- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔട്ട് ലെറ്റ് ഉദ്ഘാടനത്തിനെത്തിയത് മുൻ മന്ത്രിമാരും എംഎൽഎമാരും സിനിമാതാരങ്ങളും; ആൻവി ഫ്രഷ് മത്സ്യമാംസ ഔട്ട്ലെറ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത വിപിൻ ഒളിവിൽ; നിക്ഷേപകർ സംഘടിച്ചപ്പോൾ കള്ളത്തരം പൊളിഞ്ഞു; പണം നഷ്ടമായവരിൽ പ്രവാസികൾ മുതൽ റിട്ടയേർഡ് പൊലീസുകാർ വരെ; ഒടുവിൽ തടിതപ്പാൻ ജീവനക്കാർക്കെതിരെ പരാതി നൽകാൻ നീക്കവുമായി ഉടമ
കോട്ടയം: മത്സ്യ മാംസ സൂപ്പർമാർക്കറ്റിന് ഫ്രാഞ്ചൈസി നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ ആൻവി ഫ്രഷ് ഉടമയുടെ കഥ മറുനാടൻ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഉടമയായ വിപിൻ ഇപ്പോൾ, എറണാകുളം ഓഫീസിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെ പരാതി നൽകാൻ നീക്കം നടത്തുകയാണ്. ഓഫീസിൽ നിന്നും പണം, ഫയലുകൾ, എഗ്രിമെന്റ് ഉപകരണങ്ങൾ എന്നിവ മോഷ്ടിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തോളമായി ഇവിടെ ജോലി ചെയ്തിരുന്ന പലർക്കും ശമ്പളം നൽകിയിരുന്നില്ല. നിക്ഷേപം നടത്തിയ മുപ്പതോളം പേർ ചേർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിനു ശേഷം ആൻവി ഫ്രഷ് ഉടമ തിരുവനന്തപുരം ബാലരാമപുരം സ്വദേശി വിപിൻ (38) ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെപ്പറ്റി അന്വേഷിച്ചു വരുന്നതായി സെൻട്രൽ സ്റ്റേഷൻ എസ്. എച്ച്. ഒ. പറഞ്ഞു.
ആൻവി ഫ്രഷ് എന്ന പേരിൽ തുടങ്ങിയ ഔട്ട്ലെറ്റുകളിലെ ഡെലിവറി സെക്ഷൻ ഉദ്ഘാടനം ചെയ്തിരിക്കുന്നത് എം. പിയും എംഎൽഎമാരും സിനിമാ താരങ്ങളുമൊക്കെയാണ്. ഇവരുടെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ജനങ്ങളെ ആകർഷിക്കുന്നതിനും വിശ്വാസം നേടിയെടുക്കുന്നതിനും ഇതു കാരണമായി.
പണം നൽകിയ പലർക്കും ഫ്രാഞ്ചൈസി നടപടികൾ ആരംഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്നറിയുന്നത്. എറണാകുളത്തുള്ള ഓഫീസിന് മുൻപിൽ ഇന്നും നിക്ഷേപകർ എത്തിയിരുന്നു. എന്നാൽ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇതിനിടയിൽ വിപിന്റെ പേരിൽ നിക്ഷേപകർക്ക് വിശദീകരണം എഴുതി വാട്സാപ്പ് വഴി അയച്ചു കൊടുത്തിട്ടുണ്ട്. കമ്പനിക്കൊപ്പം നിൽക്കണമെന്നും പണം ആവശ്യമുള്ളവർക്ക് അത് നൽകുമെന്നും അല്ലെങ്കിൽ ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ സഹകരിക്കണമെന്നുമാണ് വിശദീകരണം. ബിസിനസ് ആവശ്യത്തിനായി താൻ കേരളത്തിന് പുറത്തായിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ പരാതി നൽകിയാൽ താൻ ജയിലിൽ കഴിയും അതിനാൽ തനിക്ക് പണം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും വിശദീകരണത്തിൽ പറയുന്നു.
സംസ്ഥാനത്ത് പലയിടങ്ങളിലായി അറുപതോളം ഔട്ട്ലെറ്റുകൾ ആരംഭിച്ചു. സ്ഥലം എംഎൽഎമാരാണ് ഡെലിവറി ആപ്പിന്റെയും സ്റ്റോറിന്റെയും ഉദ്ഘാടനത്തിനെത്തിയത്. രാജാക്കാട് മുൻ മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്തിരുന്നു. കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, യു. പ്രതിഭ, സിനിമാതാരം ബിനീഷ് ബാസ്റ്റിൻ എന്നിവരും ഔട്ട്ലെറ്റുകൾ ഉദ്ഘാടനം ചെയ്ത്. ആദ്യം മികച്ച പ്രതികരണമാണ് ഷോപ്പുകൾക്ക് ലഭിച്ചത്. പിന്നീട് സ്റ്റോക്ക് ലഭിക്കാതെ വന്നതോടെ പലരും പ്രതിസന്ധിയിലായി. ആദ്യ മാസങ്ങളിൽ നിക്ഷേപകരെ വിശ്വസിപ്പിക്കുന്ന തരത്തിൽ ദിവസേന 5000 രൂപ വീതം നൽകിയിരുന്നു. അതിനു ശേഷം സ്റ്റോക്ക് കുറഞ്ഞു വന്നു. അതോടെ കട നടത്തി കൊണ്ടു പോകാൻ കഴിയാതെ പലരും പ്രതിസന്ധിയിലായി. പിന്നീട് സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാതെ വന്നതോടെ വിവരം വിപിനെ ധരിപ്പിച്ചു. എന്നാൽ ഉടൻ ശരിയാക്കാമെന്നായിരുന്നു മറുപടി. കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് നിക്ഷേപകർ സംഘടിച്ച് പരാതി നൽകിയത്.
