അടൂർ: കാർ ലോറിയിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട കാർ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പ്. വ്യാഴാഴ്ച രാത്രി 10.45-നാണ് തുമ്പമൺ നോർത്ത് ഹൈസ്‌കൂളിലെ അദ്ധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിംവില്ലയിൽ മുഹമ്മദ് ഹാഷിം(31) എന്നിവർ സഞ്ചരിച്ച കാർ ലോറിയിലിടിച്ച് ഇരുവരും മരിച്ചത്.

പഴയ അടൂർ രജിസ്‌ട്രേഷനിലുള്ള കാറാണിത്. എയർ ബാഗോ, ആധുനിക സംവിധാനങ്ങളോ വാഹനത്തിൽ ഇല്ല. അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന. വാഹനം സംബന്ധിച്ച കാര്യങ്ങൾക്കും മറ്റും ഇവർ സമ്പർക്കം പുലർത്തിയിരുന്നു. സ്‌കൂൾ വിനോദ യാത്ര കഴിഞ്ഞു വന്ന അദ്ധ്യാപികയെ ഹാഷിം നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. സഹോദരൻ എന്ന് പറഞ്ഞാണ് ബസിൽ നിന്നും പോയത്. ഇതിൽ അദ്ധ്യാപകർക്ക് സംശയം തോന്നി. പൊലീസിൽ പരാതിയും നൽകി. വീട്ടുകാരേയും അറിയിച്ചു. ഇതിനിടെയാണ് അപകട വാർത്ത എത്തിയത്.

വിനോദയാത്രയിൽ അനുജ ഒരുതരത്തിലുമുള്ള അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നില്ലെന്ന് സഹപ്രവർത്തകർ. കൊട്ടാരക്കര എത്തുംമുമ്പ് ഭക്ഷണംകഴിക്കാൻ കയറിയപ്പോൾ അനുജയ്ക്ക് ഒരു ഫോൺകോൾ വന്നിരുന്നു. എന്നാലിത് വീട്ടിൽനിന്നായിരുന്നു എന്നാണ് മറ്റ് അദ്ധ്യാപകരോടു പറഞ്ഞത്. ഈ ഹോട്ടലിൽ മുക്കാൽ മണിക്കൂർ ചെലവഴിച്ചശേഷമാണ് അടൂരിലേക്ക് അദ്ധ്യാപകസംഘം യാത്രതിരിച്ചത്.

അമിതവേഗത്തിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും ലോറിയിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്റെ ആക്കം കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്ന് പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. അപകടത്തിന് കുറച്ചുമുമ്പ് ഈ കാറിന്റെ ഇടതുവശത്തെ ഡോർ മൂന്നുതവണ തുറന്നെന്നും ഒരു കാൽ വെളിയിലേക്ക് കണ്ടുവെന്നും ചിലർ മൊഴിനൽകിയിട്ടുണ്ട്.

കാറിൽ പിടിവലി നടന്നിരിക്കാമെന്നും ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പായപ്പോൾ അനുജ രക്ഷപ്പെടാൻ വാതിൽ തുറന്നതാകാമെന്നുമാണ് സംശയിക്കുന്നത്. അനുജയും ഹാഷിമും ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്തെന്നും വിവരമുണ്ട്. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരികെ വരുമ്പോഴാണ് അനുജയെ ഹാഷിം കാറിൽ കയറ്റിയത്. അദ്ധ്യാപകർ സഞ്ചരിച്ചിരുന്ന ബസിന് മുന്നിൽ കയറ്റി നിറുത്തിയ കാറിൽ നിന്നിറങ്ങിയ ഹാഷിം വിളിച്ചപ്പോൾ സഹോദരൻ വിഷ്ണു ആണെന്നുപറഞ്ഞാണ് അനുജ കാറിൽ ഒപ്പം കയറിയത്.

എന്നാൽ ആദ്യം ഹാഷിം വിളിച്ചപ്പോൾ അനുജ ബസിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. അനുജയുമായി കാർ അമിതവേഗത്തിൽ പാഞ്ഞപ്പോൾ മറ്റ് അദ്ധ്യാപകർക്ക് സംശയമായി. അവർ കാറിനെ പിന്തുടർന്നെങ്കിലും ഒപ്പമെത്താൽ കഴിഞ്ഞില്ല. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ അനുജ കരയുകയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ അനുജ അദ്ധ്യാപകരെ തിരികെ വിളിച്ച് താൻ സുരക്ഷിതയാണെന്ന് അറിയിച്ചു. സംശയം ഒഴിയാത്തതിനാൽ ചില അദ്ധ്യാപകർ അനുജയുടെ വീട്ടിൽ വിളിച്ച് അനുജൻ കൂട്ടിക്കൊണ്ടുപോയി എന്ന് അറിയിച്ചു.

അങ്ങനെയൊരു സഹോദരൻ അനുജയ്ക്ക് ഇല്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ പരാതി നൽകാനായി മറ്റ് അദ്ധ്യാപകർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് വാഹനാപകടം ഉണ്ടായെന്നും ഒരു പുരുഷനും സ്ത്രീയും മരിച്ചെന്നുമുള്ള വാർത്ത അറിഞ്ഞത്. നിമിഷങ്ങൾക്കുള്ളിൽ അത് അനൂജയും ഹാഷിമുമാണെന്ന് വ്യക്തമാകുകയും ചെയ്തു.