കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നെച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതി മുജീബിലേക്ക് പൊലീസ് എത്തിയതുകൊലപാതക രീതിയും സിസി ടിവി കേന്ദ്രീകരിച്ച അന്വേഷണത്താലുമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി മുജീബ് ഉപയോഗിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമെന്ന് കോഴിക്കോട് റൂറൽ എസ്‌പി അരവിന്ദ് സുകുമാർ വ്യക്തമാക്കി. നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നം പൊലീസ് പറഞ്ഞു.

കോഴിക്കോട് റൂറൽ പൊലീസും മലപ്പുറം പൊലീസും ചേർന്നാണ് കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാനെ പിടികൂടിയത്. മുജീബിന് എതിരെ അൻപതിൽ അധികം കേസുകളുണ്ടെന്ന് എസ്‌പി വ്യക്തമാക്കി. കൊടും ക്രിമിനലായ മുജീബിന്റെ മുന്നിലേക്ക് അവിചാരിതമായാണ് അനു എത്തിയത്. ആശുപത്രിയിലേക്ക് തിരക്കിട്ട് പോകാനിറങ്ങിയ യുവതിയെ ഇയാൾ സമർഥമായി കെണിയിൽ കുരുക്കുകയായിരുന്നു.

കൊലപാതക രീതിയിൽ നിന്നാണ് മുജീബിനെ സംശയം തോന്നിയതെന്നും എസ് പി അരവിന്ദ് കുമാർ പറഞ്ഞു. അനുവിന്റെ ശരീരത്തിൽ നിന്ന് മോഷ്ടിച്ച സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തള്ളിയിട്ടപ്പോൾ തലയിടിച്ച് വീണ അനുവിന്റെ ബോധം നഷ്ടപ്പെട്ടു. ആളുകൾ കാണുമെന്നതുകൊണ്ട് പ്രതി അനുവിനെ വലിച്ചിഴച്ച് തോട്ടിലേക്ക് ഇടുകയായിരുന്നു. തുടർന്ന് തലയിൽ ചവിട്ടി വെള്ളത്തിൽ താഴ്‌ത്തിയാണ് അനുവിനെ കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടത്തിയ സമയം പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

അനുവിന്റെ സ്വർണം വിൽക്കാൻ മുജീബിനെ സഹായിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതിക്രൂരമായ കൊലപാതകം നടത്തിയതിന് ശേഷം സ്വർണാഭരണം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് അബൂബക്കറിന് നൽകുകയായിരുന്നു.

ആശുപത്രിയിലേക്ക് പോകാൻ മറ്റൊരിടത്തു കാത്തു നിൽക്കുകയായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് വീട്ടിൽ നിന്നിറങ്ങി ധൃതിയിൽ പോവുകയായിരുന്ന അനു എന്ന യുവതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. യുവതി ഗ്രാമീണ റോഡിലൂടെ നടന്നുവരുന്നത് മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി ഈ വഴി വന്ന കൊടും ക്രിമിനൽ മുജീബ് റഹ്മാന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടുത്ത ജംക്ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റി. പിന്നീടായിരുന്നു ദാരുണ കൊലപാതകം.

സിസി ടിവിയിൽ ബൈക്കിന്റെ നമ്പർ തെളിഞ്ഞതും യുവതിയെ ഒരാൾ ബൈക്കിൽ കയറ്റികൊണ്ട് പോകുന്നത് കണ്ടെന്ന പ്രദേശവാസിയുടെ മൊഴിയും കേസിൽ നിർണ്ണായകമായി. ബലാത്സംഗം മോഷണം ഉൾപ്പെടെ 55 കേസുകൾ പ്രതിക്കെതിരെ ഉണ്ട്. കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ പ്രതി പൊലീസിനെ ആക്രമിച്ചിരുന്നു. ഗ്ലാസ് കൊണ്ടുള്ള കുത്തേറ്റു എസ് ഐ യുടെ കൈക്ക് പരിക്കുണ്ട്. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.

കൊണ്ടോട്ടിയിൽ മോഷണവസ്തു വിൽക്കാൻ പ്രതിയെ സഹായിച്ച അബൂബക്കർ എന്ന ആളും പിടിയിലായി. ഇയാൾക്ക് കൃത്യത്തെക്കുറിച്ച് അറിവില്ല. സംഭവത്തിൽ കൂടുതൽ പ്രതികൾ ഇല്ല. അടുത്ത ജംക്ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് അല്ലിയോറയിലെത്തിയപ്പോൾ മൂത്രശങ്ക തീർക്കാനെന്ന് പറഞ്ഞ് ബൈക്ക് നിർത്തിയ മുജീബ് കൂടെയിറങ്ങിയ അനുവിനെ തോട്ടിലേക്ക് തള്ളിയിട്ടു. കൂടെ ചാടിയ മുജീബ് അനുവിന്റെ ആഭരണങ്ങൾ കവരാനുള്ള ശ്രമം നടത്തി. ചെറുക്കാൻ ശ്രമിച്ച അനുവിന്റെ തല പ്രതി തോട്ടിൽ ചവിട്ടിത്താഴ്‌ത്തുകയായിരുന്നു.