പുതിയ ഔട്ട്ലെറ്റ് തുടങ്ങുന്നതിനായി നിരവധി പേരിൽ നിന്നും 15 ലക്ഷം രൂപ വീതം വാങ്ങി. ഒരു മാസം കൊണ്ട് ഔട്ട്ലെറ്റ് തുടങ്ങുമെന്നാണ് അറിയിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാതെ വന്നതോടെ പലരും പ്രതിഷേധവുമായെത്തി. അതിനിടയിൽ ആദ്യം തുടങ്ങിയ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് പണം മുടക്കിയവർ അറിഞ്ഞു. അതോടെ ചിലർ ബഹളം ഉണ്ടാക്കി പണം തിരികെ വാങ്ങി. ഇനിയും പണം ലഭിക്കാനുണ്ട്. 15 വർഷം ഗൾഫിൽ ജോലി ചെയ്ത് കോവിഡിനെ തുടർന്ന് ജോലി നഷ്ടമായെത്തിയ ആൾ തങ്ങളുടെ സമ്പാദ്യം മുഴുവൻ പുതിയ സംരംഭത്തിനായി പ്രതീക്ഷയോടെ മുടക്കി. ഇപ്പോൾ അത് തിരികെ ലഭിക്കുന്നതിനായി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പണം നിക്ഷേപിച്ച പലരും ഇപ്പോൾ കടബാധയതയിലാണ്. നാണക്കേട് കൊണ്ട് പലരും പുറത്ത് പറയുന്നില്ല.
എറണാകുളം ഓഫീസിൽ 90 ഓളം സ്റ്റാഫുകളാണുണ്ടായിരുന്നത്. അവരിൽ ഭൂരിഭാഗത്തിനും ശമ്പള കുടിശികയാണ്. സോഷ്യൽ മീഡിയ വഴി പരസ്യം നൽകിയാണ് ഇയാൾ ആളുകളെ കബളിപ്പിച്ചത്. 2021 നവംബർ മാസത്തിൽ മത്സ്യം മാംസ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് ഡെലിവറി ആപ്പ് തുടങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപയുടെ ഫ്രാഞ്ചൈസി ആണ് സ്വീകരിച്ചിരുന്നത്. ആളുകൾ കെണിയിൽ വിഴുമെന്ന് ഉറപ്പിച്ചതോടെ ഔട്ട്ലെറ്റ് തുടങ്ങുമെന്ന് അറിയിച്ച് നിക്ഷേപം സ്വീകരിച്ചു. അതിനായി 15 ലക്ഷം രൂപ വരെയാണ് പലരിൽ നിന്നും സ്വീകരിച്ചത്. ദിവസേന 5000 രൂപ വരുമാനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിൽ ആളുകൾ അകൃഷ്ടരാകുമ്പോൾ പല തവണ വിളിച്ച് വിശ്വസിപ്പിച്ച് പണം കൈക്കലാക്കി. അറുപതോളം സ്ഥാപനങ്ങൾ ആൻവി ഫ്രഷ് എന്ന പേരിൽ തുടങ്ങിയിരുന്നു. ഇവയിൽ ചിലത് കേടുപാടുകൾ വന്ന മത്സ്യ മാംസങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചു നൽകിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടിച്ചു. ബാക്കിയുള്ള ഔട്ട്ലെറ്റുകൾ തുടർന്ന് സ്റ്റോക്ക് ലഭിക്കാതെ വന്നതോടെ നിർത്തലാക്കി. 148 ഓളം പേർ ഇയാളുടെ തട്ടിപ്പിനിരയായി.
മാർച്ചിന് മുൻപ് വരെ ഫ്രാഞ്ചൈസിക്കായി എത്തിയവരിൽ നിന്നും പത്ത് ലക്ഷം വാങ്ങി. പിന്നീട് എത്തിയവരിൽ നിന്നും 15 ലക്ഷം വീതമാണ് വാങ്ങിയത്. തുടക്കത്തിൽ പണം നൽകിയ ചിലർക്ക് സൂപ്പർ മാർക്കറ്റുകൾ സജ്ജമാക്കിയിരുന്നു. 400 ദിവസം കഴിഞ്ഞാൽ ലാഭത്തിന്റെ നേർ പകുതിയായിരുന്നു വാഗ്ദാനം. പണം മുടക്കിയാൽ സൂപ്പർമാർക്കറ്റ് ആരംഭിച്ച് ലൈസൻസ് എടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പനി ചെയ്യുമെന്ന് നിക്ഷേപകരെ ധരിപ്പിച്ചു. ഇതിനിടയിൽ ആൻവി ഗോ എന്ന പേരിൽ 25000 രൂപ മുതൽ മുടക്കിൽ മാസം തോറും 5000 രൂപ വരെ വരുമാനം നേടാമെന്ന് ഫേസ്‌ബുക്കിൽ പരസ്യം നൽകി. അങ്ങനെയും പലരുടെയും പണം പോയി.
കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്നവരുടെ മുൻപിൽ നൂതന ബിസിനസ് ആശയം പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ചിലർ ആധാരവും സ്വർണവുമൊക്കെ പണയം വച്ച് പണം നിക്ഷേപിച്ചിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മുപ്പതോളം പേർ പരാതി നൽകി. ശമ്പളം നൽകാത്തതിന്റെ പേരിൽ ചില ഓഫീസ് ജീവനക്കാരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.