിൽ നിന്നിറങ്ങുകയായിരുന്നു. പിന്നാലെ ഇറങ്ങിയ അനുവിനെ ഇയാൾ തോട്ടിലേക്ക് തള്ളിയിട്ടു. തുടർന്ന് ആഭരണങ്ങൾ കവരാൻ ശ്രമം നടത്തി. ചെറുക്കാൻ ശ്രമിച്ച അനുവിന്റെ തല പ്രതി തോട്ടിൽ ചവിട്ടിത്താഴ്‌ത്തുകയായിരുന്നു
അനുവിനെ കൊന്ന് തോട്ടിൽ താഴ്‌ത്തി ആഭരണങ്ങൾ കവർന്ന് ഇവിടെ നിന്ന് രക്ഷപ്പെടാൻ മുജീബ് ആകെ എടുത്തത് പത്ത് മിനിറ്റിൽ താഴെ മാത്രം സമയമാണ്. ഇതിന് പിന്നാലെ ഹെൽമറ്റ് ധരിച്ച് ഉള്ള്യേരി ഭാഗത്തേക്ക് തിരിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ജയിലിൽ നിന്നുമിറങ്ങിയത്. മോഷണം, വധശ്രമം, ബലാത്സംഗം അടക്കം 55 കേസുകളിൽ പ്രതിയാണ് ഇയാൾ.