- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മീത്തൽ അനുവിനെ കൊന്നതുകൊടും കുറ്റവാളി
കോഴിക്കോട്: പേരാമ്പ്ര വാളൂരിൽ കുറങ്കുടി മീത്തൽ അനു(അംബിക- 26)വിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സ്ഥിരീകരിച്ച് അറസ്റ്റിലായ പ്രതി കൊടും ക്രിമിനൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് പിടിയിലായത്. തിരിച്ചറിയൽ പരേഡിന്റെ ആവശ്യമുള്ളതിനാൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ തന്ത്രത്തിൽ ബൈക്കിൽ ലിഫ്റ്റ് കൊടുത്ത് ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു പോയി കവർച്ച ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണ് ഇയാളുടെ രീതി. ഇത് തന്നെയാണ് പേരാമ്പ്രയിലും സംഭവിച്ചത്.
നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടർന്ന് ഇയാൾ ബൈക്കിൽ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടർന്ന് വഴിയിൽ വെച്ച് തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ തല ചവിട്ടി താഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലായത്.
സംഭവസമയം സ്ഥലത്ത് അസ്വാഭാവികസാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതാണ് നിർണ്ണായകമായത്. സിസിടിവി ദൃശ്യത്തിലെ പ്രതിയെ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞു. മോഷ്ടിച്ച ബൈക്കിലായിരുന്നു ഇയാൾ എത്തിയത്. ചൊവ്വാഴ്ചയാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽനിന്ന് സ്വർണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാകാമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയത്. കമ്മൽ മാത്രമാണ് ശരീരത്തിൽനിന്ന് ലഭിച്ചത്.
സ്വർണമാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ ഭർത്താവിന്റെ കൂടെ ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് പുറപ്പെട്ട അനുവിനെ കാണാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടിൽ മൃതദേഹം കണ്ടത്. രാവിലെ പുല്ലരിയാൻ എത്തിയ സ്ത്രീയാണ് മൃതദേഹം കാണുന്നത്.
സമീപത്തുള്ള സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ നേരത്തെ പൊലീസ് എത്തിച്ചേർന്നിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പേര് വിവരങ്ങളും മറ്റു വിശദാംശങ്ങളും പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
നിരീക്ഷണത്തിലായിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. മോഷണശ്രമത്തിനിടെ ചെറുക്കാൻ ശ്രമിച്ച അനുവിന്റെ തല പ്രതി തോട്ടിൽ ചവിട്ടിത്താഴ്‌ത്തിയതായും സൂചനയുണ്ട്. യുവതി മുങ്ങിമരിച്ചതാണെന്നും ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എങ്കിലും അനുവിനെ മുക്കിക്കൊലപ്പെടുത്തിയതാകാനുള്ള സാധ്യത പൊലീസ് തള്ളിയിരുന്നില്ല. മരണത്തിനു മുൻപ് ബലപ്രയോഗം നടന്നതായി സംശയമുണ്ട്. കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്.
തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരിക്കാന്മാത്രം വെള്ളം ഇല്ലാത്ത തോട്ടിൽ മൃതദേഹം കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു.പേരാമ്പ്ര ഡിവൈഎസ്‌പി കെ.എം.ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.