- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുജീബ് റഹ്മാനുമായി തെളിവെടുപ്പിന് എത്തിയപ്പോൾ അസഭ്യവർഷവുമായി നാട്ടുകാർ
കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ അനുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്മാനുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ ജനരോഷം അണപൊട്ടി. യുവതിയെ അരുംകൊല ചെയ്ത സ്ഥലത്താണ് പ്രതിയുമായി പൊലീസ് എത്തിയത്. കൊലപാതകം നടന്ന വാളൂർ നൊച്ചാട് പി.എച്ച്.സിക്ക് സമീപത്തെ തോട്ടിനരികിൽ പ്രതിയെ എത്തിച്ചാണ് പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.
അതേസമയം, തെളിവെടുപ്പിനിടെ പ്രതിക്കെതിരേ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് വൻജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ മുതൽ തന്നെ സ്ഥലത്ത് ആളുകൾ എത്തിയിരുന്നു. പ്രതിക്കെതിരേ പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പായതോടെ തെളിവെടുപ്പുമായി സഹകരിക്കണമെന്ന് പൊലീസും ജനപ്രതിനിധികളും നാട്ടുകാരോട് അഭ്യർത്ഥിച്ചു.
എന്നാൽ, മുജീബ്റഹ്മാനുമായി പൊലീസ് സംഘം സ്ഥലത്തെത്തിയോടെ ജനരോഷം അണപൊട്ടി ആകെ നിയന്ത്രണം വിടുന്ന അവസ്ഥയായി. അരുംകൊല നടത്തിയ പ്രതിക്കെതിരെ അസഭ്യവർഷവും നടത്തി. ആക്രോശിച്ചു പാഞ്ഞടുന്ന നാട്ടുകാരെ അടക്കി നിർത്താൻ പൊലീസിനും നന്നേ പാടുപെടേണ്ടി വന്നു. എത്രയും വേഗം പണിപ്പെട്ടാണ് പ്രതിയെ പൊലീസ് ബസ്സിൽനിന്ന് പുറത്തിറക്കാനായത്. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി പൊലീസ് സംഘം അതിവേഗം മടങ്ങുകയായിരുന്നു.
കൊലപാതകം നടന്ന തോടിന് സമീപത്തേക്ക് പ്രതിയെ കൊണ്ടുവന്ന് ഇവിടെവച്ചല്ലേ കൃത്യം നടത്തിയതെന്നായിരുന്നു പൊലീസിന്റെ ചോദ്യം. പ്രതി മുജീബ്റഹ്മാൻ അതെ എന്ന് മറുപടിയും നൽകി. പിന്നാലെ പ്രതിയെ പൊലീസ് സംഘം തിരികെ വാഹനത്തിൽ കയറ്റി. തടിച്ചുകൂടിയ ജനങ്ങൾ ഇതിനിടെ പ്രതിക്ക് നേരേ തിരിഞ്ഞതോടെ പ്രതിയുമായി മടങ്ങാനും ഏറെ സമയമെടുത്തു. പ്രതിയെ കയറ്റിയ പൊലീസ് ബസ്സിന് നേരേ കല്ലേറുമുണ്ടായി.
മാർച്ച് 11-ന് രാവിലെ വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തെ തോട്ടിൽവച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ആശുപത്രിയിൽ പോകാൻ സ്വന്തംവീട്ടിൽനിന്ന് അനു കാൽനടയായി മുളിയങ്ങലിലേക്ക് പോകുന്ന വഴിയിലായിരുന്നു കൊലപാതകം. ഇരിങ്ങണ്ണൂരിൽനിന്ന് ആശുപത്രിയിൽ പോകാനായി കാറിൽ വരുകയായിരുന്നു ഭർത്താവ് പ്രജിൽ. ഈ വാഹനത്തിൽ കയറാനാണ് പ്രജിൽ അനുവിനോട് പറഞ്ഞിരുന്നത്. ഇതിനായി നടക്കുന്നതിനിടയിൽ ഈവഴിയിലൂടെ മുജീബ് റഹ്മാൻ ബൈക്കിലെത്തിയത്.
അനു ഭർത്താവിനോട് വേഗത്തിലെത്താമെന്ന് ഫോണിൽ പറഞ്ഞത് പ്രതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ മുളിയങ്ങലിൽ ഇറക്കാമെന്നുപറഞ്ഞ് യുവതിയെ ബൈക്കിന്റെ പിന്നിൽ കയറ്റി. തോടിന്റെ പാലത്തിനടുത്തെത്തിയപ്പോൾ മൂത്രമൊഴിക്കാനെന്നപേരിൽ നിർത്തി. ഇരുവരും ഇറങ്ങിയ സമയത്ത് യുവതിയെ തോട്ടിലേക്ക് പിന്നിൽനിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽത്തന്നെ ബോധം പോയതുപോലെയായ അനുവിനെ വെള്ളത്തിൽ ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന്, യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ എല്ലാം കൈക്കലാക്കുകയും പാലത്തിന് അടിവശത്തേക്ക് മാറ്റിയിട്ട് സ്ഥലംവിടുകയും ചെയ്തു.